ജമ്മുവില്‍ മുസ്‌ലിങ്ങളെ വിഭാഗീയമായി പീഡിപ്പിക്കുന്നതായി മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി

Posted on: January 20, 2019 8:51 pm | Last updated: January 21, 2019 at 9:54 am

ശ്രീനഗര്‍: ഗവര്‍ണര്‍ ഭരണത്തിനു കീഴിലുള്ള ജമ്മു കശ്മീരിലെ ഗുജ്ജാര്‍, ബകര്‍വാല പോലുള്ള മുസ്‌ലിം ഗോത്രസമുദായങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയും കന്നുകാലി കള്ളക്കടത്ത് ആരോപിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നതായി മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ
മുഫ്തി. മുസ്‌ലിം വികാരങ്ങളെ വ്രണപ്പെടുത്തുകയും വിഭാഗീയത വളര്‍ത്തുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെട്ടിട്ടുണ്ട്.

താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജ്ജാര്‍, ബകര്‍വാല വിഭാഗങ്ങളെ പീഡിപ്പിക്കുന്നതു തടയാന്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നതായി മുഫ്തി പറഞ്ഞു. ആരും പീഡനത്തിനു വിധേയരാകുന്നില്ലെന്ന് ഗവര്‍ണര്‍ ഭരണം ഉറപ്പുവരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഗവര്‍ണറുടെ മൂക്കിനു താഴെയാണ് വിഭാഗീയ നീക്കങ്ങള്‍ നടക്കുന്നത്.

തന്റെ നേതൃത്വത്തിലുള്ള പി ഡി പി-ബി ജെ പി സര്‍ക്കാര്‍ താഴെയിറങ്ങിയ ശേഷം നുഴഞ്ഞുകയറ്റം ആരോപിച്ച് ഈ സമുദായങ്ങളിലെ നിരവധി കുടുംബങ്ങള്‍ക്കാണ് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പല കുടുംബങ്ങളെയും ബലമായി ഒഴിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി.

ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ചില ശക്തികള്‍ ജമ്മുവിലുണ്ടെന്ന് എട്ടു വയസ്സുകാരിയായ ആദിവാസിപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തെ പരാമര്‍ശിക്കവെ മുഫ്തി പറഞ്ഞു. മുസ്‌ലിം സമുദായാംഗങ്ങളെ പരിഭ്രാന്തിയില്‍ നിര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം. മുസ്‌ലിങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ഭൂമിയുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക അസാധ്യമാക്കും വിധം ഇവരെ മുന്‍സിപ്പാലിറ്റികള്‍ക്കു കീഴില്‍ ആക്കിയിരിക്കുകയുമാണെന്നും മുഫ്തി ചൂണ്ടിക്കാട്ടി.