‘മൂന്ന് ഇതിഹാസ’ വിവാദം

Posted on: January 20, 2019 1:07 pm | Last updated: January 20, 2019 at 1:07 pm

മെല്‍ബണ്‍: ആസ്‌ത്രേലിയക്കെതിരെ ഏകദിന പരമ്പര ജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും ടെന്നീസ് താരം റോജറര്‍ ഫെഡററെ കാണാനെത്തിയതിന്റെ ചിത്രങ്ങള്‍ കായിക പ്രേമികളെ പ്രകോപിതരാക്കി. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഒദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ട ചിത്രമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് നടക്കുന്നതിനിടെയാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും അവിടെയെത്തിയത്. ഇവിടെ വെച്ച് ഇരുവരും സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡററുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയുടെ ചിത്രം കഴിഞ്ഞ ദിവസം ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഔദ്യോഗിക വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍, ചിത്രമല്ല, അതിന്റെ അടിക്കുറിപ്പ് ക്രിക്കറ്റ്, ടെന്നീസ് പ്രേമികള്‍ക്ക് തീരെ രുചിച്ചില്ല. ‘മൂന്ന് ഇതിഹാസങ്ങള്‍’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ബോളിവുഡ് നടിയായ അനുഷ്‌കയെ ‘ഇതിഹാസ’മാക്കിയതാണ് അവരുടെ അനിഷ്ടത്തിന് ഇടയാക്കിയത്. ട്വിറ്ററില്‍ ഇതേക്കുറിച്ച് ചൂടേറിയ പ്രതികരണമാണ് വരുന്നത്.
ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ പര്യടനം തുടങ്ങിയത് മുതല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം ഭാര്യ അനുഷ്‌കയും ഉണ്ട്. ടെസ്റ്റ്, ഏകദിന പരമ്പരയിലുടനീളം കോഹ്‌ലിക്കും ടീം ഇന്ത്യക്കും പിന്തുണയുമായി അവര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു അവരുടെ ആദ്യ വിവാഹ വാര്‍ഷികവും. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീം ഇന്ത്യക്കൊപ്പം അനുഷ്‌കയെയും ഉള്‍പ്പെടുത്തിയെടുത്ത ഫോട്ടോ വിവാദമായിരുന്നു.