ജിസാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു

Posted on: February 6, 2019 6:24 am | Last updated: February 6, 2019 at 9:11 am

ഫ്രഞ്ച് ഗയാന: ഐഎസ്ആര്‍ഒയുടെ 40 ാമത് ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ 2.31 ന് യുഎസിലെ ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഏരിയന്‍-5 റോക്കറ്റാണ് 2,535 കിലോ ഗ്രാം ഭാരമുള്ള ജിസാറ്റ്-31 നെ ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപിച്ച് 42 മിനുട്ടുകള്‍ക്കകം ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിയതായി ഐഎസ്ആര്‍ഒ ബംഗളൂരുവില്‍ അറിയിച്ചു.

15 വര്‍ഷം ആയുസുള്ള ഉപഗ്രഹം ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഇന്ത്യയുടെ ചില കൃത്രിമോപഗ്രഹങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുകയും കെയു-ബാന്‍ഡ് ട്രാന്‍സ്പോണ്ടറിന്റെ ശേഷി ഉയര്‍ത്തുകയും ചെയ്യുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. വിസാറ്റ് നെറ്റ്വര്‍ക്കുകള്‍, ടെലിവിഷന്‍ അപ്ലിങ്കുകള്‍, ഡിഎസ്എന്‍ജി, ഡിടിഎച്ച് ടെലിവിഷന്‍ സര്‍വീസ്, സെല്ലുലാര്‍ ബാക്ക് ഹൗള്‍ കണക്റ്റിവിറ്റി തുടങ്ങിയ സേവനങ്ങളെ ജിസാറ്റ്-31 പിന്തുണയ്ക്കും.

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ ദൗത്യമാണിത്.