Connect with us

Articles

ന്യായാസനത്തിന്റെ സാമാന്യ യുക്തികള്‍

Published

|

Last Updated

ഏകാധിപത്യത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തോടും അതിന്റെ തുടര്‍ച്ച ലക്ഷ്യമിടുന്ന സംഘ്പരിവാരത്തോടുമുള്ള പോരിന്റെ തുടര്‍ച്ചയാണ് കൊല്‍ക്കത്തയിലെ തെരുവിലും പരമോന്നത നീതിപീഠത്തിന്റെ മുന്നിലും അരങ്ങേറുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പോരല്ല. പോരിനായി കേന്ദ്ര ഭരണകൂടം ഇപ്പോഴുപയോഗിക്കുന്ന ശാരദ ചിട്ടി ഫണ്ട് തട്ടിപ്പും റോസ് വാലി റിയല്‍ എസ്റ്റേറ്റ് തട്ടിപ്പും മുന്‍ കാലങ്ങളിലും രാഷ്ട്രീയ ആയുധമായി പ്രയോഗിക്കാന്‍ ശ്രമം നടന്നിരുന്നു. രണ്ട് കേസിലും മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കളുടെ പങ്ക് സംബന്ധിച്ച് ആരോപണങ്ങളുണ്ടായിരുന്നു. ശാരദാ ചിട്ടി ഫണ്ട് കേസില്‍ തൃണമൂല്‍ നേതാക്കളും ലോക്‌സഭാംഗങ്ങളുമായ കുനാല്‍ ഘോഷ്, തപസ് പാല്‍, സുദീപ് ബന്ദോപാധ്യായ എന്നിവരും ബംഗാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന മദന്‍ മിത്രയും അറസ്റ്റിലായിരുന്നു. തട്ടിപ്പുകേസില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടന്നാല്‍ അത് തൃണമൂല്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന സ്ഥിതി നിലനില്‍ക്കുന്നുവെന്ന് ചുരുക്കം. ഈ നേതാക്കളില്‍ പലര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിക്കുന്നതും അറസ്റ്റുണ്ടാകുന്നതും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് അല്‍പ്പം മുമ്പായിരുന്നു. അന്ന്, തീവ്രമായ പ്രതികരണത്തിന് തയ്യാറാകാതിരുന്ന മമതാ ബാനര്‍ജി, കേസിലെ ആദ്യ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായ കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യംചെയ്യാന്‍ സി ബി ഐ എത്തുമ്പോള്‍ രാജ്യത്തെ തന്നെ ഞെട്ടിക്കും വിധത്തിലുള്ള നടപടികള്‍ക്ക് മുതിര്‍ന്നു എന്നതാണ്, ഇപ്പോഴത്തെ പോരില്‍ രാഷ്ട്രീയം എത്രമാത്രം അധികരിച്ചു നില്‍ക്കുന്നുവെന്നതിന് തെളിവ്. അതുകൊണ്ടാണ് ഏകാധിപത്യത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള പോരിന്റെ തുടര്‍ച്ചയായി ഇതിനെ കാണേണ്ടിവരുന്നതും.

പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമം 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ നരേന്ദ്ര മോദി നടത്തിയിരുന്നു. ലോക്‌സഭയിലേക്ക് കൂടുതല്‍ പ്രതിനിധികളെ അയക്കാനായില്ലെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ബി ജെ പിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണം ഗണ്യമായി കൂടിയത് ആ ശ്രമത്തിന്റെ ഫലമായിരുന്നു. ബംഗാളിനോട് ചേര്‍ന്നുകിടക്കുന്ന ത്രിപുരയില്‍, അധികാരം പിടിക്കാനുള്ള ശ്രമം ബി ജെ പി തുടങ്ങിയത് കോണ്‍ഗ്രസില്‍ തുടങ്ങി തൃണമൂലിലേക്ക് ചേരി മാറിയ നേതാക്കളെ കൂട്ടത്തോടെ വാങ്ങിക്കൊണ്ടായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്ന് കൂടുതല്‍ പ്രതിനിധികളെ ലോക്‌സഭയിലേക്ക് എത്തിക്കുക എന്നതാണ് ബി ജെ പിയുടെ തന്ത്രം. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഉണ്ടാകാനിടയുള്ള നഷ്ടം ഒരു പരിധിവരെ പരിഹരിക്കാന്‍ ബംഗാളിന്റെ മണ്ണ് സഹായിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. വിളവ് വര്‍ധിപ്പിക്കാന്‍ പാകത്തിലുള്ള മണ്ണൊരുക്കുന്നതിന് മറ്റെല്ലായിടത്തെയും പോലെ തീവ്ര വര്‍ഗീയതയുടെ വളമിറക്കാനാണ് ബി ജെ പി നേതൃത്വം കോപ്പുകൂട്ടുന്നത്. തൃണമൂലിന് മുസ്‌ലിംകള്‍ നല്‍കുന്ന ശക്തമായ പിന്തുണയില്‍ ഊന്നി, ഹൈന്ദവ വികാരം ആളിക്കത്തിക്കുക എന്നതാണ് പ്രധാന തന്ത്രം. മമതയെ പിന്തുണക്കുന്ന മുസ്‌ലിംകളില്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവര്‍ ധാരാളമുണ്ടെന്നും അവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നത്, മമതയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ മറ്റൊരു മുഖമാണെന്നും അതുവഴി രാജ്യത്തെ വഞ്ചിക്കുകയാണെന്നും സംഘടിതമായി പ്രചരിപ്പിക്കുന്നുണ്ട് ബി ജെ പി നേതൃത്വം.

ഇത് കൃത്യമായി മനസ്സിലാക്കുന്നുണ്ട് മമതാ ബാനര്‍ജി. അതുകൊണ്ടാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടത്താനിരുന്ന രഥയാത്രക്ക് അനുമതി നിഷേധിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തി രഥയാത്രക്ക് അനുമതി നിഷേധിച്ചത് ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തു. ബി ജെ പി നേതാക്കളെയും കൊണ്ട് പറന്നെത്തുന്ന ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ അനുമതി നിഷേധിച്ചും വര്‍ഗീയ ധ്രുവീകരണം മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങളെ തടയാന്‍ അവര്‍ ശ്രമിക്കുന്നു. അസാധാരണമായ നടപടികളിലൂടെ തങ്ങളുടെ പ്രചാരണ ശ്രമങ്ങളെ തടയുന്ന നേതാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാകത്തിലുള്ള ആയുധമായി ശാരദ – റോസ് വാലി തട്ടിപ്പുകളെ ഉപയോഗിക്കാനാകുമോ എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പിയുടെയും നേതൃത്വം അന്വേഷിക്കുന്നത്. ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പിന്റെ അന്വേഷണം സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് 2014ല്‍ ഏറ്റെടുത്ത സി ബി ഐ, 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അന്വേഷണം ഊര്‍ജിതമാക്കുന്നതിന് കാരണം മറ്റൊന്നല്ല. കേസ് ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സി ബി ഐ സംഘം നിയോഗിക്കപ്പെടുന്നത്, സി ബി ഐയുടെ പുതിയ മേധാവി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പാണെന്നത് ശ്രദ്ധേയമാണ്. ഇടക്കാല മേധാവി നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തിന്റെ വിശ്വസ്തന്‍ നാഗേശ്വര റാവു ചുമതല കൈമാറുന്നതിന് തൊട്ടുമുമ്പ് ഈ തീരുമാനമെടുക്കുമ്പോള്‍, പുതിയ മേധാവി വന്നാലും പിന്തിരിയാന്‍ സാധിക്കാത്ത സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, സി ബി ഐ തുടങ്ങിയ ഏജന്‍സികളെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് രാജ്യത്ത് പുതുമയല്ല. പക്ഷേ, ഇത്ര വ്യാപകമായി അതുപയോഗപ്പെടുത്തുകയും ഇത്തരം ഏജന്‍സികളൊക്കെ കേന്ദ്ര സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ബി ജെ പിയുടെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറുന്നതും ഇപ്പോഴാണ്. സംഘ് പരിവാര്‍ നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള കേസുകള്‍ അട്ടിമറിച്ചും എതിരാളികളെ ഏതുവിധേനയും കേസില്‍ കുടുക്കാന്‍ യത്‌നിച്ചുമാണ് ഈ ഏജന്‍സികളൊക്കെ മുന്നേറുന്നത്. ഇത്തരത്തില്‍ കേസില്‍ കുടുക്കാന്‍ പാകത്തിലുള്ള സാഹചര്യം എതിര്‍ പക്ഷത്തുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്നതും വസ്തുതയാണ്. മമതാ ബാനര്‍ജിയുടെ കാര്യത്തിലും അതുണ്ട്. ആ സാഹചര്യം പ്രയോജനപ്പെടുത്തി രാജീവ് കുമാറെന്ന ഐ പി എസ് ഉദ്യോഗസ്ഥനിലൂടെ മമതയിലേക്ക് എത്തുക എന്നതാണ് സി ബി ഐയുടെ ഉദ്ദേശ്യം. അല്ലെങ്കില്‍ സി ബി ഐക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ രാഷ്ട്രീയ ലക്ഷ്യം പ്രകടമാണെങ്കില്‍ കൂടി അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ വിവര ശേഖരണത്തില്‍ നിന്ന് അന്വേഷണ ഏജന്‍സിയെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. അതുകൊണ്ടാണ് രാജീവ് കുമാര്‍, സി ബി ഐ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. അതുമാത്രം മതി, മോദി – അമിത് ഷാ സഖ്യത്തിന് ലക്ഷ്യം നേടുന്നതിന്.

