Connect with us

Editorial

കെ എസ് ആര്‍ ടി സി ഇനി യൂനിയന്‍ ഭരിക്കും

Published

|

Last Updated

കെ എസ് ആര്‍ ടി സിയുടെ നിയന്ത്രണം ഗതാഗത മന്ത്രിക്കാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ ഇനി അത് തിരുത്താം. വകുപ്പ് മന്ത്രി അറിയാതെയായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന ടോമിന്‍ തച്ചങ്കരിയെ തത്സ്ഥാനത്ത് നിന്ന് നീക്കാനുള്ള അജന്‍ഡ മന്ത്രിസഭാ യോഗത്തിന് പുറത്തുള്ള ഇനമായി നിശ്ചയിച്ചതെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. മന്ത്രിയോ പാര്‍ട്ടി വൃത്തങ്ങളോ ഇതുവരെയും ഇക്കാര്യം നിഷേധിച്ചിട്ടില്ല, ഭരണകക്ഷി യൂനിയന്‍ നേതാക്കളുടേതായിരുന്നു തച്ചങ്കരിയെ മാറ്റണമെന്ന തീരുമാനം. മന്ത്രിസഭ അതിന് അംഗീകാരം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനായി തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കരണ നടപടികളോരോന്നും അട്ടിമറിച്ചു കൊണ്ടിരിക്കയുമാണ്. ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതിക്കെതിരയാണ് യൂനിയനുകള്‍ ആദ്യമായി തിരിഞ്ഞത്. ഫെബ്രുവരി ഒന്നിന് കാലത്ത് തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷനില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജോലിക്കെത്തിയ ജീവനക്കാരെ ജോലിയെടുക്കാന്‍ സമ്മതിക്കാതെ യൂനിയന്‍ നേതാക്കള്‍ തിരിച്ചയക്കുകയുണ്ടായി. ദീര്‍ഘയാത്രക്കിടയില്‍ അപകടം വര്‍ധിച്ച സാഹചര്യത്തില്‍ ഡ്രൈവര്‍ക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ പകരം അദ്ദേഹത്തെ സഹായിക്കുന്നതിനാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക സൃഷ്ടിച്ചത്. എന്നാല്‍ ഇങ്ങനെ ഒരു തസ്തിക വേണ്ട, കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും നേരത്തെ ചെയ്തിരുന്ന ജോലികള്‍ മാത്രം ചെയ്താല്‍ മതി, അധിക ജോലി ചെയ്യാനാകില്ലെന്നാണ് യൂനിയന്‍ നേതാക്കള്‍ പറയുന്നത്.

അകാരണമായി സര്‍വീസുകള്‍ മുടക്കുന്നവരും ലാഭത്തില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസുകളുടെ റൂട്ടുകളില്‍ പോലും അവയുടെ സമയത്തിന് തൊട്ടു മുമ്പായി സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുടമകള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു അവരില്‍ നിന്ന് പണം പറ്റുന്നവരുമുണ്ട് ജീവനക്കാരില്‍. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി വിവിധ യൂനിറ്റുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറ് പേരടങ്ങുന്ന നിരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു തച്ചങ്കരി. ഇവരെ ഉന്നം വെച്ചും യൂനിയന്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. ജോലി ചെയ്യാതെ സംഘടനാ പ്രവര്‍ത്തനം എന്ന പേരില്‍ നേതാക്കള്‍ക്ക് കറങ്ങി നടക്കുന്നതിന് നിരീക്ഷക സംഘം തടസ്സമായിരുന്നു.
25 വര്‍ഷത്തിനിടയില്‍ കെ എസ് ആര്‍ ടി സി ഇതാദ്യമായി സര്‍ക്കാറിനെയും ധനകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കാതെ സ്വന്തം വരുമാനം കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് തച്ചങ്കരിയെ എം ഡി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന യൂനിയന്‍ ആവശ്യം സര്‍ക്കാര്‍ അംഗികരിച്ചത്. തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കരണ പരിപാടികളുടെ ഫലമായാണ് കോര്‍പറേഷന്‍ അല്‍പാല്‍പമായി സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതും സ്വയം ശമ്പളം നല്‍കാനുള്ള അവസ്ഥയിലെത്തിയതും. കെ എസ് ആര്‍ ടി സിയോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള സര്‍ക്കാറാണെങ്കില്‍ യൂനിയനുകളുടെ സമ്മര്‍ദങ്ങളെ അവഗണിച്ച് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ തച്ചങ്കരിയെ അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
നഷ്ടത്തില്‍ നന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷനെ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്തണമെങ്കില്‍ ചെലവ് ചുരുക്കി വരുമാനം വര്‍ധിപ്പിക്കണമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഡബിള്‍ഡ്യൂട്ടി നിര്‍ത്തലാക്കല്‍, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക തുടങ്ങിയ നടപടികള്‍ നടപ്പാക്കിയത്. സ്ഥാപനത്തെ ലാഭകരമാക്കാന്‍ ഇത്തരം ചില കടുത്ത നടപടികള്‍ ആവശ്യമാണെന്നു രാജമാണിക്യം ഉള്‍പ്പെടെ മുന്‍ എം ഡിമാരും ചൂണ്ടിക്കാട്ടിയതാണ്. ഇത് അംഗീകരിക്കാന്‍ ജീവനക്കാരില്‍ ഏറെയും സന്നദ്ധവുമാണ്. കുറച്ചൊക്കെ അധിക ജോലി ചെയ്താലും സ്ഥാപനം മെച്ചപ്പെട്ടാല്‍ അതിന്റെ ഗുണം തങ്ങള്‍ക്കു കൂടിയാണെന്ന് അവര്‍ക്ക് ബോധ്യമുള്ളതു കൊണ്ടാണിത്. എന്നാല്‍ വെറുതെയിരുന്നു ശമ്പളം വാങ്ങി ശീലിച്ചു പോയ യൂനിയന്‍ നേതാക്കള്‍ തങ്ങളുടെ ദുശ്ശീലം മാറ്റാന്‍ ഒരുക്കമല്ലെന്ന് ദുശ്ശാഠ്യം പിടിച്ചാല്‍ എന്തു ചെയ്യാനാണ്. ഇത്തരക്കാരെ നിലക്കു നിര്‍ത്താന്‍ ആര്‍ജവമുള്ളവര്‍ ഭരണ തലപ്പത്തും ഇല്ലാതായിപ്പോയി.

തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കരണ നടപടികള്‍ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. കെ എസ് ആര്‍ ടി സിയുടെ വരുമാനം വര്‍ധിപ്പിക്കാനും ചിലവ് ചുരുക്കാനും ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പായാല്‍ സ്ഥാപനം നഷ്ടത്തില്‍ നിന്ന് കരകയറുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുകയും ചെയ്തിരുന്നു. പിന്നെന്തിനാണ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയത്? തച്ചങ്കരി പോയതോടെ ഇനി സ്ഥാപനം പൂര്‍ണമായും യൂനിയന്‍ നേതാക്കളുടെ നിയന്ത്രണത്തിലായിരിക്കും. സ്ഥാപനത്തെ പുരോഗതിയിലേക്കെത്തിക്കുന്നതിന് പകരം സംഘടന വളര്‍ത്തുന്നതിലും കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കുന്നതിലുമാകും അവരുടെ ശ്രദ്ധ. ഈ വെള്ളാനകള്‍ സ്ഥാപനത്തെ കാര്‍ന്നു തിന്ന് നശിപ്പിക്കുകയാണ്. ഇവരെ നിയന്ത്രിക്കാതെ സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ കഴിയില്ല. മുഖ്യന്ത്രി തുടക്കത്തില്‍ തച്ചങ്കരിക്ക് സര്‍വ പിന്തുണയും നല്‍കിയിരുന്നു. യൂനിയനുകളുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് ധൈര്യം നല്‍കിയത് മുഖ്യമന്ത്രിയാണ്. ഒടുവില്‍ യൂനിയന്‍ നേതാക്കളുടെ ഭീഷണിക്കു മുമ്പില്‍ സര്‍ക്കാറിന് പത്തിമടക്കേണ്ടി വന്നു എന്നാണോ കരുതേണ്ടത്?

Latest