ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Posted on: February 3, 2019 9:48 am | Last updated: February 3, 2019 at 3:45 pm

ബിഹാര്‍: ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബീഹാറിലെ വൈശാലി ജില്ലയിലെ സഹദായി ബസര്‍ഗില്‍ ഡല്‍ഹിയിലേക്കുള്ള സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്.

ട്രെയിനിന്റെ പതിനൊന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ മൂന്ന് കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. ബിഹാറിലെ ജോഗ്ബാനിയില്‍ നിന്ന് ന്യൂഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് വരികയായിരുന്ന ട്രെയിന്‍ അപകടസമയം ട്രെയിന്‍ നല്ല വേഗതയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെയില്‍വേ മന്ദ്രി പീയുഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു. ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. സാരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ചെറിയ പരുക്കുള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കും.