മിഠായിത്തെരുവ് ആക്രമണം: പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

Posted on: January 9, 2019 11:25 pm | Last updated: January 10, 2019 at 9:45 am

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ നടന്ന ഹര്‍ത്താലിനിടെ മിഠായിത്തെരുവില്‍ അക്രമം നടത്തിയവരുടെ ഫോട്ടോകള്‍ പോലീസ് പുറത്തുവിട്ടു. കോഴിക്കോട് സിറ്റി പോലീസാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലെത്തിയ അക്രമി സംഘം വ്യാപാരികളേയും പൊതുജനങ്ങളേയും അക്രമിക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. ഇവിടെ നിരവധി കടകള്‍ അക്രമിക്കുകയും ചെയ്തു. നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കടകളിലെ സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് അക്രമികളുടെ ചിത്രങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തുക, കലാപാഹ്വാനം എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.