Connect with us

Ongoing News

വാവിട്ട വാക്കിന് പണികിട്ടി; സിഡ്‌നി ഏകദിനത്തില്‍ നിന്ന് ഹാര്‍ദിക്കും രാഹുലും പുറത്ത്

Published

|

Last Updated

മുംബൈ: ചാനലിലെ പ്രൈ ടൈം അഭിമുഖ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനുമെതിരെ ബിസിസിഐ നടപടി. ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിനുള്ള ടീമില്‍ നിന്ന് ഇരുവരേയും ഒഴിവാക്കി. കെ എല്‍ രാഹുലിനെ ആദ്യ ഏകദിനത്തിനുള്ള ടീം സെലക്ഷനില്‍ പരിഗണിക്കുന്നില്ലെന്നും ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാകില്ലെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇരുവരേയും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്ന് ബിസിസിഐ ഇടക്കാല ഭരണ സമിതി ശിപാര്‍ശ ചെയ്തിരുന്നു. പരാമര്‍ശങ്ങളുടെ പേരില്‍ പാണ്ഡ്യക്കും കെ എല്‍ രാഹുലിനും കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍(സിഒഎ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പറഞ്ഞുപോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കിയ പാണ്ഡ്യ ഖേദം പ്രകടിപ്പിച്ചിരുന്നു.

കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതിനെതുടര്‍ന്ന് പാണ്ഡ്യ മാപ്പു പറഞ്ഞിരുന്നു. പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും നൈറ്റ് പാര്‍ട്ടികളില്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ചെല്ലാം പാണ്ഡ്യ വാചാലനായിരുന്നു. ലോകേഷ് രാഹുലും പാര്‍ട്ടികളില്‍ സ്ത്രീകളോട് പെരുമാറുന്ന രീതി ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്.

Latest