മമതയെ നേരിട്ട് ബന്ധിപ്പിക്കാവുന്ന വിവരങ്ങളൊന്നും രാജീവ് കുമാറില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ കൂടി, തിരഞ്ഞെടുത്ത വിവരങ്ങള്‍ (വ്യാജവുമാകാം) ആസൂത്രിതമായി ചോര്‍ത്തി നല്‍കി അവരുടെ വിശ്വാസ്യത ഇടിക്കാന്‍ പാകത്തിലുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നത് രാജ്യത്തെ മാധ്യമമേഖലയില്‍ ബി ജെ പി്ക്കുള്ള സ്വാധീനം കണക്കിലെടുക്കുമ്പോള്‍ പ്രയാസമുള്ള കാര്യമല്ല. ഇതിനെ പ്രതിരോധിക്കാന്‍ മമത നടത്തിയ നീക്കവും അതിന് വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ച പിന്തുണയും തട്ടിപ്പുകാരെ സംരക്ഷിക്കാന്‍ മെനക്കെടുന്ന കൂട്ടരെന്ന സംശയത്തിന്റെ നിഴലിലേക്ക് ഇവരെ നീക്കിനിര്‍ത്തുന്നതിന് ഉപയോഗപ്പെടുത്താനും ബി ജെ പി ശ്രമിക്കും. മമത നടത്തിയ അസാധാരണ ചെറുത്തുനില്‍പ്പും അതിന് ലഭിച്ച പിന്തുണയും വലിയ വാര്‍ത്തയാകുകയും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കുറേക്കൂടി ഉറപ്പിക്കാന്‍ വഴിവെക്കുകയും ചെയ്തുവെങ്കിലും സംഘ്പരിവാരത്തിന് അവരുടെ ആയുധത്തിന്റെ മൂര്‍ച്ച കൂട്ടാനുള്ള അവസരം കൂടി നല്‍കുന്നുണ്ട് ഇതൊക്കെ. അത്രയെളുപ്പത്തില്‍ പൊളിക്കാവുന്ന കെണികളല്ല, വിവിധ ഏജന്‍സികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാറും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും രൂപപ്പെടുത്തുന്നത് എന്ന് ചുരുക്കം.

