സവര്‍ക്കറിന്റെ ആശയങ്ങളെ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: വെങ്കിടേഷ് രാമകൃഷ്ണന്‍

Posted on: February 10, 2019 11:43 am | Last updated: February 10, 2019 at 12:01 pm
നീലഗിരിയില്‍ നടക്കുന്ന എസ് എസ് എഫ് പ്രൊഫ്സമ്മിറ്റില്‍ വെങ്കടേശ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

നീലഗരി: രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ സവര്‍ക്കറിന്റെ ഹിന്ദുത്വ അജണ്ടകളുമായി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നീലഗിരിയില്‍ നടക്കുന്ന പന്ത്രണ്ടാമത് എസ്എസ്എഫ് ദേശീയ പ്രൊഫ്സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളുടേയും ഏറ്റവും നല്ല ആശയതലങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ ഒരു പ്രത്യയശാസ്ത്രത്തെ മാത്രം ഭരണഘടനയുടെ ആശയമാക്കി വ്യാഖ്യാനിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. പൗരന്റെ മേല്‍ നടക്കുന്ന നിരന്തരമായ കടന്നുകയറ്റങ്ങളും രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ജനിക്കുക എന്നതാണ് പൗരത്വത്തെ നിര്‍ണയിക്കുന്ന ഘടകം; വിശ്വാസപരമായി ഇവിടുത്തെ ആശയങ്ങള്‍ മാത്രം സ്വീകരിക്കാനാവുക എന്നതല്ല. പ്രത്യക്ഷമായും പരോക്ഷമായും പാര്‍ശ്വവത്കരിക്കപ്പെടാന്‍ അനുവദിച്ചുകൊടുക്കില്ലെന്ന് പറയാന്‍ ഓരോരുത്തര്‍ക്കും കഴിയണം.

വെങ്കിടേഷ് രാമകൃഷ്ണന്‍

ധാര്‍മിക സദാചാര സങ്കല്‍പ്പങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മൂല്യങ്ങളെ കൃത്യയമായി നിര്‍ണയിച്ചുകൊണ്ടും ഇത്തരം സംഗമങ്ങള്‍ ഒരുക്കുന്നത് എന്തുകൊണ്ടും പ്രതീക്ഷാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സികെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം രാജീവ് ശങ്കരന്‍, കോളമിസ്റ്റ് കെ സി സുബിന്‍, എസ് എസ് എഫ് ദേശീയ അദ്ധ്യക്ഷന്‍ ഷൗക്കത്ത് നഈമി കശ്മീര്‍, രിസാല എക്സിക്യുട്ടീവ് എഡിറ്റര്‍ എന്‍ എം സ്വാദിഖ് സഖാഫി, ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് എസ് എസ് എഫ് ദേശീയ കാമ്പസ് സെക്രട്ടറി സയ്യിദ് സാജിദലി എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അഷ്ഹര്‍ സ്വാഗതവും സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ നന്ദിയും പറഞ്ഞു.