ഗുണനിലവാരം കുറഞ്ഞ പ്രബന്ധങ്ങള്‍: ഇന്ത്യയിലെ പി എച്ച് ഡിക്ക് വിദേശ രാജ്യങ്ങളില്‍ മതിപ്പില്ല

Posted on: January 23, 2019 5:01 pm | Last updated: January 23, 2019 at 5:01 pm

കൊച്ചി: അക്കാദമിക് ഗുണനിലവാരം കുറഞ്ഞ ഗവേഷണ പ്രബന്ധങ്ങള്‍ക്കും ബിരുദം ലഭിക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ പി എച്ച് ഡി ബിരുദങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ മതിപ്പില്ലാ ത്തതെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല(കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള വിവര സാങ്കേതികവിദ്യകള്‍ ശാസ്ത്രഗവേഷണത്തില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ കുഫോസ് സംഘടിപ്പിച്ച രണ്ട് ദിവത്തെ ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യഥാര്‍ഥത്തില്‍ വിവരസാങ്കേതികവിദ്യയുടെ വ്യാപനത്തോടെ പി എച്ച് ഡി ഗവേഷകരുടെ ജോലിഭാരം വളരെയേറെ കുറഞ്ഞിട്ടുണ്ട്. എതാനും വര്‍ഷം മുന്‍പ് വരെ ലിറ്ററേച്ചര്‍ റിവ്യൂ മികച്ച രീതിയില്‍ തയ്യാറാക്കണമെങ്കില്‍ ചുരുങ്ങിയത് വര്‍ഷം എങ്കിലും രാജ്യത്തിന്റെ പല കോണുകളിലുമുള്ള ലൈബ്രറികള്‍ കയറിയിറങ്ങി, അനവധി ഗവേഷണ പ്രബന്ധങ്ങള്‍ റഫര്‍ ചെയ്യണമായിരുന്നു. ഇപ്പോഴാകട്ടെ കമ്പ്യൂട്ടറില്‍ എല്ലാം വിരല്‍തുമ്പില്‍ ലഭിക്കും. ഇപ്പോള്‍ മൂന്ന് മാസം കൊണ്ട് ഏത് വിഷയത്തിലും മികച്ച ലിറ്ററേച്ചര്‍ റിവ്യൂ തയ്യാറാക്കാമെന്ന് ഡോ. രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഗവേഷണത്തിന്റെ മറ്റ് മേഖലകളിലും വിവരസാങ്കേതികവിദ്യയുടെ വ്യാപനം ജോലിഭാരം ലഘൂകരിച്ചിട്ടുണ്ട്. എന്നിട്ടും ഗവേഷണ പ്രബന്ധങ്ങളുടെ ഗുണനിലവാരം കുറയുന്നതിന് കാരണം ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇതിന് പരിഹാരമായാണ് കുഫോസ് ഈ ശില്‍പ്പശാല നടത്തുന്നതെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നായി നൂറോളം ഗവേഷണ വിദ്യാര്‍ഥികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ശില്‍പ്പശാല ഇന്ന് സമാപിക്കും.