സാഹോദര്യത്തിന്റെ പുതിയ അധ്യായം തുറന്ന് മാര്‍പാപ്പയുടെ യു എ ഇ സന്ദര്‍ശനത്തിനു സമാപനം

Posted on: February 5, 2019 11:10 pm | Last updated: February 6, 2019 at 11:36 am

മനാമ: സാഹോദര്യത്തിന്റെ പുതിയ അധ്യായങ്ങള്‍ക്കു തുടക്കമിട്ട് മാര്‍പാപ്പയുടെ ദ്വദിന യു എ ഇ സന്ദര്‍ശനം സമാപിച്ചു. സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ വളര്‍ത്താന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്ന് യു എ ഇ സര്‍ക്കാര്‍ വ്യക്തമാക്കി.

മാനവ സാഹോദര്യ ഉടമ്പടിയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബുമായി മാര്‍പാപ്പ ഒപ്പുവെച്ചതാണ് സന്ദര്‍ശനത്തിലെ സവിശേഷ ഏടുകളിലൊന്ന്. എല്ലാം വിഭാഗം ജനങ്ങളും തമ്മില്‍ സാഹോദര്യം വളര്‍ത്തുക, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ് ഉടമ്പടി. ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടന്ന ചടങ്ങിലാണ് ഉടമ്പടി ഒപ്പുവച്ചത്.

യമന്‍, സിറിയ, ഇറാഖ്, ലിബിയ, എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളെ കുറിച്ച് ഇവിടെ നടന്ന മാനവ സാഹോദര്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പരാമര്‍ശിച്ചു. യുദ്ധം ദുരിതത്തിനു മാത്രമാണ് കാരണമാവുകയെന്നും ആയുധങ്ങള്‍ മരണമല്ലാതെ മറ്റൊന്നും കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, നീതി, സാര്‍വലൗകിക അവകാശങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വമാണ് വളര്‍ത്തിയെടുക്കേണ്ടത്.

അബൂദബി കിരീടാവകാശിയും യു എ ഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നെഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മാനവ സാഹോദര്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പ എത്തിയത്.

യു എ ഇയുടെ ചരിത്രത്തില്‍ ആദ്യമായി പൊതു കുര്‍ബാനയും മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. അബൂദബി സായിദ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കുര്‍ബാനയില്‍ 1.35 ലക്ഷത്തോളം പേര്‍ പങ്കുകൊണ്ടു. ഉച്ചയോടെ മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങി.