കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

Posted on: February 9, 2019 9:48 am | Last updated: February 9, 2019 at 12:16 pm

ന്യൂഡല്‍ഹി: ശാരദ ചി്ട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്നും കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ നേരത്തെ നടത്തിയ ശ്രമം കേന്ദ്ര സര്‍ക്കാറും ബംഗാള്‍ സര്‍ക്കാറും തമ്മിലുള്ള പോരിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് സിബിഐയുടെ ഹരജിയില്‍ പ്രശ്‌നത്തിലിടപെട്ട സുപ്രീം കോടതി രാജീവ് കുമാറിനെ ഷില്ലോങ്ങിലെ ഓഫീസില്‍വെച്ച് ചോദ്യം ചെയ്യാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാജീവ് കുമാര്‍ ഇന്ന് ഷില്ലോങ്ങിലെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചില രേഖകള്‍ കാണാതായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്താല്‍ അറിയാന്‍ കഴിയുമെന്നാണ് സിബിഐയുടെ വാദം. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇതിന് മുമ്പും നിരവധി തവണ രാജീവ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.