Connect with us

Articles

എന്തുകൊണ്ട് സി പി എമ്മില്‍ ലയിക്കുന്നു?

Published

|

Last Updated

ദേശീയ രാഷ്ട്രീയത്തില്‍ ഇടത്- മതേതര ശക്തികളുടെ കടമകള്‍ അടിവരയിട്ട് ചൂണ്ടിക്കാട്ടുന്ന ഒന്നായിരുന്നു സി എം പിയുടെ കോട്ടയത്ത് ചേര്‍ന്ന ~ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. സാര്‍വദേശീയ സാഹചര്യത്തില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെയും കമ്യൂണിസ്റ്റ് ഐക്യവും ഏകീകരണവും സാധ്യമാക്കേണ്ടതിന്റേയും പ്രാധാന്യം രാഷ്ട്രീയ പ്രമേയത്തില്‍ എടുത്തുപറഞ്ഞിരുന്നു.
സാമ്രാജ്യത്വ- കുത്തക മുതലാളിത്ത ഭരണകൂടങ്ങളുടെ കടന്നാക്രമണങ്ങളെ അതിജീവിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും കമ്യൂണിസ്റ്റ് – ഇടത് പ്രസ്ഥാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ സാധ്യമാകുകയുള്ളൂ. ഇക്കാര്യത്തില്‍ ആദ്യം വേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യവും ഏകീകരണവുമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് രേഖയില്‍ പറയുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടങ്ങള്‍ എന്നും വന്‍കിട കുത്തകകളുടെയും അതിന്റെ സംരക്ഷകരായ സാമ്രാജ്യത്വത്തിന്റെയും താത്പര്യങ്ങള്‍ മാത്രമേ സംരക്ഷിച്ചിട്ടുള്ളൂ. കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെ ഈ സമീപനങ്ങള്‍ തന്നെയാണ് എന്‍ ഡി എ സര്‍ക്കാറും പുലര്‍ത്തുന്നത്. എന്നാല്‍ ഇവര്‍ ഭൂരിപക്ഷ വര്‍ഗീയതയെ പരസ്യമായി താലോലിച്ചും ഹിന്ദുത്വ കാര്‍ഡ് ഉയര്‍ത്തിപിടിച്ചും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്കും എതിരായി ശക്തമായ കടന്നാക്രമണങ്ങളാണ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക മേഖലയിലെയും വ്യാവസായിക മേഖലയിലെയും ഗുരുതരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ക്ക് നേരെ ഈ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാനും ഈ സര്‍ക്കാറിന്റെ ന്യൂനപക്ഷ- പിന്നാക്ക കടന്നാക്രമണങ്ങളെ ചെറുക്കാനും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് സാധ്യമല്ലെന്നും തെളിഞ്ഞ് കഴിഞ്ഞിരിക്കുകയാണ്. സാമ്പത്തിക നയത്തിന്റെ കാര്യത്തിലായാലും ജനകീയ പ്രശ്‌നങ്ങളുടെ കാര്യത്തിലായാലും ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും നയസമീപനങ്ങളില്‍ വലിയ വ്യത്യാസമൊന്നും കാണാന്‍ കഴിയാത്ത സ്ഥിതിയാണ്.

ദേശീയ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ കാര്‍ഡ് മാത്രം കൈമുതലാക്കി ബി ജെ പി മുന്നോട്ട് നീങ്ങുകയാണ്. ബാബരി മസ്ജിദ് പൊളിച്ചുകൊണ്ടാണ് രാജ്യത്ത് ഹിന്ദുത്വകാര്‍ഡ് ഉയര്‍ത്തിപിടിച്ചുള്ള ജൈത്രയാത്ര പാര്‍ട്ടി ആരംഭിച്ചത്. ബി ജെ പിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും കൂട്ടുമന്ത്രി സഭകള്‍ക്ക് നേതൃത്വം കൊടുത്ത വാജ്പയ് പാര്‍ട്ടി അജന്‍ഡയെക്കാളും എന്‍ ഡി എയുടെ പരിപാടികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ട് തന്നെ രാമക്ഷേത്രം നിര്‍മിക്കല്‍, എകീകൃത സിവില്‍കോഡ് നടപ്പിലാക്കല്‍, സാര്‍വത്രികമായ ഗോവധ നിരോധനം, ബി ജെ പിയുടെ പ്രഖ്യാപിതമായ മറ്റ് പരിപാടികള്‍ തുടങ്ങിയവ ആ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല.

