അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നു: മുഖ്യമന്ത്രി

Posted on: January 26, 2019 7:01 pm | Last updated: January 26, 2019 at 9:37 pm

തിരുവനന്തപുരം: ശബരിമല കര്‍മസമതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ മാതാ ആമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് വേദി പങ്കിട്ടത് ഇഷ്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാന്‍ സംഘപരിവാര്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ അതില്‍ വീണിരുന്നില്ല. അതില്‍നിന്നുംമാറി നില്‍ക്കാനുള്ള ആര്‍ജവം അവര്‍ കാണിച്ചു. എന്നാല്‍ ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റല്ലെന്ന നിലപാടായിരുന്നു അമൃതാനന്ദമയിക്ക് നേരത്തെയുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ അണിനിരന്നു. തുടര്‍പ്രവര്‍ത്തനം എല്ലാ മേഖലകളിലുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.