ലോക മതാന്തര സമ്മേളനത്തില്‍ കാന്തപുരം പ്രസംഗിക്കും

Posted on: February 3, 2019 10:06 am | Last updated: February 4, 2019 at 10:09 am

കോഴിക്കോട്: യു എ ഇ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന ലോക മതാന്തര സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. ഇന്ന് മുതല്‍ അബൂദബിയില്‍ ആരംഭിക്കുന്ന ലോകത്തെ പ്രമുഖരായ മതപണ്ഡിതര്‍ പങ്കെടുക്കുന്ന ത്രിദിന സമ്മേളനത്തില്‍ മാനവ സൗഹൃദത്തിന്റെ തത്വങ്ങള്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും.

പോപ്പ് ഫ്രാന്‍സിസ് മുഖ്യാതിഥിയായി പങ്കടുക്കുന്ന സമ്മേളനം അറബ് ലോകത്തെ ഏറ്റവും വലിയ മതസൗഹൃദ സമ്മേളനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് ത്വയ്യിബ്, യു എ ഇ മതകാര്യ വകുപ്പ് ഉപദേശകന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ എന്നിവര്‍ സമ്മേളനം നിയന്ത്രിക്കും. ലോകത്ത് മതവിഭാഗങ്ങള്‍ക്കിടയില്‍ പാരസ്പര്യവും സര്‍ഗാത്മകമായ ഇടപെടലുകളും സജീവമാക്കുക എന്നതാണ് സമ്മേളന ലക്ഷ്യം. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും സമ്മേളനത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ യു എ ഇ സര്‍ക്കാര്‍ സംഘടിപ്പിച്ച പത്ത് സമ്മേളങ്ങളില്‍ കാന്തപുരം പ്രധാന അതിഥികളില്‍ ഒരാളായിരുന്നു. സമ്മേളനത്തില്‍ പോപ്പുമായി കൂടിക്കാഴ്ച നടത്തുമെന്ന് കാന്തപുരം പറഞ്ഞു.