Connect with us

Ongoing News

നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ബ്ലൂ ടൈഗേഴ്‌സ്

Published

|

Last Updated

അബുദബി: തായ്‌ലന്‍ഡിനെ കശക്കിയെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ യു എ ഇയെ നേരിടും. ആദ്യ മത്സരത്തില്‍ ബഹ്‌റൈനോട് സമനിലയായ യു എ ഇക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്.
ഫിഫ റാങ്കിംഗ് പ്രകാരം യു എ ഇ ഇന്ത്യയെക്കാള്‍ 18 സ്ഥാനം മുകളിലാണ്. ആതിഥേയര്‍ 79 റാങ്കിലാണെങ്കില്‍ ഇന്ത്യ 97 റാങ്കില്‍. 2015 ലെ ഫിഫ റാങ്കിംഗിനേക്കാള്‍ 24 സ്ഥാനം മുകളിലാണ് യു എ ഇ ഇപ്പോള്‍. ഇന്ത്യയാകട്ടെ ആദ്യ നൂറ് ടീമുകളില്‍ ഉള്‍പ്പെടുകയും ചെയ്തു.
സമീപകാലത്ത് രണ്ട് ടീമുകളും മികച്ച പ്രകടനം പുറത്തെടുക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഫിഫ റാങ്കിംഗ്.
കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആത്മവിശ്വാസത്തോടെയാണ് ഓരോ മത്സരത്തെയും നോക്കിക്കാണുന്നത്. യു എ ഇ പരിചയ സമ്പന്നരുടെ നിരയാണ്. എന്റെത് യുവാക്കളുടെയും. തായ്‌ലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിച്ചത് മികച്ച പ്രകടനത്തിലൂടെയാണ്. ഇത് കളിക്കാരില്‍ ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. എതിരാളികളുടെ വലിപ്പം ഞങ്ങള്‍ നോക്കുന്നില്ല. മുന്നോട്ടുള്ള വഴിയില്‍ ആര് വന്നാലും അവരെ നേരിടുക എന്നത് മാത്രമാണ് മനസിലുള്ളത് – കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
ജാപനീസ് ലീഗില്‍ കളിക്കുന്ന താരങ്ങളുമായി ഇറങ്ങിയ തായ്‌ലന്‍ഡിനെ മലര്‍ത്തിയടിച്ച ഇന്ത്യക്ക് യു എ ഇയുടെ ഗെയിമിനെയും അട്ടിമറിക്കാന്‍ സാധിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍, അതായത് ജയിക്കുകയോ, സമനില നേടുകയോ ചെയ്താല്‍ ഇന്ത്യ അമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഏഷ്യാ കപ്പില്‍ നോക്കൗട്ട് റൗണ്ടിലെത്തും.
തായ്‌ലന്‍ഡ് തുടരെ ആക്രമിച്ചു കളിച്ചപ്പോള്‍ വിദഗ്ധമായി പ്രതിരോധത്തിലൂന്നിയ ഇന്ത്യ രണ്ടാം പകുതിയില്‍ അവസരം മുതലെടുത്ത് മത്സരം വരുതിയിലാക്കുകയായിരുന്നു. യു എ ഇക്കെതിരെയും മികച്ച പ്രതിരോധം ഉറപ്പുവരുത്തും ഇന്ത്യ.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ രാജ്യാന്തര ഗോളടിയില്‍ മറികടന്ന സുനില്‍ ഛേത്രിയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. തായ്‌ലന്‍ഡിനെതിരെ ഛേത്രി നേടിയ മനോഹരമായ രണ്ടാം ഗോള്‍ ആയിരുന്നു ഇന്ത്യന്‍ നിരയുടെ ആത്മവീര്യം വര്‍ധിപ്പിച്ചത്. കൂടുതല്‍ നേരം പന്ത് കൈവശം വെച്ച് കളിച്ച തായ്‌ലന്‍ഡിനെ ഒരൊറ്റ നിമിഷത്തെ ഗോളിലാണ് ഛേത്രി വിറപ്പിച്ചത്.

