മലപ്പുറത്ത കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി

Posted on: January 21, 2019 11:52 am | Last updated: January 21, 2019 at 11:52 am
ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം മലപ്പുറത്ത് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രങ്ങള്‍ മെനയാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറത്ത് നേതൃ യോഗം ചേര്‍ന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്താന്‍ ശക്തി പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കും.
ലീഗുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

ഈ മാസം 23ന് കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കും. അടുത്ത മാസം ഒമ്പത്, 10, 11 തീയതികളിലാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജാഥ ജില്ലയിലെത്തുന്നത്. ഇതിന്റെ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമാമെന്നും ഒരു ജനാധിപത്യ സര്‍ക്കാര്‍ പാലിക്കേണ്ട മര്യാദ ഒന്നും തന്നെ സര്‍ക്കാര്‍ പാലിച്ചില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ പി അനില്‍കുമാര്‍, എ പി അനില്‍കുമാര്‍ എം എല്‍ എ, ഇ മുഹമ്മദ് കുഞ്ഞി, വി എ കരീം, എന്‍ എ മുബാറക്, ഡോ. ഹരിപ്രിയ, ഫാത്വിമ റോഷ്‌ന, എക്‌സ് എം പി. സി ഹരിദാസ്, യു അബൂബക്കര്‍, ആര്യാടന്‍ ഷൗക്കത്ത്, ശശീന്ദ്രന്‍ മങ്കട പ്രസംഗിച്ചു.