Connect with us

Articles

ഡിസൈന്‍ കോഴ്‌സുകള്‍ക്ക് പ്രിയമേറുന്നു, തൊഴില്‍ സാധ്യതകളും

Published

|

Last Updated

കൈകൊട്ടി വിളിക്കുകയും ആടിപ്പാടുകയും ചെയ്യുന്ന ചില പാവകളെ കണ്ടാല്‍ എത്ര വിലയേറിയതാണെങ്കിലും അത് വാങ്ങാതെ പോകാന്‍ പറ്റാത്ത അവസ്ഥ ചിലപ്പോഴെങ്കിലും നമുക്കുണ്ടാവാറില്ലേ? ചല എയര്‍ലൈനുകളുടെ കാബിന്‍ക്രൂവിന്റെ വസ്ത്രധാരണം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതെന്തേ? പോര്‍ഷെ കാറുകള്‍ ഒഴുകി എത്തുന്നത് നാം നോക്കി നില്‍ക്കാറില്ലേ? ചില ഗാനശകലങ്ങള്‍ കേട്ട് നാം തരിച്ചു നിന്നിട്ടില്ലേ? ബുര്‍ജ് ഖലിഫയും താജ്മഹലും ഈഫല്‍ ടവറും വീണ്ടും വീണ്ടും കാണണമെന്ന് കൊതിക്കുന്നതെന്തേ? ഇവയെല്ലാം നമ്മുടെ ഉള്ളില്‍ കൊളുത്തിവെച്ച, വരച്ചിട്ട, സുന്ദരവും മധുരവും ആകൃഷ്ടവുമായ രൂപങ്ങളായതിനാല്‍ തന്നെ. ഇവയൊക്കെ മറക്കാനാവാത്ത വിധം മനസ്സില്‍ പതിപ്പിച്ചതിന് പിന്നില്‍ ഒരു ഡിസൈന്‍ മികവുണ്ട്. ഡിസൈന്‍ രംഗം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം നീങ്ങുന്നത്.

ഡിസൈന്‍ ഒരു കലയാണ്. എന്‍ജിനീയറിംഗിന്റെ ചിട്ടവട്ടങ്ങളും വരകളും കണക്കുകളുമൊക്കെയുള്ള അതിസങ്കീര്‍ണമായ മേഖലയാണിതെന്ന ധാരണ മിഥ്യയാണ്. വിടര്‍ന്ന ഭാവനയും മിടുക്കും കണക്കുകളുടെ ക്ലിപ്തതയും താത്പര്യവുമൊത്തു ചേരുമ്പോള്‍ ഒരാളില്‍ ഒരു ഡിസൈനര്‍ രൂപം കൊള്ളുന്നു.
വസ്ത്രമേഖലയുമായി ബന്ധപ്പെട്ടാണ് ഡിസൈന്‍ എന്ന വാക്ക് നാം ഏറെ കേട്ടിട്ടുള്ളത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകള്‍ക്ക് പിന്നില്‍ ഡിസൈനിംഗിന് വലിയ പ്രാധാന്യമുണ്ട്. ഈയിടെ നടന്ന ഒരു ഹോളിവുഡ് താര വിവാഹത്തിന് ധരിച്ച വസ്ത്രങ്ങളുടെ ഡിസൈനും അതിന്റെ കോടികളുടെ വില മതിപ്പും ചര്‍ച്ചയായിരുന്നു. ഫാഷന്‍ രംഗത്തെ വിവിധ കോഴ്‌സുകള്‍ക്ക് നിഫ്റ്റ് (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി) എന്ന സ്ഥാപനങ്ങള്‍ ഏറെ പ്രശസ്തമാണ്. മിക്ക സംസ്ഥാനങ്ങളിലും നിഫ്റ്റ് ക്യാമ്പസുകളുണ്ടെങ്കിലും മുംബൈ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ക്യാമ്പസുകള്‍ ഏറെ പ്രശസ്തമാണ്. ഭോപ്പാല്‍, ഭുവനേശ്വര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, ജോദ്പൂര്‍, കാംഗ്ര, കൊല്‍ക്കത്ത, പറ്റ്‌ന, റായ്ബറേലി, ഷില്ലോംഗ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിഫ്റ്റിന് ക്യാമ്പസുകളുണ്ട്. കേരളത്തില്‍ കൈത്തറിയുടെ നാടായ കണ്ണൂരിലാണ് നിഫ്റ്റ് ക്യാമ്പസ്.
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ആ.ഉല)െ എന്ന നാല് വര്‍ഷ ബിരുദ കോഴ്‌സുകളാണ് ഡിസൈന്‍ രംഗത്ത് മുഖ്യമായുള്ളത്. ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും ഈ മേഖലയില്‍ നിലവിലുണ്ട്. പ്രവേശന പരീക്ഷ വഴിയാണ് ഇവിടങ്ങളിലേക്കുള്ള അഡ്മിഷന്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പിനടുത്തുള്ള ധര്‍മശാലയിലെ നിഫ്റ്റ് സെന്ററില്‍ ടെക്സ്റ്റയില്‍ ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, നിറ്റ്‌വെയര്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ ബിരുദ കോഴ്‌സും ഡിസൈന്‍ സ്‌പേസ്, ഫാഷന്‍ സ്റ്റഡീസ് എന്നിവയില്‍ പിജി കോഴ്‌സും നടത്തുന്നുണ്ട്. ഇവ കൂടാതെ ഫോട്ടോ ജേര്‍ണലിസം, കാലിഗ്രഫി, ഹോം ഫര്‍ണിഷിംഗ്, അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് ആന്റ് കോസ്റ്റിംഗ് എന്നിവയില്‍ ഹ്രസ്വകാല കോഴ്‌സുകളും ലഭ്യമാണ്. ഇത് കൂടാതെ കൊല്ലം കുണ്ടറയിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ ഫാഷന്‍ ഡിസൈനിംഗില്‍ ബി.ഡെസ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

ഫാഷന്‍ രംഗത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഡിസൈന്‍. ആനിമേഷന്‍ ഫിലിം ഡിസൈന്‍, സിറാമിക് ആന്റ് ഗ്ലാസ് ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍, ഫിലിം ആന്റ് വീഡിയോ, ഫര്‍ണിച്ചര്‍ ആന്റ് ഇന്റീരിയര്‍, പ്രൊഡക്ട് ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ഓട്ടോമൊബൈല്‍ ഡിസൈന്‍, ഗെയിം ഡിസൈന്‍, ന്യൂ മീഡിയ ഡിസൈന്‍, ടോയ് ഡിസൈന്‍ തുടങ്ങി എല്ലാ മേഖലകളിലും ഡിസൈന്‍ കോഴ്‌സുകള്‍ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയനുസരിച്ച് ഡിസൈനിന്റെ പ്രസക്തി കൂടി വരുന്നതാണ് പ്രകടമാവുന്നത്. മിക്ക കമ്പനികളും മികച്ച ഡിസൈനര്‍മാരെ തേടി നടക്കുന്ന അവസ്ഥയാണുള്ളത്. ഏറെ ജോലി സാധ്യതയും മികച്ച ശമ്പളവും ഈ മേഖലയില്‍ ലഭിക്കുന്നു എന്നത് ഡിസൈനര്‍മാരുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
ഡിസൈന്‍ രംഗത്തെ മികച്ച സ്ഥാപനമാണ് കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള എന്‍ ഐ ഡി. (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍) ബെംഗളൂരു, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ ക്യാമ്പസുകളുണ്ട്. ഈ സ്ഥാപനം ലോകത്തിലെ തന്നെ മികച്ച ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ്. ഡിസൈന്‍ രംഗത്തെ മേല്‍ പ്രസ്താവിച്ച കോഴ്‌സുകളില്‍ മിക്കതും ഈ ക്യാമ്പസുകളിലുണ്ട്.

ഒരു വസ്തുവിന്റെ വിപണന സാധ്യത പ്രഥമമായി അതിന്റെ രൂപഭംഗിയിലാണ്. അതിനാല്‍ തന്നെ പ്രൊഡക്ട് ഡിസൈന്‍ നിര്‍മാണ മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വാഹന നിര്‍മാണ മേഖലയില്‍ ഓട്ടോമൊബൈല്‍ ഡിസൈന്‍ എന്ന പ്രത്യേക വിഭാഗത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. രൂപഭംഗി മാത്രമല്ല, സൗകര്യങ്ങള്‍, യന്ത്രങ്ങളുടെ പ്രവര്‍ത്തനശേഷി എന്നിവയെല്ലാം ഈ ഡിസൈന്‍ മികവിലൊതുങ്ങുന്നുണ്ട്. പ്രൊഡക്ട് ഡിസൈനിംഗില്‍ ഐ ഐ ടികള്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. മുംബൈ, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഐ ഐ ടികള്‍ ഡിസൈന്‍ കോഴ്‌സുകള്‍ക്ക് പേരുകേട്ടതാണ്. കൊല്ലത്തുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ പ്രൊഡക്ട് ഡിസൈനിംഗില്‍ പി ജി ഡിപ്ലോമ കോഴ്‌സുകള്‍ ലഭ്യമാണ്.

വരും കാലങ്ങളില്‍ ഡിസൈന്‍ മേഖലയിലുണ്ടായേക്കാവുന്ന വന്‍ കുതിച്ചുചാട്ടം മുന്നില്‍ കണ്ട് 2019-20 അധ്യയന വര്‍ഷം മുതല്‍ ഡിസൈന്‍ കോഴ്‌സുകള്‍ക്ക് എ ഐ സി ടി ഇയുടെ (അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍) അംഗീകാരം കൂടി ലഭ്യമാകുന്നു. തൊഴില്‍ മേഖലയില്‍ ഡിസൈന്‍ കോഴ്‌സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം നല്‍കുന്ന കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനു കീഴിലുള്ള ഐ ഐ സി ടി ഇയാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. എ ഐ സി ടി ഇ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇനി ഡിസൈന്‍ കോഴ്‌സുകള്‍ കൂടി തുടങ്ങാം. പുതിയ സ്ഥാപനങ്ങളായും ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ആരംഭിക്കാം. ബി ഡെസ്, എം ഡെസ് എന്നീ കോഴ്‌സുകള്‍ക്കു പുറമെ ഡിപ്ലോമ ഇന്‍ ഡിസൈന്‍ കോഴ്‌സുകളും എ ഐ സി ടി ഇക്ക് കീഴിലാവും. സര്‍വകലാശാലകളുടെയോ ടെക്‌നിക്കല്‍ ബോര്‍ഡുകളുടെയോ അംഗീകാരം ഇല്ലാതെ തന്നെ അതത് സ്ഥാപനങ്ങള്‍ നല്‍കുന്ന ഓട്ടോണമസ് കോഴ്‌സുകളായി ഡിപ്ലോമ ഇന്‍ ഡിസൈന്‍ കോഴ്‌സുകള്‍ക്ക് വരും അധ്യയന വര്‍ഷം എ ഐ സി ടി ഇ. അനുവദിച്ചേക്കും. മികച്ച സ്ഥാപനങ്ങള്‍ക്ക് വലിയ സാധ്യതകളാണ് ഇതു വഴി കൈവരിക.

ഡിസൈന്‍ മേഖലയിലെ സാധ്യതകള്‍ അനന്തമാണ്. പ്ലസ്ടൂ 45 ശതമാനം മാര്‍ക്കോടെ പാസായ ആര്‍ക്കും ഡിസൈന്‍ കോഴ്‌സുകള്‍ക്കു ചേരാവുന്നതാണ്. ഇവിടെ അഭിരുചിക്കാണ് മുന്‍തൂക്കം. കേവലം ബിരുദം ആര്‍ജിക്കുന്നതില്‍ കാര്യമില്ലെന്ന് ഈ കോഴ്‌സ് തിരഞ്ഞെടുക്കുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്. തിയറിയിലും ക്ലാസ് മുറികള്‍ക്കുള്ളിലും മാത്രം ഒതുങ്ങുന്നതാവരുത് ഡിസൈന്‍ പഠനം. ആത്മാര്‍ഥതയും ഭാവനയും കഠിനാധ്വാനവും വേണ്ടവിധം ഒന്നിച്ചു ചേരേണ്ടതുണ്ട്. പത്രത്താളില്‍ അച്ചടിച്ച ഈ ലേഖനം പോലും മുഴുവനായി നിങ്ങള്‍ വായിക്കണമെങ്കില്‍ അതിന് നിങ്ങളെ പിടിച്ചിരുത്തുന്ന ലേ ഔട്ടും നല്ല അവതരണ ശേഷിയും അനിവാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യ നിര്‍മിതമായ ഏതിന്റെ പിന്നിലും ഒരു ഡിസൈന്‍ മികവ് ഒളിച്ചിരിപ്പുണ്ട്. അതിനെ കൂടുതല്‍ മികവാര്‍ന്നതാക്കുന്നിടത്താണ് ഡിസൈനറുടെ വിജയമിരിക്കുന്നത്.
(സി-ആപ്റ്റ്, കേരള മാനേജിംഗ്
ഡയറക്ടറാണ് ലേഖകന്‍)

ഡോ. എം അബ്ദുര്‍റഹ്മാന്‍

---- facebook comment plugin here -----

Latest