റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; നിര്‍ണായക തെളിവുകള്‍ പുറത്ത്

Posted on: February 8, 2019 10:38 am | Last updated: February 8, 2019 at 2:54 pm

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ പ്രതിരോധ മന്ത്രാലയം വിയോജിപ്പറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. സമാന്തര വിലപേശല്‍ ശ്രമത്തിന് ഉദ്യോഗസ്ഥര്‍ എതിര്‍പ്പറിയിച്ചിരുന്നതായി ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയിലാണ് കുറിപ്പ് തയ്യാറാക്കിയത്.

പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ സംഘത്തിന്റെയും നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടല്‍. പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്നായിരുന്നു ജി മോഹന്‍ കുമാറിന്റെ കുറിപ്പ്.

എന്നാല്‍, കുറിപ്പ് ഏത് സാഹചര്യത്തിലാണ് എഴുതിയതെന്ന് ഓര്‍ത്തെടുക്കാനാകില്ലെന്നാണ് ജി മോഹന്‍ കുമാര്‍ പിന്നീട് പ്രതികരിച്ചു. എന്നാല്‍, കുറിപ്പ് എഴുതിയത് താന്‍ തന്നെയാണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.