Connect with us

National

ബാബരി കേസ് ജനുവരി 29ലേക്ക് മാറ്റി; ഭരണഘടനാ ബഞ്ചില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 29ലേക്ക് മാറ്റി. അതിന് മുമ്പ് എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഭരണഘടനാ ബഞ്ചില്‍ നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്മാറി. സുന്നി വഖ്ഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം.

ബാബരി കേസില്‍ യുയു ലളിത് നേരത്തെ ഹാജരായിട്ടുണ്ടെന്നും അദ്ദേഹത്തെ ഭരണഘടനാ ബഞ്ചില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. 1994 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യുയു ലളിത് ഹാജരായ കാര്യമാണ് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയത്. യുയു ലളിത് പിന്മാറിയതോടെ പുതിയ ജസ്റ്റിസിനെ ഉള്‍പ്പെടുത്തി പുതിയ ബഞ്ച് രൂപവത്കരിക്കും. അതിന് ശേഷമായിരിക്കും കേസ് പരിഗണിക്കുക. 29ന് അന്തിമ വാദത്തിനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കേസില്‍ ഇന്ന് വാദം കേള്‍ക്കില്ലെന്നും വാദത്തിന് സമയം നിശ്ചിയിക്കുക മാത്രമേ ചെയ്യൂ എന്നും ഇന്ന് കേസ് പരിഗണിച്ച ഉടന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ് എ ബോഡ്‌ബെ, എന്‍ വി രാമണ്ണ, യുയു ലളിത്, ഡി വൈ ചന്ദ്രചൂഢ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ ലളിതിന് പകരം പുതിയ ജസ്റ്റിസിനെ ഉള്‍പ്പെടുത്തും. കേസിലെ കക്ഷികള്‍ക്ക് ഭൂമി തുല്യമായി വീതിച്ചു നല്‍കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. നേരെത്ത ഈ ഹരജികള്‍ പരിഗണിച്ചിരുന്നെങ്കിലും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഭരണഘടനാ ബഞ്ചിന് വിടണമെന്ന സുന്നി വഖ്ഫ് ബോര്‍ഡിന്റ ആവശ്യം തള്ളിയിരുന്നു.