Connect with us

Articles

ശബരിമലയും വിദ്വേഷ രാഷ്ട്രീയവും

Published

|

Last Updated

കേരളത്തെക്കുറിച്ച് നാം കേരളീയര്‍തന്നെ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള ചില മുന്‍ വിധികളുണ്ട്. അത്തരം മുന്‍വിധികളെ അടിസ്ഥാനമാക്കിയാണ് മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്തു നാം മേനി നടിച്ചുകൊണ്ടിരുന്നത്. പല വിഷയങ്ങളിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥകളും സ്ഥിതിഗതികളും ചൂണ്ടിക്കാണിച്ച് “അവിടത്തെപ്പോലെ ഇവിടെ ഇല്ല” എന്നുള്ള നമ്മുടെ സ്വയം ആശ്വസിക്കല്‍ ആവര്‍ത്തിച്ചുവരികയായിരുന്നു.

രാഷ്ട്രീയ പ്രബുദ്ധതയില്‍ നാം മുന്നിലാണ്, വിദ്യാഭ്യാസം, ജീവിത നിലവാരം, പൊതുബോധം എന്നിവയില്‍ ഉന്നതിയിലാണ്, നവോത്ഥാന ചിന്താഗതികളുടേയും സാമൂഹിക പ്രബുദ്ധതകളുടേയും കാര്യത്തില്‍ ഒന്നാമതാണ് എന്നിങ്ങനെ ചിലതെല്ലാമായിരുന്നു നാം നമ്മുടെ വ്യതിരിക്തകളായി ഉയര്‍ത്തിക്കാണിച്ചുവന്നത്. എന്നാല്‍ ഇത്തരത്തില്‍ നാം ഉയര്‍ത്തിക്കാണിച്ച വിഷയങ്ങളില്‍ ഒന്നിലും നമുക്ക് യാതൊരു വ്യതിരിക്തതയും ശ്രേഷ്ഠതയും അവകാശപ്പെടാനില്ല എന്ന സത്യത്തിന് അടിവരയിടുന്നതാണ് സമീപകാലസംഭവ വികാസങ്ങളെല്ലാം. 20-ാം നൂറ്റാണ്ടില്‍ ലോകവ്യാപകമായി സംഭവിച്ച പുരോഗമനാത്മക ചിന്താഗതിയുടെ വ്യാപനത്തില്‍ നിന്ന് ആശയ മാതൃകകള്‍ സ്വീകരിക്കുകയും അതോടൊപ്പം തന്നെ നമ്മുടെ തനതും തദ്ദേശീയവുമായ സാമൂഹിക പരിഷ്‌കരണ സംരംഭങ്ങളുടെ ഊര്‍ജ പ്രവാഹങ്ങളെ സ്വാംശീകരിക്കുകയും ചെയ്തുകൊണ്ട് കേരള ജനത ഏറ്റവും മെച്ചപ്പെട്ട ഒരവബോധ തലത്തില്‍ എത്തുകയുണ്ടായി എന്ന നമ്മുടെ മുന്‍വിധി സമീപകാലത്തായി തകര്‍ന്നു തരിപ്പണമാവുകയുണ്ടായി. നമ്മുടെ നവോത്ഥാന അവകാശവാദങ്ങളത്രയും സാഹിത്യങ്ങളിലും പ്രസംഗങ്ങളിലും എഴുത്തുകളിലും ഒതുങ്ങുകയും ജനജീവിതത്തിന്റെ അകത്തും പുറത്തും പഴയകാല ജീര്‍ണതകള്‍ തളംകെട്ടിക്കിടക്കുകയുമാണെന്ന സത്യം തെളിയിക്കപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ കേരളീയ പൊതു സമൂഹം പ്രത്യക്ഷ തലത്തിലൊരു പ്രബുദ്ധതയുടെ മേലങ്കി അണിയുകയുണ്ടായിട്ടുണ്ടെങ്കിലും പല സന്ദര്‍ഭങ്ങളിലും ആ പ്രബുദ്ധതക്കെതിരായ ചില പ്രവണതകള്‍ തലനീട്ടാറുണ്ടായിരുന്നു. അത്തരം എതിര്‍ അനുഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാണ് നാം ശ്രമിച്ചു വന്നത്. കേരളീയ സമൂഹം മൊത്തതില്‍ പരിവര്‍ത്തിതമാണെന്നും നവോത്ഥാനത്തിനും പ്രബുദ്ധതക്കും എതിരായി ഉയരുന്ന പ്രവണതകള്‍ കേവലം താത്കാലികങ്ങളും തികച്ചും ഒറ്റപ്പെട്ടവയുമാണ് എന്ന സമാശ്വാസത്തിലാണ് നാം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.
എന്നാല്‍, സമീപകാലത്തെ പല സംഭവവികാസങ്ങളും കേരളീയ നവോത്ഥാനം, സാമൂഹ്യമുന്നേറ്റങ്ങള്‍, പൊതു മണ്ഡലത്തിന്റെ മത നിരപേക്ഷ പ്രബുദ്ധത എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ ശരിയായിരുന്നില്ല എന്ന് തെളിയിച്ചു. സമൂഹത്തിന്റെ ഉള്ളില്‍ നവോത്ഥാന പ്രബുദ്ധതകള്‍ക്കെതിരായ അനേകം ദുഷ്പ്രവണതകള്‍ പതുങ്ങിക്കിടക്കുന്നുണ്ടെന്നും അനുകൂല സന്ദര്‍ഭങ്ങളോ സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ അത്തരം ദുഷ്പ്രവണതകള്‍ ഗുരുതരങ്ങളായ സാമൂഹിക വെല്ലുവിളികളായി രംഗത്തിറങ്ങാനുള്ള സാധ്യത അവശേഷിക്കുന്നു എന്നുമുള്ള ഞെട്ടലുളവാക്കുന്ന ഒരു തിരിച്ചറിവാണ് സമീപകാലത്തിന്റെ സംഭാവന. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുകയും നിയമപരമായി അവകാശപ്പെടുത്തുകയും ചെയ്യുന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നും പിന്നും നോക്കാതെ ഇറങ്ങിത്തിരിച്ചത്, സത്യത്തില്‍ കേരളീയ പൊതു സമൂഹം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും, ഇനിയും ഗൗരവമേറിയ നിരവധി മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സമൂഹം പാകതയാര്‍ജിച്ചിട്ടുണ്ടെന്നുമുള്ള വിശ്വാസവും തോന്നലും ഊന്നുവടികളാക്കിയായിരുന്നു. എന്നാല്‍, കേരളീയ പൊതുസമൂഹത്തെ കുറിച്ചുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ ഈ വിലയിരുത്തല്‍ തികച്ചും പാളിപ്പോയി എന്ന് തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ തെളിയിച്ചു. പൊതുസമൂഹത്തിന്റെ പ്രബുദ്ധതയെയും വകതിരിവിനെയും കുറിച്ച് ഒരു ഭരണകൂടത്തിന്റെ വിശ്വാസമാണ് തകര്‍ന്നത്. ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ പരമോന്നത നീതി പീഠത്തില്‍ നിന്നുണ്ടായ ഒരു വിധി പ്രഖ്യാപനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ അന്തസ്സത്തയെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ പൊതു സമൂഹത്തിന് കഴിയുമെന്ന് ഒരു മതേതര ഭരണകൂടം കണക്കു കൂട്ടുന്നതിനെ തെറ്റു പറയാനാവില്ല. എന്നാല്‍, ഭരണഘടനക്കും നീതിന്യായ വ്യവസ്ഥക്കും സ്ത്രീ- പുരുഷ നീതിയുടെ മൂല്യങ്ങള്‍ക്കും മുകളില്‍ വിശ്വാസത്തെയും ആചാരത്തെയും പ്രതിഷ്ഠിച്ചാരാധിക്കുന്ന മനോഭാവത്തില്‍ നിന്ന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ഓരോന്നായി തെളിയിച്ചു കൊണ്ടിരുന്നു. സമൂഹത്തെ കൂടുതല്‍ ചലനാത്മകവും ദീപ്തവുമായ തലങ്ങളിലേക്കും അവസ്ഥകളിലേക്കും നയിക്കുന്നതിനുള്ള അവസരങ്ങളെന്ന നിലയില്‍ കോടതിവിധികളെ സൃഷ്ടിപരമായി ഉള്‍ക്കൊള്ളാന്‍ ഒരു ജനതക്ക് കഴിയുക എന്നത് പരമപ്രധാനമാണ്.
സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പ്രയത്‌നങ്ങളിലൂടെ പൊതുമണ്ഡലത്തില്‍ നിന്നും ജാതീയ വിവേചനങ്ങളും സാമുദായിക സങ്കുചിത ചിന്തകളും പോയിരിക്കുന്നുവെന്ന ധാരണ നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ കാലങ്ങളിലെല്ലാം പലപ്പോഴും സമൂഹത്തില്‍ ആവിര്‍ഭവിക്കുന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമിടയില്‍ ജാതീയ പക്ഷപാതിത്വങ്ങള്‍ തലനീട്ടിക്കണ്ടു. ജാതി മത പരിഗണനകള്‍ക്ക് അതീതമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെപ്പോലും ജാതി-മത പരിസരങ്ങളില്‍ പ്രതിഷ്ഠിച്ച് ചര്‍ച്ചകളും വിവാദങ്ങളും നടന്നു. ഭരണ-പ്രതിപക്ഷ രാഷ്ട്രീയങ്ങളുടെ നയങ്ങളും നിലപാടുകളുമായി ജാതി-മത ചായ്‌വുകളെ കൂട്ടിക്കെട്ടുന്ന വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുണ്ടായി. ന്യൂനപക്ഷ-ഭൂരിപക്ഷ പരിഗണനകള്‍ക്കതീതമായി ചര്‍ച്ചകളും വിശകലനങ്ങളും നടക്കേണ്ടിയിരുന്ന സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും തികച്ചും ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദചിന്തകളിലൂന്നി കൈകാര്യം ചെയ്യപ്പെട്ടു.
ഇത്തരത്തില്‍ ജാതിയും മതവും സമുദായവും കേരളീയ പൊതു മണ്ഡലത്തിന്റെ അകത്തും പുറത്തും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുമ്പോഴും നവോത്ഥാന പ്രബുദ്ധതകളെ അടിസ്ഥാനമാക്കിയുള്ള ഒരു പൊതു ബോധത്തെ കുറിച്ച് നാം മിഥ്യാഭിമാനം പുലര്‍ത്തിവരികയായിരുന്നു. സംഘ്പരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ വേരുറപ്പിക്കാന്‍ ചതുരുപായങ്ങളും പ്രയോഗിച്ചുക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍, കേരളീയ സാമൂഹിക പരിസരങ്ങളില്‍ പുതുതായി ആവിര്‍ഭവിക്കുന്ന ഏതൊരു പ്രശ്‌നത്തിന്റെയും രാഷ്ട്രീയ വിനിയോഗ സാധ്യതകള്‍ മുന്‍കൂട്ടി കാണേണ്ടുന്ന വിഷയമായി ഉയര്‍ന്നു വന്നത് സമീപ കാലത്താണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ഉപാധിയും ഉപകരണവും എക്കാലവും മതമല്ലാതെ മറ്റൊന്നുമല്ല. ആ നിലക്ക് മതവുമായി ബന്ധപ്പെടുന്ന ഏതൊരു വിഷയത്തിലേയും മുതലെടുപ്പ് സാധ്യതകളെ കുറിച്ചവര്‍ കൂലങ്കശമായി ചിന്തിക്കുകയും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക സ്വാഭാവികമാണ്. ഹൈന്ദവ ഭൂരിപക്ഷ പൊതു ബോധത്തില്‍ സംഘ്പരിവാര രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാന്‍ ഉപകരിക്കുന്ന വിഷയങ്ങള്‍ അവര്‍ക്ക് വീണു കിട്ടുന്ന “ഗോള്‍ഡന്‍ ചാന്‍സുകള്‍” തന്നെയാണ്. അവര്‍ അത്തരം വിഷയങ്ങളെ പരമാവധി തലങ്ങളിലേക്ക് വികസിപ്പിക്കുകയും യഥാര്‍ഥത്തില്‍ വിഷയങ്ങളെ ബന്ധിപ്പിക്കാനോ കൂട്ടിയിണക്കുവാനോ അര്‍ഹതയില്ലാത്ത തലങ്ങളിലേക്ക് പോലും ദുര്‍വ്യഖ്യാനിച്ചെത്തിക്കുകയും ചെയ്തു എന്നുവരാം. പ്രശ്‌നങ്ങളെ പരമാവധി സങ്കീര്‍ണവത്കരിക്കുകയും മുതലെടുപ്പ് നടത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയും വിവാദങ്ങളെയും അതിവ്യാപന സ്വഭാവങ്ങളിലേക്കവര്‍ വലിച്ചിഴച്ചു കൊണ്ടിരിക്കുന്നത്.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നത് നയപരവും ആശയപരവുമായ വിഷയങ്ങളാണ്. ആചാരങ്ങള്‍ പഴയപടി നിലനില്‍ക്കണമെന്ന് പറയാന്‍ അവകാശം അത്തരം ആചാരങ്ങളെ പരമപ്രധാനങ്ങളായി കരുതുന്നവര്‍ക്ക് മാത്രമാണ്. ശബരിമല ഭക്തരും പാരമ്പര്യ സംരക്ഷണ ചിന്താഗതിക്കാരും നവോത്ഥാന വാദികളും മാറ്റങ്ങള്‍ വേണമെന്ന് ചിന്തിക്കുന്നവരും പാരമ്പര്യ ആചാരങ്ങള്‍ക്കും മുകളിലാണ് ഭരണഘടനാപരമായ നീതി നിര്‍വഹണങ്ങള്‍ എന്നു കരുതുന്നവരും ഉള്‍പ്പെട്ടതാണ് ഈ വിഷയത്തിലെ യഥാര്‍ഥ തര്‍ക്കമണ്ഡലം. അഹിന്ദുക്കളായ മതന്യൂനപക്ഷങ്ങള്‍ മുതലായ, വിഷയവുമായി ബന്ധമില്ലാത്ത ഇതര ജനമണ്ഡലത്തിലേക്ക് വിഷയത്തെ വലിച്ചു നീട്ടുകയും അതിവ്യാപിപ്പിക്കുകയും ചെയ്യുന്നത് തികച്ചും ദുരുദ്ദേശത്തോടെ മാത്രമാണ്. ശബരിമല വിഷയത്തെ ഇന്ത്യയിലെ സംഘ്പരിവാര കുബുദ്ധികള്‍ പലരീതിയില്‍ ദുര്‍വ്യാഖ്യാനിച്ച് വൈകാരികമായ വിഷവിത്തുകള്‍ പാകി മുളപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി.
ശബരിമല തകര്‍ക്കാനുള്ള മുസ്‌ലിംകളുടെ ഗൂഢ നീക്കങ്ങള്‍ക്ക് ശക്തി പകരാനാണ് സര്‍ക്കാര്‍ അവിടെ കോടതി വിധി നടപ്പിലാക്കാന്‍ ധൃതി വെക്കുന്നതെന്നെല്ലാം ദുര്‍വ്യാഖ്യാനങ്ങള്‍ വന്നു. വിഷയത്തില്‍ കാഴ്ചക്കാര്‍ പോലുമല്ലാതെ ഒരു വിഭാഗത്തിന്റെ തലയിലേക്ക് ഏറ്റവും ജുഗുപ്‌സാവഹമായ ഒരു ദുരാരോപണങ്ങളുടെ കെട്ടഴിച്ചിടുകയാണ് സംഘ്പരിവാര്‍ ചെയ്തത്. ഇത്തരത്തില്‍ ഒരു ദുര്‍വ്യാഖ്യാനാധിഷ്ഠിതമായ അതിവ്യാപനത്തിലൂടെ അവര്‍ ലക്ഷ്യമാക്കിയത് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും നുണകളില്‍ അധിഷ്ഠിതമായ ഒരു മതാത്മക-ഫാസിസ്റ്റ് രാഷ്ട്രീയ ബോധത്തിന് മേല്‍കൈ ഉണ്ടാക്കിയെടുക്കുക എന്നതു തന്നെയാണ്. മതവും വിശ്വാസവും പാരമ്പര്യവുമൊക്കെയായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഏതൊരു നുണകളെയും കണ്ണടച്ചു വിശ്വസിക്കാന്‍ ഒരു പരിധി വരെ പരിശീലിപ്പിക്കപ്പെട്ടുകഴിഞ്ഞ വലിയൊരുവിഭാഗം ജനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്. ഈ ജനങ്ങളാണ് സംഘ്പരിവാര രാഷ്ട്രീയത്തിന്റെ ഇന്നത്തെ അടിസ്ഥാന ശക്തി. എന്നാല്‍ അത്തരത്തില്‍ ഒരു മനോഭാവത്തെ പൊതു സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേരളത്തില്‍ അവര്‍ക്ക് സമീപകാലം വരെയും കഴിഞ്ഞിട്ടില്ല. ശബരിമലയുമായി ബന്ധപ്പെടുത്തി സംഘ്പരിവാര്‍ ആവിഷ്‌കരിച്ചു പ്രചരിപ്പിച്ച നുണകള്‍ ഇവിടെ സ്വാധീനം ചെലുത്തുകയോ പൊതു വികാര-വിചാരങ്ങളെ നിര്‍ണായകമായി സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ പോലും കേരളീയ പൊതുബോധത്തിന്റെ ചില ദുര്‍ബലങ്ങളായ കോണുകളിലേക്കെങ്കിലും കടന്നു ചെന്ന് ചെറിയ ചെറിയ അനുരണനങ്ങള്‍ സൃഷ്ടിക്കാനവക്ക് കഴിഞ്ഞില്ലേ എന്നു സംശയിക്കുവാന്‍ പ്രേരിപ്പിക്കുന്നു സമീപകാല സംഭവവികാസങ്ങള്‍. കേരളം നേരിടാന്‍ പോകുന്ന വലിയൊരു പ്രശ്‌നം, ശബരിമല വിഷയത്തിന്റെ മറപറ്റി ഇവിടെ കെട്ടഴിച്ചുവിടപ്പെട്ട നുണകളുടെ ചീഞ്ഞു നാറ്റങ്ങള്‍ ഭാവിയിലും നിലനിന്നേക്കാമെന്നതാണ്. കരുതിയിരിക്കേണ്ടുന്ന ഒരു വിഷയമാണിത്.

(തുടരും)

എ വി ഫിര്‍ദൗസ്‌

---- facebook comment plugin here -----

Latest