യുവനിരയും ഛേത്രിയുടെ പരിചയ സമ്പത്തും ചേരുന്നതാണ് ബ്ലൂ ടൈഗേഴ്‌സ്. ഛേത്രി ഒഴികെ മറ്റാരും തന്നെ ഏഷ്യാ കപ്പ് മുമ്പ് കളിച്ചിട്ടില്ല. 2011 ഏഷ്യാ കപ്പ് സ്‌ക്വാഡിലാണ് ഛേത്രി കളിച്ചത്. ഇത്തവണ ഏഷ്യാ കപ്പിന് ഇന്ത്യ ഇറങ്ങിയത് തുടരെ പതിമൂന്ന് അപരാജിത മത്സരങ്ങള്‍ എന്ന റെക്കോര്‍ഡുമായാണ്. തായ്‌ലന്‍ഡിനെ തോല്‍പ്പിച്ചതോടെ ആ റെക്കോര്‍ഡ് പതിനാല് ആയിരിക്കുന്നു.
മലയാളിയായ ആഷിഖ് കുരുനിയാന്‍, ഉദാന്തസിംഗ്, അനിരുദ്ധ് ഥാപ എന്നിവരുടെ തകര്‍പ്പന്‍ ഫോം എതിരാളികളുടെ ഉറക്കം കെടുത്തുന്നതാണ്. പ്രത്യേകിച്ച് ആഷിഖ് ആയിരുന്നു തായ്‌ലന്‍ഡിനെതിരെ ഇന്ത്യന്‍ നീക്കങ്ങളുടെയെല്ലാം നട്ടെല്ല്.

ഛേത്രി നേടിയ പെനാല്‍റ്റി ഗോളിന് വഴിയൊരുക്കിയ ആഷിഖ് പന്തില്‍ തൊട്ടപ്പോഴെല്ലാം എതിരാളികള്‍ പതറി. ചേത്രിയുടെ രണ്ടാം ഗോള്‍ നോക്കൂക. ഉദാന്തയുടെ അളന്ന് തൂക്കിയ ക്രോസ് ബോളിന് എങ്ങനെ മാര്‍ക്ക് നല്‍കാതിരിക്കും. ബഹ്‌റൈനെതിരെ സമനില ഗോളുമായി രക്ഷപ്പെട്ട യു എ ഇ ഗംഭീര തിരിച്ചുവരവ് ലക്ഷ്യമിടുന്നുണ്ട്. മധ്യനിരയില്‍ ഇസ്മയില്‍ ഹമ്മാദിയാണ് യു എ ഇയുടെ പ്രധാന താരം. മധ്യനിര പൂര്‍ണമായും അടക്കിഭരിക്കുന്ന യു എ ഇയുടെ ഗെയിം പൊളിക്കുക എന്നതാകും കോണ്‍സ്റ്റന്റൈന്റെ തന്ത്രം. അനിരുദ്ധ് ഥാപക്കും പ്രോണയ് ഹാല്‍ദറിനും മധ്യനിരയില്‍ പണിയേറും.

യു എ ഇയുടെ എക്കാലത്തേയും ടോപ് സ്‌കോറര്‍ സ്ഥാനത്തേക്ക് ഏഴ് ഗോളുകള്‍ പിറകില്‍ നില്‍ക്കുന്ന അലി മബ്ഹൂത് 2015 ഏഷ്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ അഹമ്മദ് ഖലീല്‍ എന്നിവരുടെ സ്‌കോറിംഗ് പാടവം ഇന്ത്യ കരുതിയിരിക്കണം. ശൂന്യതയില്‍ നിന്ന് ഗോള്‍ കണ്ടെത്താന്‍ മിടുക്കരാണിവര്‍. സെന്‍ട്രല്‍ ഡിഫന്‍സില്‍ സന്ദേശ് ജിംഗനും അനസ്എടത്തൊടികയും ശരിക്കും അധ്വാനിക്കേണ്ടിവരും. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് ഏറ്റവും മികച്ച ഫോം പുറത്തെടുക്കേണ്ട മത്സരം കൂടിയാണിത്.

യു എ ഇ ഫുട്‌ബോള്‍ അസോസിയേഷന്‍ അയ്യായിരം ടിക്കറ്റുകള്‍ വാങ്ങിച്ചിട്ടുണ്ട്. ഫാന്‍സിനെ നിറച്ച് ആവേശത്തിമാലയുണ്ടാക്കാനുള്ള ശ്രമം അസോസിയേഷന്‍ തന്നെ അണിയറയില്‍ നടത്തുന്നുണ്ടെന്ന് സാരം.
എന്നാല്‍, ഇന്ത്യന്‍ താരങ്ങള്‍ക്ക് കോച്ച് നല്‍കുന്ന നിര്‍ദേശം ശ്രദ്ധേയമാണ്. 4-1 അല്ലെങ്കില്‍ 5-1 എന്ന മാര്‍ജിന്‍ ജയമൊന്നുമല്ല കാര്യം.
ലക്ഷ്യത്തിലേക്ക് പോകുവാന്‍ ആവശ്യമുള്ളത് നേടിയെടുക്കാനുള്ള മനസ് ഉണ്ടാവുക എന്നതാണ്. ഇനി വേണ്ടത് രണ്ട് പോയിന്റ് മാത്രമാണ്. അത് നേടാനുള്ള തന്ത്രം പയറ്റുക. നമുക്ക് ഗ്രൂപ്പ് റൗണ്ട് കടക്കണം.

Latest