Connect with us

National

യു പി, ഉത്തരാഖണ്ഡ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 90 ആയി, നിരവധി പേര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിഷമദ്യ ദുരന്തത്തില്‍ യു പിയിലും ഉത്തരാഖണ്ഡിലുമായി മരിച്ചവരുടെ എണ്ണം 90 ആയി. യു പിയിലെ ഷഹരന്‍പൂരില്‍ 36, മീറ്ററ്റില്‍ 18, കുശിനഗറില്‍ 10 എന്നിങ്ങനെയാണ് മരിച്ചത്. അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ ഹരിദ്വാറിലും റൂര്‍ക്കി മേഖലയിലുമായി 26 പേരും മരിച്ചു. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

വ്യാജ മദ്യ വില്‍പനയുമായി ബന്ധപ്പെട്ട 30 പേരെ ഷഹരന്‍പൂരില്‍ നിന്നു മാത്രമായി പോലീസ് അറസ്റ്റു ചെയ്തു. ഇവിടെ മൂന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ടു കോണ്‍സ്റ്റബിള്‍മാരെയും സീനിയര്‍ പോലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. കുശിനഗറില്‍ എസ് എച്ച ഒ. തര്യാസുജനെയും എക്‌സൈസ് ഇന്‍സ്‌പെക്ടറെയും ജില്ലാ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതവും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000ഉം രൂപ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. ഷഹരന്‍പൂരിലെയും കുശിനഗറിലെയും ജില്ലാ എക്‌സൈസ് ഓഫീസര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും എക്‌സൈസും പോലീസുദ്യോഗസ്ഥരും ചേര്‍ന്ന് 15 ദിവസം കൊണ്ട് വ്യാജമദ്യ വ്യാപാരത്തില്‍ ഏര്‍പ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.