കര്‍ണാടകയില്‍ ക്ഷേത്രപരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച് യുവതി മരിച്ചു ; പതിനൊന്ന് പേര്‍ ആശുപത്രിയില്‍

Posted on: January 26, 2019 10:04 pm | Last updated: January 27, 2019 at 9:32 am

ബംഗളുരു: കര്‍ണാടകയില്‍ ചിക്കബല്ലാപുരയില്‍ ക്ഷേത്രത്തില്‍നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കബല്ലാപുര സ്വദേശി കവിത(28)യാണ് മരിച്ചത്. ഇവരുടെ കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവ ദിവസം അജ്ഞാതരായ രണ്ട് സ്ത്രീകള്‍ ക്ഷേത്രത്തിലെത്തി പ്രസാദമെന്നപേരില്‍ ഹല്‍വ വിതരണം ചെയ്തിരുന്നുവെന്ന ് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദം വിതരണം ചെയ്ത സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഹല്‍വ വിതരണം ചെയ്തത് ക്ഷേത്ര അധിക്യതരുടെ അറിവോടെയല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടകയിലെ ചാമരാജ നഗറില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന് 17 പേര്‍ മരിച്ചിരുന്നു.