കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ക്കെതിരായ സി ബി ഐ നടപടി: മമത സത്യഗ്രഹ സമരം തുടങ്ങി

Posted on: February 3, 2019 10:44 pm | Last updated: February 4, 2019 at 10:10 am

കൊല്‍ക്കത്ത: രാജ്യത്തെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ച സത്യഗ്രഹ സമരം രാത്രിയോടെ ആരംഭിച്ചു. കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റു ചെയ്യാന്‍ സി ബി ഐ സംഘമെത്തിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയ ശേഷം മമത സത്യഗ്രഹം തുടങ്ങിയത്. കൊല്‍ക്കത്ത മെട്രോ സ്‌റ്റേഷനു മുമ്പിലാണ് സത്യഗ്രഹം നടക്കുന്നത്.

കമ്മീഷണര്‍ രാജീവ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ദേവെഗൗഡ എന്നിവര്‍ മമതക്ക് പിന്തുണയുമായി സത്യഗ്രഹ കേന്ദ്രത്തിലെത്തി.

സംസ്ഥാനത്തെ ദ്രോഹിക്കുന്ന നടപടികളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു. സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ശാരദ, റോസ് വാലി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായ സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനാണ് സി ബി ഐ സംഘം കൊല്‍ക്കത്തയിലെത്തിയത്. ഈ കേസുകള്‍ അന്വേഷിച്ച പോലീസ് സംഘത്തിന് നേതൃത്വം നല്‍കിയത് രാജീവ് കുമാറായിരുന്നു.

രേഖകള്‍ അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണര്‍ക്ക് പല തവണ സി ബി ഐ സമന്‍സ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ സി ബി ഐ സംഘം നേരിട്ട് രാജീവ് കുമാറിന്റെ വസതിക്കു മുമ്പിലെത്തുകയായിരുന്നു. എന്നാല്‍, സംഘത്തെ വീടിനകത്തേക്കു കടത്തിവിടാന്‍ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

പിന്നീട് നാടകീയ നീക്കങ്ങളാണ് നടന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സി ബി ഐ സംഘത്തെ ബലം പ്രയോഗിച്ച് പാര്‍ക്ക് സ്ട്രീറ്റ്, ഷേക്സ്പിയര്‍ പോലീസ് സ്റ്റേഷനുകളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയി.
സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംസ്ഥാന ഡി ജി പിയും പോലീസ് കമ്മീഷണറുടെ വസതിയിലെത്തി.

രാജീവ് കുമാര്‍ രാജ്യത്തെ തന്നെ മികച്ച പോലീസ് ഉദ്യോഗസ്ഥനാണെന്ന് മമത നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനു വിധേയനാകാത്ത രാജീവ് കുമാറിനെ സി ബി ഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കാന്‍ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സി ബി ഐ സംഘത്തെ പോലീസ് കമ്മീഷണറുടെ വസതിയിലേക്ക് അയച്ച ബി ജെ പി അട്ടിമറി നീക്കമാണ് നടത്തുന്നതെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാന്‍ ട്വിറ്ററില്‍ കുറിച്ചു.