പീഡനക്കേസ്: കോണ്‍ഗ്രസ് നേതാവ് ഒഎം ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Posted on: January 30, 2019 10:46 am | Last updated: January 30, 2019 at 1:45 pm

തിരുവനന്തപുരം: പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡിസിസി അംഗവുമായ ഒഎം ജോര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റം ചെയ്തവര്‍ എത്ര വലിയവനായാലും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പോലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം ഒ.എം.ജോര്‍ജ് പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും വീട്ടില്‍ ജോലിക്കെത്തിയിരുന്നു. മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ ജോര്‍ജ് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ രക്ഷിതാക്കളും പീഡനത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച പോലീസ് വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തിരുന്നു. അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവിലാണ്. നഗ്‌നചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ പെണ്‍കുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങള്‍ പോലുമറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു