മംഗലാപുരം വിമാനത്താവളത്തില്‍ അധികൃതരുടെ ക്രൂരത; യാത്രക്കാരിയുടെ പാസ്‌പോര്‍ട്ട് വലിച്ചുകീറി

Posted on: February 6, 2019 12:39 pm | Last updated: February 6, 2019 at 12:39 pm
യാത്രക്കാരിയുടെ പാസ്പോർട്ട് വലിച്ചുകീറിയ നിലയിൽ

അബുദാബി: മംഗലാപുരം അന്താരഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ ദ്രോഹിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ദുബായിലേക്ക് യാത്ര ചെയ്ത കാസര്‍ഗോഡ് കിഴൂര്‍ സ്വദേശിനിയുടെ പാസ്‌പോര്‍ട്ട് വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാര്‍ നശിപ്പിച്ചു. ഇത് ആദ്യ സംഭവമല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇവിടെ അധികൃതരുടെ ഇത്തരം ക്രൂരവിനോദങ്ങള്‍ നിത്യ സംഭവമാണത്രെ.

കഴിഞ്ഞ ദിവസം മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്ത സ്ത്രീയുടെ പാസ്‌പോര്‍ട്ടാണ് രണ്ട് കഷ്ണങ്ങളായി കീറിയത്. പാസ്‌പോര്‍ട്ടും ടിക്കറ്റും ആദ്യ ചെക്കിങ്ങിനായി ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ട്രോളി എടുക്കാന്‍ എന്ന് പറഞ്ഞു യാത്രക്കാരിയെ അവിടെ നിന്ന് ഒഴിവാക്കുകയും, തിരിച്ചു വന്നപ്പോള്‍ പാസ്‌പോര്‍ട്ട് കൈമാറുകയും ചെയ്തു. ബോര്‍ഡിംഗ് പാസ് എടുക്കാനായി പാസ്‌പോര്‍ട്ട് നല്‍കിയപ്പോഴാണ് പാസ്‌പോര്‍ട്ട് രണ്ട് കഷണങ്ങളായി കീറിയ കാര്യം മനസ്സിലാക്കുന്നതെന്ന് യാത്രക്കാരിയുടെ ഭര്‍ത്താവ് ഹാഷിം കീഴൂര്‍ പറഞ്ഞു.

കീറിയ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. പാസ്‌പോര്‍ട്ട് വിമാനത്താവളത്തില്‍ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. രണ്ട് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന തന്റെ ഭാര്യയോട് വളരെ ക്രൂരമായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്ന് ഹാഷിം പറഞ്ഞു. ഒരു സ്ത്രീയെന്ന പരിഗണന പോയിട്ട് കയ്യില്‍ കൈ കുഞ്ഞു ഉണ്ട് എന്ന് ഒരു മനുഷ്യത്വപരമായ പരിഗണന പോലും എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയില്ലെന്നും ഹാഷിം പറയുന്നു. അവസാനം എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങള്‍ പറയുകയും ചെയ്തപ്പോഴാണ് ദുബൈ വിമാനത്താവളത്തില്‍ നിന്നും
മടക്കി അയച്ചാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന് പേപ്പറില്‍ എഴുതിവാങ്ങി ഒപ്പിട്ടു യാത്ര തുടരാന്‍ അനുവദിച്ചതത്രെ.

ദുബൈ വിമാനത്താവളത്തില്‍ അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്‌പോര്‍ട്ട് മാറ്റണമെന്നുള്ള ഉപദേശം നല്‍കുകയും ചെയ്തു. മംഗലാപുരം എയര്‍പോര്‍ട്ട് അധികൃതരുടെ ഇത്തരം ക്രൂരവിനോദങ്ങള്‍ ഇതാദ്യമല്ല. സമാന അനുഭവം മുമ്പും പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് ഹാഷിം പറഞ്ഞു.