രോഹിത് കസറി; വെല്ലിംഗ്ടണ്‍ തോല്‍വിക്ക് ഓക്‌ലാന്‍ഡില്‍ മറുപടി

Posted on: February 8, 2019 2:53 pm | Last updated: February 8, 2019 at 5:47 pm

ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് മുന്നോട്ടുവെച്ച 159 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. 29 പന്തില്‍ നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ അന്‍പത് റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 28 പന്തില്‍ 4 ബൗണ്ടറികളും ഒരു സിക്‌സും പറത്തി 40 റണ്‍സെടുത്ത പന്തും 17 പന്തില്‍ 20 റണ്‍സെടുത്ത ധോണിയും പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ 30ഉം വിജയ് ശങ്കര്‍ 14ഉം റണ്‍സെടുത്തു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1ന് സമനിലയിലായി. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 80 റണ്‍സ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 28 പന്തില്‍ 50 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്റ്‌ഹോം ആണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഗ്രാന്റ്‌ഹോം ഒരു ഫോറും നാല് സിക്‌സും പറത്തി. റോസ് ടെയ്‌ലര്‍ 42 റണ്‍സ് നേടി.

കിവീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 50 റണ്‍സ് എടുക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചാം വിക്കറ്റില്‍ ടെയ്‌ലര്‍-ഗ്രാന്റ്‌ഹോം സഖ്യം നേടിയ 77 റണ്‍സാണ് കിവീസിനെ മുന്നോട്ട് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.