ഗഗന്‍യാന്‍: ഇന്ത്യന്‍ സംഘം ബഹിരാകാശത്തെത്തുന്ന സ്വപ്‌ന പദ്ധതി 2021ല്‍ നടപ്പാകുമെന്ന് ഐഎസ്ആര്‍ഒ

Posted on: January 11, 2019 1:43 pm | Last updated: January 11, 2019 at 7:15 pm

ബെംഗളുരു: 30,000കോടി രൂപ ചിലവില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍ നടപ്പാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതിയാണിതെന്നും കെ ശിവന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

30,000 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്കായി പതിനായിരം കോടി രൂപ ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പരീക്ഷണ ഘട്ടത്തില്‍ മനുഷ്യനില്ലാത്ത പേടകത്തെയാകും അയക്കുകയെന്നും ഐഎസ്ആര്‍ഒ മേധാവി വ്യക്തമാക്കി. 2020 ഡിസംബറിലും 2021 ജുലൈയിലുമായാണ് പരീക്ഷണ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുക. ദൗത്യങ്ങള്‍ക്കുള്ള ആദ്യ പരിശീലനം ഇന്ത്യയിലും രണ്ടാമത്തേത്ത് റഷ്യയിലുമായിരിക്കും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍-2 ഈ വര്‍ഷം ഏപ്രിലില്‍ വിക്ഷേപിക്കുമെന്നും ഐഎസ്ആര്‍എ ചെയര്‍മാന്‍ അറിയിച്ചു.