Connect with us

Kerala

ശാന്തമാകാതെ പേരാമ്പ്ര; സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Published

|

Last Updated

കോഴിക്കോട്: സംഘര്‍ഷം നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ വീണ്ടും വീടിന് നേരെ ബോംബേറ്. സിപിഎം പ്രവര്‍ത്തകനായ എരവട്ടൂരിലെ ശ്രീധരന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ വീടിന്റ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കൊയിലാണ്ടിയില്‍ ഇന്നലെ പുലര്‍ച്ചെ സി പി എം നേതാവും നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജു, ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായിരുന്നു. കുറുവങ്ങാടുള്ള വീടുകള്‍ക്ക് നേരെയാണ് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞത്.
പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഷിജുവിന്റെ വീട്ടിലെ അക്രമം. വീടിന്റെ ജനല്‍ തകര്‍ന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞതെന്നാണ് നിഗമനം. കൊയിലാണ്ടി പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. ഈ അക്രമത്തിന് തിരിച്ചടിയെന്നോണം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വി കെ മുകുന്ദന്റ വീട് അക്രമിക്കപ്പെട്ടത്.

വീടിന്റെ ചില ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച നിലയിലാണ്. വീടിന് സമീപത്തെ ഇടവഴിയില്‍ നിന്ന് എറിഞ്ഞ സ്‌ഫോടകവസ്തു മുകളില്‍ തട്ടിയ ശേഷം പൊട്ടിച്ചിതറുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലം വിയ്യൂരില്‍ ബി ജെ പി പ്രവര്‍ത്തകനായ കൊയിലേരി അതുലിന്റെ വീടിനു നേരെ ബോംബെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ അക്രമമെന്നാണ് വിവരം.