Connect with us

Kerala

സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുന്നത്: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട്: സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലൂടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ തന്നെ വെല്ലുവിളിക്കുകയാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്. താത്കാലിക രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി രാജ്യത്തിന്റെ ഭരണഘടനാ ശിലകള്‍ തകര്‍ക്കുന്ന സമീപനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. പാര്‍ലിമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ പൗരന്മാരെ വിഭജിക്കുമെന്നും മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

സംവരണ വിഷയത്തില്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ തിരുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സമൂഹത്തെയാകെ ബാധിക്കുന്ന, ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിഷയത്തെ ലാഘവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. വേണ്ടത്ര ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ ബില്‍ തയ്യാറാക്കി തിടുക്കപ്പെട്ട് പാര്‍ലിമെന്റിന്റെ രണ്ട് സഭകളിലും അവതരിപ്പിക്കുകയായിരുന്നു.
വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം മുന്‍നിര്‍ത്തി ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത് പൗരന്മാര്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. മുഖ്യധാര പ്രതിപക്ഷ കക്ഷികള്‍ കൂടി ഇതിനോട് ചേര്‍ന്നുനിന്നത് ഖേദകരമാണ്.

സാമുദായിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനാണ് ഭരണഘടനാ ശില്‍പ്പികള്‍ സംവരണം എന്ന സംവിധാനം രൂപപ്പെടുത്തിയത്. പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെയും മറ്റു പിന്നാക്ക സമുദായങ്ങളുടെയും വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നിരിക്കെയാണ് സാമ്പത്തിക സംവരണം കൂടി ഏര്‍പ്പെടുത്തി ഈ സംവിധാനം അട്ടിമറിക്കുന്നത്. പിന്നാക്ക സംവരണം ബാധകമാകാത്ത സ്വകാര്യ, അണ്‍എയ്ഡഡ് മേഖലകളില്‍ കൂടി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും വിചിത്രമാണ്. അസമത്വം ഇല്ലായ്മ ചെയ്യാനാണ് സംവരണമെന്നിരിക്കെ, സാമ്പത്തിക സംവരണം വരുന്നതോടെ അസമത്വം വര്‍ധിക്കുമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലും അപകടങ്ങളേറെയുണ്ട്. പൗരന്മാര്‍ക്കിടയില്‍ സാമുദായികമായ വേര്‍തിരിവ് ഉണ്ടാക്കുന്ന വ്യവസ്ഥകളാണിതില്‍. പൗരത്വ പ്രശ്‌നത്തില്‍ രണ്ട് നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തുല്യ അവകാശമെന്ന അടിസ്ഥാന തത്വം മറന്ന് ജനങ്ങളെ വിഭജിക്കുന്ന സമീപനമാണിത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ അഭയാര്‍ഥികളായി ചിത്രീകരിച്ച് പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന നിലപാടെടുത്തവരാണ് അനധികൃത കുടിയേറ്റത്തിന് നിയമപരിരക്ഷ നല്‍കുന്നതെന്നും കേരള മുസ്‌ലിം ജമാഅത്ത് ചൂണ്ടിക്കാട്ടി.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ പി അബൂബക്കര്‍ മൗലവി പട്ടുവം, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest