അജിത് ഡോവലിന്റെ മകന്റെ കമ്പനിയില്‍ ഒരു വര്‍ഷം 8300 കോടിയുടെ വിദേശനിക്ഷേപം

Posted on: January 18, 2019 12:15 pm | Last updated: January 18, 2019 at 1:25 pm

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക്് ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 8300കോടി രൂപയുടെ വിദേശ നിക്ഷേപം. 2016ലെ പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസങ്ങള്‍ക്കുശേഷം കേമെന്‍ ദ്വീപില്‍ രൂപവത്കരിച്ച കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമുണ്ടായതെന്നും വിവേകിന് അനധികൃത ഇടപാടില്‍ പങ്കുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ ആര്‍ബിഐ അന്വേഷണം നടത്തി ഈ പണമിടപാടിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

നികുതിവെട്ടിപ്പുകാര്‍ പണം നിക്ഷേപിക്കുന്ന സ്ഥലമാണ് കിരീബിയന്‍ കടലിലെ കേമെന്‍ ദ്വീപ്. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമായി കേമെന്‍ ദ്വീപില്‍ നിന്നെത്തിയത് 8300 കോടി രൂപയാണെന്ന് റിസര്‍വ് ബേങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 13 ദിവസത്തിന് ശേഷമാണ് ജിഎന്‍വൈ ഏഷ്യ എന്ന പേരില്‍ കമ്പനി രൂപവത്കരിച്ചത്. അനധികൃതമായി സൂക്ഷിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണിതെന്നും റിസര്‍വ് ബേങ്ക് അന്വേഷിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍, ഡോണ്‍ ഡബ്യു ഇബാങ്ക്‌സ് എന്നിങ്ങനെ രണ്ട് ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്. ഇതില്‍, രണ്ടാമത്തെയാള്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ഇയാളുടെ പേര് നികുതിവെട്ടിപ്പ് നടത്തിയവരെക്കുറിച്ച് വെളിപ്പെടുത്തലുള്ള പാനമ രേഖകളിലുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.