Connect with us

National

മുത്തലാഖ് ഓര്‍ഡിനന്‍സ് പുതുക്കാൻ കേന്ദ്ര തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി:മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഈ പാര്‍ലിമെന്റ് സമ്മേളനത്തിലും പാസ്സാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പുതുക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ സെപ്തംബറില്‍ മുത്തലാഖ് ക്രമിനല്‍ കുറ്റമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിന്റെ കാലാവധി ഈ മാംസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതുക്കുന്നത്.

ആറ് മാസമാണ് സാധാരണ ഓര്‍ഡിനന്‍സിന്റെ കാലാവധി. എന്നാല്‍ ഇതിനിടയില്‍ പാര്‍ലിമെന്റ് സമ്മേളനം ചേര്‍ന്നാല്‍ ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണം. പാര്‍ലിമെന്റ് ചേരുന്ന ആദ്യ ദിനം മുതല്‍ 42 ദിവസ(ആറ് ആഴ്ച)ത്തിനുള്ളില്‍ ബില്‍ പാസ്സാക്കണമെന്നാണ് വ്യവസ്ഥ. അല്ലാത്ത പക്ഷം ഓര്‍ഡിനന്‍സിന്റെ കാലാവധി അതോടെ തീരും. ഡിസംബര്‍ 11നാണ് പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചത്. ഇതനുസരിച്ച് ജനുവരി 22ന് മുത്തലാഖ് ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കും. ഓര്‍ഡിനന്‍സ് കാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ അത് പുതുക്കുവാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ട്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ ഇത്തവണയും രാജ്യസഭയില്‍ പാസ്സാക്കാന്‍ സാധിച്ചിരുന്നില്ല. ബില്ലിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ശക്തമായ എതിര്‍ത്തതോടെയാണ് ശ്രമം വിഫലമായത്. പാര്‍ലിമെന്റിന്റെ സംയുക്ത സമിതിക്ക് ബില്‍ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതുമില്ല.

2017 ഓഗസ്റ്റ് മാസത്തില്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം ഖോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചിരുന്നു. അഞ്ചില്‍ മൂന്ന് ഭൂരിപക്ഷത്തിലായിരുന്നു വിധി. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. 2017ല്‍ ലോക്‌സഭയില്‍ പാസ്സാക്കിയ ബില്‍ പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം പിരിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പരിചരണ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമിപിക്കാനും ബില്‍ അനുമതി നല്‍കുന്നുണ്ട്.