Connect with us

National

മമതാ ബാനര്‍ജിക്ക് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഞായറാഴ്ച മുതല്‍ മമതാ ബാനര്‍ജിക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.
നരേന്ദ്ര മോദി ജനാധിപത്യത്തെ പരിപൂര്‍ണമായി പരിഹസിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഏതാനും വര്‍ഷം മുമ്പ് അര്‍ധസൈനിക വിഭാഗത്തെ അയച്ച് ഡല്‍ഹിയുടെ അഴിമതി വിരുദ്ധ ഏജന്‍സിയെ പിടിച്ചെടുത്തിരുന്നു. രാജ്യത്തിനും ജനാധിപത്യത്തിനും ഭീഷണിയായ അമിത് ഷാ- മോദി കൂട്ടുകെട്ടിന്റെ നീക്കത്തില്‍ അപലപിക്കുന്നുവെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

മമതയെ ലക്ഷ്യം വെച്ചുള്ള ബി ജെ പി സര്‍ക്കാറിന്റെ നീക്കം തീകൊണ്ടുള്ള കളിയാണെന്ന് ബി ജെ പി വിമത നേതാവും പാര്‍ലിമെന്റ് അംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതോടെ ബി ജെ പി സര്‍ക്കാര്‍ സി ബി ഐയെ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും പശ്ചിമ ബംഗാളില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തെ കെട്ടിപ്പടുക്കുന്നതിലല്ല, പ്രതിപക്ഷത്തെ തകര്‍ക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി സി ബി ഐയെ ദുരുപയോഗപ്പെടുത്തുകയാണെന്നും അടിയന്തരാവസ്ഥയെക്കാള്‍ മോശം സ്ഥിതിയാണ് ഉടലെടുക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ ദേവെ ഗൗഡ പറഞ്ഞു. ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവും ഡി എം കെ നേതാവ് കനിമൊഴിയും ഇന്നലെ രാത്രി ധര്‍ണാ പന്തലില്‍ എത്തി.
അതേസമയം, ബി ജെ പിയെയും തൃണമൂലിനെയും തുല്യ അകലത്തില്‍ നിര്‍ത്തിയുള്ള പ്രതികരണമാണ് സി പി എം നടത്തിയത്. മൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ല, അവരവരുടെ അഴിമതികള്‍ മറച്ചുവെക്കാന്‍ വേണ്ടിയുള്ള നാടകങ്ങളാണ് നടക്കുന്നതെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

Latest