Connect with us

Kerala

പികെ ഫിറോസ് കുരുക്കില്‍; വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ അന്വേഷണം വരുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് പി കെ ഫിറോസ് പുറത്തുവിട്ടത് വ്യാജരേഖയാണെന്നാരോപിച്ച് ജെയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലിലാണ് അന്വേഷണം. എംഎല്‍എയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. ഫിറോസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനൊപ്പം നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസും നല്‍കിയിരുന്നു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് പി കെ ഫിറോസ് പുറത്തുവിട്ടത് വ്യാജരേഖയാണെന്നാരോപിച്ചാണ് പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു ശ്രമമെന്നും ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും ജയിംസ് മാത്യു ആരോപിച്ചിരുന്നു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ സി എസ് നീലകണ്ഠന് നിയമനം നല്‍കിയതിനെതിരെ ജെയിംസ് മാത്യു മന്ത്രി എ സി മൊയ്തീന് അയച്ച കത്ത് എന്ന നിലക്കാണ് പി കെ ഫിറോസ് കത്ത് പുറത്ത് വിട്ടത്.
നീലകണ്ഠന്റെ അനധികൃത നിയമനം ചൂണ്ടിക്കാട്ടി ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെ ടി ജലീല്‍, സി പി എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ഫിറോസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം എല്‍ എയുടേതെന്ന നിലയില്‍ യൂത്ത് ലീഗ് കത്ത് പുറത്തുവിട്ടത്.

ഫിറോസിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ജെയിംസ് മാത്യു വ്യക്തമാക്കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ഡയറക്ടര്‍ നടത്തിയ നിയമനങ്ങള്‍ ചൂണ്ടി കാട്ടി ഒമ്പത് പേജുള്ള കത്താണ് നല്‍കിയതെന്ന് ജെയിംസ് മാത്യു പറയുന്നു.
ആ കത്തില്‍ ആരുടെയും പേര് ഉണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയത്.
സ്ഥാപനത്തിലെ സംഘടനാ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവന്നത്. തന്റെ കത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയാണെന്നും ജയിംസ് മാത്യു പറയുന്നു.
നിലവിലെ സാമ്പത്തികസ്ഥിതിയില്‍ സ്ഥാപനത്തില്‍ പുതിയ നിയമനങ്ങള്‍ വേണ്ടെന്നാണ് തന്റെ അഭിപ്രായം. അതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തദ്ദേശ മന്ത്രിക്ക് കത്ത് നല്‍കിയത്.

താന്‍ കത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്നാണ് പി കെ ഫിറോസിന്റെ വാദം. ധൈര്യമുണ്ടെങ്കില്‍ തദ്ദേശ മന്ത്രിക്ക് നല്‍കിയ കത്ത് പൂര്‍ണമായി ജെയിംസ് മാത്യു പുറത്തുവിടണം. പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദം മൂലമാണിപ്പോള്‍ ജയിംസ് മാത്യു കത്തിലെ ഉള്ളടക്കം നിഷേധിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു.

---- facebook comment plugin here -----

Latest