നിയമപരവും അല്ലാത്തതുമായ അധികാര പ്രയോഗത്തിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ഭരണക്രമത്തെ ഇല്ലാതാക്കുക കൂടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ശാരദ കേസില്‍, മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള സി ബി ഐ ശ്രമം കൊല്‍ക്കത്ത ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ ബംഗാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് പരിശോധിക്കാനും അദ്ദേഹത്തെ ചോദ്യം ചെയ്യാനും, ഒരു വാറണ്ട് പോലുമില്ലാതെ, സി ബി ഐക്ക് എങ്ങനെ സാധിക്കും? അത്തരം നിയമപരമായ ബാധ്യതയൊന്നും ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്രാധികാരം കൈയാളുന്നവരുടെയും അവരുടെ പാര്‍ട്ടിയുടെയും ഇംഗിതം സാധിച്ചുകൊടുക്കുക എന്നത് മാത്രമാണ് ഉത്തരവാദിത്വമെന്നുമുള്ള നില വന്നിരിക്കുന്നു.

സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാന്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിനെ നിയോഗിക്കുമ്പോഴും ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന്, അവിടത്തെ സര്‍ക്കാറിന്റെ ആവശ്യമനുസരിച്ച് മാത്രമേ സി ആര്‍ പി എഫ് അടക്കമുള്ള സായുധ സേനകളെ വിന്യസിക്കാവൂ എന്നാണ് വ്യവസ്ഥ. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്യാന്‍ ആദായ നികുതി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സംരക്ഷണമൊരുക്കാന്‍ സി ആര്‍ പി എഫ് നിയോഗിക്കപ്പെട്ടു. തമിഴ്‌നാട്ടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ പരിശോധന നടന്നപ്പോഴും സി ആര്‍ പി എഫിനെ വിന്യസിച്ചു കേന്ദ്ര സര്‍ക്കാര്‍. ഇത്തരം നഗ്നമായ ഭരണഘടനാ ലംഘനങ്ങളിലൂടെ, സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കടന്നുകറയുകയും എതിര്‍ പക്ഷത്തു നില്‍ക്കുന്ന നേതാക്കളുടെ, അവരുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ് കേന്ദ്ര സര്‍ക്കാറും ബി ജെ പിയും ചെയ്യുന്നത്. ബംഗാളില്‍ നടന്നതും മറ്റൊന്നല്ല.

സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണവും അതിനെ മറയാക്കി സകല നിയമ വ്യവസ്ഥകളെയും മറികടന്നുള്ള രാഷ്ട്രീയ മുതലെടുപ്പും രണ്ടും രണ്ടായി തന്നെ കാണണം. അതങ്ങനെ കാണാന്‍ നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ മടിക്കുമ്പോള്‍, അന്വേഷണം മുന്നോട്ടുപോകണമെന്ന കേവല യുക്തിക്ക് പ്രാമുഖ്യം ലഭിക്കും. ഭരണഘടനാ വ്യവസ്ഥകളെ, അതിനെ ആധാരമാക്കി നിര്‍മിച്ച നിയമങ്ങളെ മാനിക്കാത്തവര്‍ക്ക് പഴുത് ലഭിക്കും വിധത്തിലുള്ള തീരുമാനങ്ങളെടുക്കുമ്പോള്‍ അത് ആത്യന്തികമായി ജനാധിപത്യ സമ്പ്രദായത്തെയാണ് അപകടത്തിലാക്കുന്നത്. അപകടത്തിലാകുന്ന ജനാധിപത്യത്തെക്കുറിച്ച്, കോടതി മുറിക്ക് പുറത്തിറങ്ങി പരസ്യമായി ആശങ്കപ്പെട്ട നാല് മുതിര്‍ന്ന ജഡ്ജിമാരിലൊരാള്‍ ഇപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണെന്നത് “സംഘ കാല”ത്തെ തമാശയാകാം.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest