വെസ്റ്റ്ബാങ്കിലെ ‘വര്‍ണവിവേചന’ ഹൈവേ പ്രവര്‍ത്തനം തുടങ്ങി

Posted on: January 11, 2019 10:24 pm | Last updated: January 11, 2019 at 10:24 pm
ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്കില്‍ നിര്‍മിച്ച ഹൈവേ

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലെ ചില ഭാഗങ്ങളിലേക്ക് ഫലസ്തീനികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയില്‍ നിര്‍മിച്ച ഹൈവേയുടെ പ്രവര്‍ത്തനം ഇസ്‌റാഈല്‍ അധികൃതര്‍ ആരംഭിച്ചു. ഫലസ്തീന്‍ രാഷ്ട്രമെന്ന കാലങ്ങളായുള്ള തങ്ങളുടെ ആവശ്യത്തിനെ നിരാകരിക്കുന്നതാണ് ഈ വര്‍ണ വിവേചന റോഡെന്ന് ഫലസ്തീന്‍ അധികൃതര്‍ പ്രതികരിച്ചു. ഹൈവേയുടെ പ്രവര്‍ത്തനം ആരംഭിച്ചതിനെ ഇസ്‌റാഈല്‍ സ്വാഗതം ചെയ്തു.

വര്‍ണ വിവേചന റോഡെന്നാണ് ഇതിനെ ഫലസ്തീന്‍കാര്‍ വിശേഷിപ്പിക്കുന്നത്. മധ്യത്തില്‍ വലിയ മതില്‍ കെട്ടിവേര്‍തിരിച്ചതാണ് ഈ റോഡ്. ഇതിന്റെ പടിഞ്ഞാറ് ഭാഗം ഉപയോഗപ്പെടുത്തി ഫലസ്തീനികള്‍ക്ക് ജറൂസലമിലേക്ക് പ്രവേശിക്കാം. എന്നാല്‍ ഇതിന് ഇസ്‌റാഈല്‍ സൈന്യത്തിന്റെ അനുമതിക്ക് പുറമെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകേണ്ടിയും വരും. ഈ റോഡിന്റെ കിഴക്ക് ഭാഗം ഇസ്‌റാഈലുകാര്‍ക്ക് മാത്രമുള്ളതാണ്. ജറൂസലമിലേക്ക് പോകാനും വരാനും ഈ റോഡ് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ക്ക് സൗകര്യമാകും. എന്നാല്‍ ഫലസ്തീനിലെ പല ഗ്രാമങ്ങളെയും ഇത് ജറൂസലമില്‍ നിന്ന് അറുത്തുമാറ്റുന്നുണ്ട്. ഹൈവേയുടെ പല ഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത് ചില ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് മേലെയാണ്.