മാര്‍പാപ്പക്ക് അബൂദബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ സ്‌നേഹോഷ്മള വരവേല്‍പ്പ്

Posted on: February 4, 2019 4:26 pm | Last updated: February 4, 2019 at 8:44 pm

അബൂദബി: ചരിത്രത്തിലാദ്യമായി യു എ ഇ സന്ദര്‍ശിക്കുന്ന കത്തോലിക്ക സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അബൂദബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഊഷ്മള സ്വീകരണം. ഇന്ന് ഉച്ചക്ക് 12ഓടെ ഇവിടെയെത്തിയ മാര്‍പാപ്പയെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം, അബൂദബി കിരീടാവകാശിയും യു എ ഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നെഹ്‌യാന്‍ എന്നിവര്‍ ചേര്‍ന്നാണ്സ്വീകരിച്ചത്. കൊട്ടാരത്തിലെത്തിയ മാര്‍പാപ്പയെ ഇരുവരും കാറിനടുത്തേക്ക് ചെന്ന് വരവേറ്റു.

മാര്‍പാപ്പയുടെ വരവ് പ്രമാണിച്ച് വത്തിക്കാന്റെ പേപ്പല്‍ പതാകയുടെ നിറമുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകള്‍ വമിപ്പിച്ച് വ്യോമസേനാ ജെറ്റു വിമാനങ്ങള്‍ പറന്നത് കണ്ടുനിന്ന പതിനായിരക്കണക്കിനു പേര്‍ക്ക് ആവേശമായി. സമ്പൂര്‍ണ സൈനിക ബഹുമതികളോടെയാണ് മാര്‍പാപ്പയെ കൊട്ടരാത്തിലേക്ക് ആനയിച്ചത്. പശ്ചാത്തലത്തില്‍ സൈനിക ബാന്‍ഡിന്റെ സംഗീത വിരുന്നുമുണ്ടായിരുന്നു.

ഇന്നലെ രാത്രിയാണ്‌ മാര്‍പാപ്പ അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നെഹ്‌യാനും രാജകുടുംബാംഗങ്ങളും സൈനിക, സര്‍ക്കാര്‍ തലങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ലോകത്തിലെ രണ്ടു വലിയ മതങ്ങള്‍ തമ്മിലുള്ള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന് യു എ ഇ സര്‍ക്കാര്‍ പറഞ്ഞു.