Connect with us

Prathivaram

സ്വപ്നങ്ങള്‍ കീഴടക്കാന്‍...

Published

|

Last Updated

ഫ്‌ളക്‌സ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര കെട്ടിയ മണ്‍ചുമരുകളുള്ള അഞ്ചാറ് വീടുകള്‍, ചെറിയ മുറ്റം, മുറ്റത്തുനിന്ന് മാറി ഇത്തിരി കാപ്പിച്ചെടികള്‍, അതും മിക്കപ്പോഴും ആനകളിറങ്ങുന്ന കാടിന്റെ നടുവില്‍ ഒരു സെന്റ് പുറമ്പോക്ക് ഭൂമിയില്‍. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയുടെ വീടാണിത്. വിശ്വാസമാകുന്നില്ല അല്ലേ.. പക്ഷേ വിശ്വസിച്ചേ പറ്റൂ.. വയനാട്ടില്‍ ഇരുളത്തെ പണിയവിഭാഗത്തില്‍ പെട്ട രാഗിയാണ് കഥാനായിക.

കഴിഞ്ഞ തവണത്തെ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ കോളജില്‍ ബി എ എം എസിന് പഠിക്കുന്നു. അച്ഛന്‍ രാജു കാപ്പിത്തോട്ടത്തിലെ തൊഴിലാളിയാണ്. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ആലത്തൂര്‍ എന്ന ചെറിയ കോളനിയില്‍ ആണ് രാഗി ജനിച്ചത്. അച്ഛന് കൂലിപ്പണി കിട്ടാത്തതും കടുവയുടെയും ആനയുടെയും നിരന്തര ശല്യവുമെല്ലാം കാരണം ആറ് വര്‍ഷം മുമ്പാണ് ഇരുളത്തെ വനഭൂമിയിലേക്ക് മാറിയത്. ഏറെ പ്രയാസം സഹിച്ചാണ് ഇവര്‍ പഠിച്ചത്. കഷ്ടപ്പാടുകളൊന്നും അച്ഛന്‍ മക്കളെ അറിയിച്ചില്ല. വിഷമങ്ങള്‍ അറിഞ്ഞാല്‍ മക്കള്‍ പഠനത്തില്‍ പിന്നിലാകുമോ എന്ന ഭയമായിരുന്നു ആ പിതാവിന്.

ആഗ്രഹം എം ബി ബി എസ്
സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ഹോസ്റ്റലിലും നിന്നാണ് രാഗി ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിച്ചത്. ശേഷം പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ പാലായില്‍ ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗ്. ബി എ എം എസ് നേടിയാലും പഠനം ഉപേക്ഷിക്കില്ല എന്നാണ് രാഗിയുടെ നിലപാട്. എം ബി ബി എസ് നേടുകയാണ് ലക്ഷ്യം. എം ബി ബി എസ് ഡോക്ടറാകണമെന്നായിരുന്നു രാഗിയുടെ ഏറ്റവും വലിയ ആഗ്രഹം. നീണ്ടകാലം പഠനത്തിനായി തിരുവനന്തപുരത്തും പാലായിലും മാറിനിന്ന രാഗി ഇതുവരെ നാട്ടിലെ പൊന്‍കുഴി ക്ഷേത്രത്തിലെ ഉത്സവം പോലും കണ്ടിട്ടില്ലെന്ന് പറഞ്ഞ് ചിരിക്കുന്നു. പരമ്പരാഗതമായി നാട്ടുവൈദ്യം വശമുള്ള ചുറ്റുപാടില്‍ വളര്‍ന്നവര്‍ക്ക് ആയുര്‍വേദ പഠനം മുതല്‍കൂട്ടാകും എന്നാണ് രാഗിയുടെ കാഴ്ചപ്പാട്. എപ്പോഴും ചിരിച്ചുകൊണ്ടുള്ള സംസാരം, വലിയ പ്രതീക്ഷകള്‍, ഇതു തന്നെയാണ് രാഗിയെ വ്യത്യസ്തയാക്കുന്നത്.

ഹോസ്റ്റല്‍ ജീവിതം തുണയായി
ജീവിതത്തില്‍ ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത് ഹോസ്റ്റലില്‍ പഠിച്ചതുകൊണ്ടാണെന്ന് രാഗി പറയുന്നു. നമ്മുടെ സംസ്‌കാരത്തില്‍ നിന്നും മാറി പുതിയ ആളുകളുമായി പരിചയപ്പെടാന്‍ പറ്റി. തന്റെ കഷ്ടപ്പാടുകള്‍ കണ്ട് പലരും നന്നായി സഹായിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് ഹോസ്റ്റല്‍വാസികള്‍ എന്നതിനാല്‍ സംസാരത്തിലും ചിന്തയിലുമൊക്കെ വലിയ മാറ്റമുണ്ടായി. അവരൊക്കെ സാധാരണക്കാരില്‍ സാധാരണക്കാരാണ്. ഡോക്ടര്‍ ആകാനാണ് പഠിക്കുന്നതെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും ഞെട്ടലായിരുന്നു. ചിലര്‍ സന്തോഷം കൊണ്ട് ഒരുപാട് അഭിനന്ദിച്ചു. ഇതൊക്കെയല്ലേ ജീവിതത്തിലെ ആനന്ദം, നമ്മെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഒത്തിരി പേരുണ്ടാകുമ്പോള്‍ അതിലും വലിയ സന്തോഷമെന്തെന്ന് നിറഞ്ഞ മനസ്സോടെ രാഗി ചോദിക്കുന്നു.

ഒന്നാം ക്ലാസ് മുതലേ നന്നായി പഠിച്ചിരുന്നു. അതുകൊണ്ട് തന്നെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും നല്ല പിന്തുണയും ലഭിച്ചു. നാട്ടിലുള്ളവരില്‍ മിക്കവരും കൂലിപ്പണിക്കാരാണ്. അവരുടെയെല്ലാം പ്രോത്സാഹനവും പിന്തുണയും കൊണ്ടാണ് ഇതുവരെ എത്തിയത്. ഉയര്‍ന്ന ക്ലാസുകളിലെത്തിയപ്പോള്‍ കൂട്ടുകാരും അധ്യാപകരും നന്നായി സഹായിച്ചിരുന്നു. പലപ്പോഴും പഠനത്തിന് കാശില്ലാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ വഴി ഒട്ടേറെ സഹായങ്ങള്‍ ലഭിച്ചിരുന്നു. കാശില്ല എന്ന കാരണം കൊണ്ട് ഒരിക്കലും പഠനം നിര്‍ത്തരുതെന്നാണ് രാഗിയുടെ പക്ഷം. നന്നായി പഠിക്കുക, ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുക. ഒരു പക്ഷേ പല തവണ നമ്മള്‍ പ്രയാസത്തിലായേക്കാം, എന്നാലും മുന്നോട്ട് പോകണം. തീര്‍ച്ചയായും ലക്ഷ്യത്തിലെത്തും. പാവപ്പെട്ടവരെന്ന് കരുതി പിന്നിലേക്ക് നില്‍ക്കരുത്. നമ്മളെ പിന്തുണക്കാന്‍ ഒട്ടേറെ പേരുണ്ട്. ഇതുവരെയുള്ള ജീവിതവും അനുഭവിച്ച സുഖങ്ങളും അച്ഛന്റെയും അമ്മയുടെയും എല്ലാം മറന്നുള്ള ചെറുത്തുനില്‍പ്പുകള്‍ തന്നെയായിരുന്നു. പഠിക്കൂ, നിങ്ങള്‍ എത്ര പാവപ്പെട്ടവരാണെങ്കിലും സഹായിക്കാന്‍ ഒത്തിരിപേര്‍ ഉണ്ടാകും. നമ്മുടെ നാട്ടിലുള്ളവരൊക്കെ ഏറെ സ്‌നേഹമുള്ളവരാണെന്ന് ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി രാഗി പറയുന്നു.

ഇനി വേണം, വെള്ളമിറങ്ങാത്ത സ്വന്തമായൊരു വീട്
ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടിയ വീട്ടിലുറങ്ങുമ്പോള്‍ പലപ്പോഴും പേടി തോന്നിയിട്ടുണ്ട്. മഴക്കാലമായാല്‍ വലിയ പ്രയാസമാണ്. ചോര്‍ന്നൊലിക്കും. വീട്ടില്‍ വെള്ളം നിറയും. നിരാശയും സങ്കടവും തളംകെട്ടും. പലപ്പോഴും വീട്ടില്‍ നിന്ന് മാറി ഹോസ്റ്റലിലും മറ്റുമായി പഠിക്കുന്നതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും വിഷമം വല്ലാതെ അറിഞ്ഞിട്ടില്ല. എത്ര പ്രയാസപ്പെട്ടാലും അവര്‍ അറിയിക്കില്ല. മഴക്കാലത്ത് വീട്ടിലെത്തുമ്പോള്‍ അവരുടെ വിഷമം മനസ്സിലാകും. ടാര്‍പ്പായ മുറുക്കിക്കെട്ടാന്‍ പലപ്പോഴും രാത്രിയില്‍ എഴുന്നേല്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രയാസങ്ങള്‍ ആരോടും അധികം പങ്കുവെക്കാറില്ല. സ്വന്തമായൊരു വീടാണ് രാഗിയുടെ മറ്റൊരു സ്വപ്നം. സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കൈവിടില്ലെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ പഠിപ്പ് കഴിഞ്ഞ് സ്വന്തമായി അധ്വാനിച്ച കാശ് കൊണ്ട് വീടുവെക്കും. മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും നന്നായി നോക്കണം. തന്നെ സഹായിച്ചവരെ ഒരുപാട് സന്തോഷിപ്പിക്കണം. താന്‍ ഡോക്ടറായി കാണാന്‍ ആഗ്രഹിച്ച കുറേ പേരുണ്ട്. അവരൊക്കെ വലിയ പ്രതീക്ഷയിലാണ്. ഡോക്ടര്‍ കോട്ട് ലഭിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക അവരാകും. പാവപ്പെട്ടവരെ സൗജന്യമായി പരിശോധിക്കണം. അങ്ങനെയങ്ങനെ…
.

Latest