Connect with us

Gulf

സര്‍ക്കാര്‍ വകുപ്പുകളില്‍ കടലാസ് ഉപയോഗം പകുതിയിലധികം കുറഞ്ഞെന്ന്

Published

|

Last Updated

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ കടലാസിന്റെ ഉപയോഗം ഗണ്യമായി കുറക്കാന്‍ സാധിച്ചുവെന്ന് അധികൃതര്‍. ദുബൈ ഗവണ്‍മെന്റിന്റെ കടലാസില്ലാ ഇടപാടുകള്‍ എന്ന കാഴ്ചപ്പാടിന്റെ പ്രായോഗികവത്കരണത്തിന്റെ ഫലമാണിതെന്ന് ദുബൈ സ്മാര്‍ട് ഗവണ്‍മെന്റ് ഫൗണ്ടേഷന്‍ വാര്‍ത്താലേഖകരോട് വ്യക്തമാക്കി.
പേപ്പറില്ലാ ഇടപാടുകള്‍ പദ്ധതിയുടെ ഒന്നാംഘട്ടം കഴിഞ്ഞ ഡിസംബറോടെ അവസാനിച്ചപ്പോള്‍, ദുബൈ ഗവണ്‍മെന്റ് കൂടുതല്‍ സ്മാര്‍ടായതായി ഫൗണ്ടേഷന്‍ അധികൃതര്‍ വിശദീകരിച്ചു. പദ്ധതി ലക്ഷ്യം വെച്ചതിലുമപ്പുറം എത്തിക്കാന്‍ സാധിച്ചു.

50 ശതമാനമായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒന്നാംഘട്ട കാലയളവ് പിന്നിടുമ്പോള്‍ 57 ശതമാനം കൈവരിച്ചുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ദുബൈ ഗവണ്‍മെന്റിന് കീഴിലെ ആറ് വകുപ്പുകളാണ് തങ്ങളുടെ ഇടപാടുകള്‍ കടലാസ് രഹിതമാക്കി പദ്ധതി വിജയിപ്പിച്ചത്.
ഓരോ വര്‍ഷവും ദുബൈ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ തങ്ങളുടെ ഇടപാടുകള്‍ക്കായി 100 കോടി കടലാസുകളാണ് ഉപയോഗിച്ചുവരുന്നത്. ഇവ പൂര്‍ണമായും കടലാസ് രഹിതമാക്കുന്നതോടെ 90 കോടി ദിര്‍ഹം ഇതിലൂടെ ലാഭിക്കാന്‍ സാധിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അതിനു പുറമെ, ഇത്രയധികം കടലാസുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള പാരിസ്ഥിതികവും അല്ലാത്തതുമായ പ്രശ്‌നങ്ങളില്‍ നിന്നും മുക്തിയും ലഭിക്കും.

പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ആറ് സര്‍ക്കാര്‍ വകുപ്പുകളിലായി 6.4 കോടി കടലാസുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍, പദ്ധതി ഒന്നാംഘട്ടം പിന്നിടുമ്പോള്‍ അത് 27 കോടിയായി കുറഞ്ഞിട്ടുണ്ട്. ദുബൈ ഗവണ്‍മെന്റിനെ കൂടുതല്‍ സ്മാര്‍ടും കടലാസ് രഹിതവുമാക്കാനായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏറ്റെടുത്തതാണ് പദ്ധതി ഇത്രമാത്രം വിജയകരമായതെന്ന് സ്മാര്‍ട് ദുബൈ ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ ബിശ്ര്‍ പറഞ്ഞു. 12.12.2021 ആകുന്നതോടെ പൂര്‍ണമായും പേപ്പര്‍രഹിതമായ ആദ്യ ഗവണ്‍മെന്റ് ദുബൈയുടേതാവുക എന്നതാണ് ലക്ഷ്യമെന്നും ഡോ. ആഇശ പറഞ്ഞു. മൂന്ന് ഘട്ടങ്ങളായി പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമാണ് കഴിഞ്ഞ ഡിസംബറോടെ അവസാനിച്ചത്.

Latest