ശബരിമല: മുഴുവന്‍ ഹരജികളും ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും

Posted on: February 5, 2019 9:16 pm | Last updated: February 6, 2019 at 9:11 am

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. മൊത്തം 65 ഹരജികളാണ് കോടതി മുമ്പാകെയുള്ളത്. പുനപരിശോധനാ ഹരജികള്‍, റിട്ടുകള്‍, ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സാവകാശ ഹരജികള്‍ എന്നിവയാണ് പരിഗണിക്കുക.

ഇതിനു പുറമെ ഹൈക്കോടതി മേല്‍നോട്ട സമിതിയെ ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹരജികള്‍ പരമോന്നത കോടതിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജികളും തന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജികളും പരിഗണനക്കു വരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.