വിവാഹത്തിന് പിതാവെത്തിയത് നിശ്ചലനായി; പ്രവാസിക്ക് നാട് കണ്ണീരോടെ വിട നല്‍കി

Posted on: January 26, 2019 5:16 pm | Last updated: January 26, 2019 at 5:16 pm

തിരുന്നാവായ: മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ വിദേശത്തുവെച്ച് മരണപ്പെട്ട അജിതപ്പടി സ്വദേശിക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. മകളുടെ വിവാഹത്തിനായി വരാനൊരുങ്ങിയ പ്രവാസിയുടെ മയ്യിത്താണ് ഇന്നലെ ആ വീട്ടിലേക്കെത്തിയത്.

അജിതപ്പടി മണ്ണൂപറമ്പില്‍ കുഞ്ഞയ്ദ്രു (58) ആണ് മകളുടെ നികാഹിനായി നാട്ടിലേക്ക് തിരിക്കാന്‍ ഒരുങ്ങുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ഫുജൈറയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയായിരുന്നു മകള്‍ യുസിറയുടെ നികാഹ് തീരുമാനിച്ചിരുന്നത്. 30 വര്‍ഷത്തോളമായി വിദേശത്തുള്ള കുഞ്ഞയ്ദ്രു ഏറെ പ്രതീക്ഷയോടെ തന്റെ മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെടുന്നതും മരണം സംഭവിക്കുന്നതും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് മയ്യിത്ത് നാട്ടിലെത്തിച്ചത്. വിവാഹത്തിന്റെ ആരവമുയരേണ്ട വീട്ടില്‍നിന്ന് മയ്യിത്തെടുക്കുമ്പോള്‍ നാട്ടുകാരിലും നൊമ്പരമുയര്‍ന്നു. അജിതപ്പടി ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.