പ്രളയാനന്തര കേരളത്തിന് സമഗ്ര പാക്കേജ് വരും; വരുമാന വര്‍ധന ജി എസ് ടി സെസില്‍ ഒതുക്കും

Posted on: January 9, 2019 8:39 am | Last updated: January 9, 2019 at 9:42 am
SHARE

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ സമഗ്ര പാക്കേജ് പ്രഖ്യാപിക്കും. പശ്ചാത്തല വികസനത്തിന് മുന്‍തൂക്കം നല്‍കിയാകും ബജറ്റ് നിര്‍ദേശങ്ങള്‍. സാമ്പത്തിക പ്രതിസന്ധി അലട്ടുന്നുണ്ടെങ്കിലും ജി എസ് ടിക്ക് മേല്‍ ഒരു ശതമാനം സെസ് ചുമത്തുന്ന കാര്യത്തില്‍ അനുകൂല നിലപാട് വന്നത് ധന വകുപ്പിന് പ്രതീക്ഷ നല്‍കുന്നു. വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കൂടി അംഗീകരിച്ചാല്‍ നവകേരള നിര്‍മിതിക്ക് മുന്നിലെ പ്രധാന തടസ്സങ്ങളെല്ലാം നീങ്ങുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ജി എസ് ടിക്ക് മേല്‍ സെസ് ചുമത്താന്‍ അനുമതി ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി പോലെ സംസ്ഥാനത്തിന് നികുതി ഉയര്‍ത്താന്‍ അധികാരമുള്ള മേഖലകളില്‍ കൈവെക്കില്ല. വ്യാപാര മേഖലയിലെ മാന്ദ്യവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയും ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാറിനെ പിന്നോട്ടടിപ്പിക്കുന്നു. ഈ മാസം 31ന് ബജറ്റ് അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ ധാരണ.

പ്രളയാനന്തര കേരളത്തില്‍ വീടുകളുടെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയിരുന്നു. സ്വന്തമായി ഭൂമിയുള്ളവരുടെ വീട് നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ സമഗ്രമായ പദ്ധതികള്‍ രൂപപ്പെട്ട് വരികയാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഉന്നതാധികാര സമിതി രണ്ട് യോഗങ്ങള്‍ ചേര്‍ന്ന് പദ്ധതികള്‍ക്ക് പ്രാഥമിക രൂപം നല്‍കിയിട്ടുണ്ട്. കണ്‍സള്‍ട്ടന്റായി നിയോഗിച്ചിരുന്ന കെ പി എം ജിയുടെ നിര്‍ദേശം അനുസരിച്ച് രൂപം നല്‍കിയ ക്രൗഡ് ഫണ്ടിംഗിന് പ്രതീക്ഷിച്ച പ്രതികരണമുണ്ടായിട്ടില്ല. ഈ പശ്ചാത്തലങ്ങള്‍ ഉള്‍ക്കൊണ്ടാകും സംസ്ഥാന ബജറ്റിലെ സമഗ്ര പാക്കേജ്.

യു എന്‍, ലോക ബേങ്ക്- എ ഡി ബി സംഘം, കെ പി എം ജി തുടങ്ങിയ ഏജന്‍സികള്‍ മുന്നോട്ടുവെച്ച ആശയങ്ങളും ഐഡിയ ഹണ്ട് വഴി യുവാക്കളില്‍ നിന്നടക്കം നടത്തിയ വിവര ശേഖരണവും വിവിധ മേഖലകളിലെ വിദഗ്ധര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുമെല്ലാം ബജറ്റിലെ പ്രത്യേക പാക്കേജില്‍ ഇടംപിടിക്കും. പ്രളയം പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അതുനേരിടുന്നതിനുള്ള പ്രത്യേക മാനേജ്‌മെന്റ് സിസ്റ്റവും പാക്കേജിന്റെ ഭാഗമായി വരും. പ്രകൃതിദുരന്തം സ്ഥിരമായി സംഭവിക്കുന്ന മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് പദ്ധതിയുണ്ടാകും. കാര്‍ഷിക വ്യവസായ മേഖകളിലെ മാന്ദ്യം മറികടക്കാന്‍ പദ്ധതികളുണ്ടാകും. പരിസ്ഥിതിലോല പ്രദേശങ്ങള്‍ കൂടുതലാണെന്നതും അവശ്യ സാമഗ്രികളുടെ കുറവും പരിഗണിച്ച് നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം യു എന്‍ മുന്നോട്ടുവെച്ചിരുന്നു. കേരളത്തെ ഇന്ത്യയിലെ ആദ്യഹരിത സംസ്ഥാനമാക്കി മാറ്റണമെന്ന ശിപാര്‍ശ കൂടി അംഗീകരിച്ച് ഇതിന് അനുസൃതമായ പദ്ധതികളാകും പ്രഖ്യാപിക്കുക. അന്താരാഷ്ട്ര നിലവാരം ഉറപ്പ് വരുത്തിയാകും പദ്ധതികള്‍. സ്‌കൂളുകളും പൊതുസ്ഥാപനങ്ങളും പുനര്‍നിര്‍മിക്കുമ്പോഴെല്ലാം ഇത് ഉറപ്പാക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെക്കും.

ജി എസ് ടി ഉപസമിതിയില്‍ തത്വത്തില്‍ ധാരണയായ ഒരു ശതമാനം സെസിലൂടെ അഞ്ഞൂറ് കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് ആയിരം കോടി രൂപ. എല്ലാ ഉത്പന്നങ്ങളിലും നികുതി ചുമത്തുക പ്രതിഷേധം ക്ഷണിച്ച് വരുത്തുമെന്നുറപ്പുള്ളതിനാല്‍ ആഡംബര ഉത്പന്നങ്ങളിലാകും ധനമന്ത്രി ശ്രദ്ധകേന്ദ്രീകരിക്കുക. പത്തിന് ചേരുന്ന ജി എസ് ടി കൗണ്‍സിലില്‍ ഇത് സംബന്ധിച്ച ധാരണ ലഭിക്കുമെന്നാണ് ധന വകുപ്പിന്റെ പ്രതീക്ഷ.

പൊതുതിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നിര്‍ദേശങ്ങളൊന്നും ബജറ്റിലുണ്ടാകില്ല. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് ധനമന്ത്രി നല്‍കുന്ന സൂചന. സേവനങ്ങളുടെ ഫീസിലോ സ്റ്റാമ്പ് ഡ്യൂട്ടിയിലോ ഫെയര്‍വാല്യൂവിലോ വര്‍ധന വരുത്താന്‍ തുനിയില്ല. എന്നാല്‍, രജിസ്‌ട്രേഷന്‍ സമയത്ത് ന്യായവില കുറച്ച് കാണിച്ചവര്‍ക്ക് പൂട്ടുവീഴും. ഏതാണ്ട് എട്ട് ലക്ഷത്തോളം പേര്‍ ഇങ്ങനെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ നിന്ന് കുറച്ച് കാണിച്ച തുക തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here