വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിക്കണം: കാന്തപുരം

Posted on: January 25, 2019 4:01 pm | Last updated: January 25, 2019 at 4:03 pm
കേച്ചേരി മമ്പഉല്‍ഹുദാ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കേച്ചേരി: ഓരോ രാജ്യത്തിന്റെയും വര്‍ത്തമാനവും ഭാവിയും ഭദ്രമാകുന്നത് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളുകള്‍ വര്‍ധിക്കുമ്പോഴാണെന്നും അതിനാല്‍ വൈജ്ഞാനിക മേഖലയെ വളര്‍ത്താനും എല്ലാ വിഭാഗം ആളുകള്‍ക്ക് പഠിക്കാന്‍ ആവശ്യമായ വിധത്തില്‍ ക്രമീകരണങ്ങളൊരുക്കാനും സര്‍ക്കാറുകള്‍ കൂടുതല്‍ തുക വകയിരുത്തണമെന്നും മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസിന്റെ മധ്യകേരളത്തിലെ മുഖ്യ വിദ്യാഭ്യാസ സ്ഥാപനമായ കേച്ചേരി മമ്പഉല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനവും എജ്യൂ ഹബ്ബ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത്— സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈജ്ഞാനികമായി ഉയര്‍ന്ന സംഭാവനകള്‍ അര്‍പ്പിക്കാന്‍ ശേഷിയുള്ളവരാണ് ഇന്ത്യക്കാര്‍. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുടെ സേവനം നമ്മുടെ രാജ്യത്തിന് തന്നെ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന എല്ലാ സാഹചര്യങ്ങളും സര്‍ക്കാറുകള്‍ സൃഷ്ടിക്കണം. തിരഞ്ഞെടുപ്പുകളില്‍ വിദ്യാസമ്പന്നര്‍ക്കും ഉയര്‍ന്ന കാഴ്ചപ്പാടുള്ളവര്‍ക്കും അവസരം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാല്‍പത്തിയൊന്ന് വര്‍ഷമായി രാജ്യത്താകെ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന രീതിയില്‍ സേവനം സമര്‍പ്പിക്കുന്ന സ്ഥാപനമാണ് മര്‍കസ് എന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത് മര്‍കസ് ശ്രദ്ധയോടെ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തോടനുബന്ധിച്ച് കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് ആന്‍ഡ് ദഅ്‌വ, ഇസ്‌ലാമിക് കണ്ടംപററി സ്റ്റഡീസ്, തിബ്‌യാന്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഇന്റഗ്രേറ്റഡ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ക്യാമ്പസുകള്‍, പബ്ലിക് സ്‌കൂള്‍, ഹാദിയ തുടങ്ങി ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമര്‍പ്പണം കാന്തപുരം നിര്‍വഹിച്ചു. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.

സമ്മേളനത്തില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് മാനേജറുമായ സി മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കേരള സ്റ്റേറ്റ് പിന്നാക്ക വിഭാഗം കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.