എന്നാല്‍ മോദി സര്‍ക്കാര്‍ സംഘ്പരിവാറിന്റെ പ്രഖ്യാപിത പരിപാടികളെല്ലാം നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഗോവധ നിരോധനം ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നടപ്പിലാക്കിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ഇതിനകം നിരവധി പേരെ നിര്‍ദയം കൊന്നു. കന്നുകാലി ഉപജീവനമാര്‍ഗമായി കൊണ്ടുപോയിരുന്ന ലക്ഷകണക്കിന് ആളുകള്‍ തൊഴില്‍രഹിതരായി. ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കിയിട്ടില്ലെങ്കിലും മുന്നോടിയായുള്ള മുത്വലാഖ് നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ കഴിയാത്തതുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന നരസിംഹ റാവുവിന്റെ ഭരണകാലത്താണ് സംഘ്പരിവാര്‍ ബാബരി മസ്ജിദ് പൊളിച്ച് ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ തകര്‍ത്തത്. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയുകയില്ലെന്ന് വിളിച്ചറിയിക്കുന്ന സംഭവം തന്നെയായിരുന്നു ഇത്.

ഇപ്പോള്‍, എന്തുപ്രത്യാഘാതമുണ്ടായാലും അയോധ്യയില്‍ ക്ഷേത്രം പണിയുമെന്ന് സംഘ്പരിവാര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. യോഗി ആദിത്യനാഥാണ് മുന്നില്‍. സംഘ്പരിവാറിന്റെ അഖിലേന്ത്യ പരിഷത്തും, ഹിന്ദുത്വ സന്യാസിമാരുടെ ദേശീയ സംഘവുമെല്ലാം ഉടന്‍ തന്നെ ശ്രീരാമ ക്ഷേത്രം പണിയണമെന്ന് അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുകയുമാണ്. കോടതിയെ ഭീഷണിപ്പെടുത്തുകയാണ് അമിത് ഷാ. ശബരിമല കേസ് വേഗത്തില്‍ തീര്‍പ്പാക്കിയ സുപ്രീം കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നു എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചിരിക്കുന്നു.

കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഘട്ടം മുതല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയമാണ് തുടരുന്നതെന്ന് വ്യക്തമാണ്. അവിടെ ബി ജെ പി ഉയര്‍ത്തിപ്പിടിച്ച ഹിന്ദുത്വ കാര്‍ഡ് തന്നെയാണ് ഫലത്തില്‍ കോണ്‍ഗ്രസും ഉയര്‍ത്തിയത്. ഹിന്ദുവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബി ജെ പി എന്നും അതിന് കോണ്‍ഗ്രസ് മെനക്കെടേണ്ടതില്ലെന്നുമായിരുന്നു ബി ജെ പി നേതാക്കള്‍ പ്രസ്താവിച്ചത്. ഹിന്ദുക്കളെ സംരക്ഷിക്കാന്‍ രണ്ട് പാര്‍ട്ടികള്‍ ആവശ്യമില്ലെന്നുള്ള ഈ പ്രസ്താവന രാജമാകെ ശ്രദ്ധിച്ചതാണ്.

ഈയിടെ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും ഇതേ നയം തുടര്‍ന്നു. ഹിന്ദുത്വ കാര്‍ഡ് രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ഉയര്‍ത്തിപിടിച്ചു. ബി എസ് പി, എസ് പി തുടങ്ങിയവയെ സീറ്റിന്റെ പേരിലല്ല, മറിച്ച് ഈ പാര്‍ട്ടികളെ തങ്ങളോടൊപ്പം കൂട്ടിയാല്‍ സവര്‍ണ വോട്ടുകള്‍ കുറയുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മാറ്റിനിര്‍ത്തിയതെന്ന ആക്ഷേപവുമുയര്‍ന്നു. ഹിന്ദുത്വപ്രീണനത്തിന്റെ കാര്യത്തില്‍ വാസ്തവത്തില്‍ കോണ്‍ഗ്രസ് ബി ജെ പിയോട് മത്സരിക്കുകയാണ്.

മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ നല്‍കുന്ന എസ് പിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തില്‍ കടുത്ത വിയോജിപ്പുമായി അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത ഇതോടെ പ്രതിസന്ധിയിലാകുകയും ചെയ്തു. കോണ്‍ഗ്രസ് ഹിന്ദുത്വനയം സ്വീകരിച്ചിരിക്കുന്നതുകൊണ്ട് ആ പാര്‍ട്ടിയെ മുന്നണിയില്‍ കൂട്ടിയാല്‍ ദളിത് – പിന്നാക്ക -ന്യൂനപക്ഷ വോട്ടുകള്‍ കുറയുമെന്ന് ബി എസ് പിയും സമാജ്‌വാദി പാര്‍ട്ടിയും ഭയപ്പെടുകയാണ്. മായാവതിയാകട്ടെ നേരത്തേ തന്നെ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. എന്തായാലും പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യമായ പിന്തുണയുള്ള ഈ പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താത്പര്യമില്ലെന്ന് തന്നെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ബി ജെ പിയും കോണ്‍ഗ്രസും ഹിന്ദുത്വ കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചും ഹിന്ദുപ്രീണന നയം അംഗീകരിച്ചും മുന്നോട്ടുപോകുകയാണ്. രാജ്യത്തെ കോടാനുകോടി വരുന്ന ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെയും വികാരം ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. ഹിന്ദുപ്രീണന നയത്തിന്റെ കാര്യത്തില്‍ ബി ജെ പിയോടൊപ്പം കോണ്‍ഗ്രസും കൂടി ചേര്‍ന്നതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നാക്ക ദളിത് വിഭാഗങ്ങളും യഥാര്‍ഥത്തില്‍ ഭയചകിതരായി തീര്‍ന്നിരിക്കുകയാണ്. ഇക്കൂട്ടരുടെ അവകാശങ്ങളെയും, വികാരങ്ങളെയും മാനിക്കാനും, അവരെ സംരക്ഷിക്കാനും ആരാണ് ഉണ്ടാവുക എന്നത് രാജ്യത്തിന്റെ ഭാവി ചരിത്രമാണ് ഇനി തെളിയിക്കേണ്ടത്. ഇടതു- മതേതര പ്രസ്ഥാനങ്ങളുടെ ഏറ്റവും ശക്തമായ ഐക്യനിര കെട്ടിപ്പടുത്തുകൊണ്ട് മാത്രമേ ന്യൂനപക്ഷ- പിന്നാക്ക- ദളിത് വിഭാഗങ്ങളുടെ താത്പര്യ സംരക്ഷണം സാധ്യമാകുകയുള്ളൂ എന്നത് ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്തിരിക്കുന്നു.

സങ്കീര്‍ണമായ ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ ഇടതു പക്ഷത്തിന് വലിയ കടമകളാണ് നിര്‍വഹിക്കാനുള്ളത്. ഈ കടമകള്‍ ഏറ്റെടുക്കാനും ഇടതു പക്ഷത്തെ നേര്‍വഴിക്ക് നയിക്കാനും ഇന്ന് സി പി എമ്മിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന് സി എം പി വിലയിരുത്തുന്നു. രാജ്യത്തെ മുഖ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ കമ്യൂണിസ്റ്റ് ഐക്യവും, കമ്യൂണിസ്റ്റ് ഏകീകരണവും സാധ്യമാക്കാന്‍ നേതൃത്വപരമായ പങ്കുവഹിക്കാന്‍ ഈ പാര്‍ട്ടിക്ക് കഴിയും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സി പി എമ്മുമായി ലയിക്കാന്‍ സി എം പിയുടെ തൃശൂരില്‍ ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ലയന സമ്മേളനം ഇന്ന് കൊല്ലത്ത് നടക്കുന്നത്. ഈ ലയനസമ്മേളനം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഐതിഹാസികമായ സംഭവമായി മാറും. രാജ്യത്തെ വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണത്തിന് ഈ ലയനം നിശ്ചയമായും നാന്ദികുറിക്കുകയും ചെയ്യും.

അഡ്വ. ജി സുഗുണന്‍
(ലേഖകന്‍ സി എം പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428