തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് സാധ്യതയെന്ന് യുഎസ് ഇന്റലിജന്‍സ്

Posted on: January 30, 2019 3:43 pm | Last updated: January 30, 2019 at 4:45 pm

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി ഹിന്ദു ദേശീയതാ വാദത്തില്‍ ഊന്നി മുന്നോട്ടുപോയാല്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് സാധ്യത ഏറെയെന്ന് യുഎസ് ചാരസംഘടനാ മേധാവിയുടെ മുന്നറിയിപ്പ്.
അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ച രേഖയില്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. 2019ല്‍ ലോകം നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ കലാപസാധ്യതയെക്കുറിച്ചുള്ള വിലയിരുത്തലുകളുള്ളത്.

മോദി ഭരണകാലത്തെ ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയിലെ ബിജെപി ഭരണ ഭരണ സംസ്ഥാനങ്ങളില്‍ സാമുദായിക സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ ഹിന്ദു ദേശീയവാദ പ്രചാരണം പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാന്‍ സാധ്യതയേറെയാണ്.

സാമുദായിക പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതോടെ പാക്കിസ്ഥാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്തന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദോകലാമിലെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരു ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉടന്‍ മെച്ചപ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.