Connect with us

Kerala

നിലപാടില്‍ ചാഞ്ചാടി വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: വനിതാ മതിലിന് തൊട്ടുപിന്നാലെ ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായ സംഭവത്തെ തുടര്‍ന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ നിലപാടില്‍ നിന്ന് ചുവട് മാറ്റുന്നതായി സൂചന. കഴിഞ്ഞ ഏതാനും നാളുകളായി പിണറായി സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിച്ച എസ് എന്‍ ഡി പി യോഗവും ജനറല്‍ സെക്രട്ടറിയും ശബരിമലയില്‍ ആചാര ലംഘനമുണ്ടായെന്നുയര്‍ത്തിക്കാട്ടിയാണ് ബി ജെ പിയോട് അടുക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള സാധാരണ നിലയിലുള്ള കടന്നാക്രമണങ്ങള്‍ക്ക് വെള്ളാപ്പള്ളി തയ്യാറല്ല. പകരം വിവിധ കാരണങ്ങള്‍ കൊണ്ട് ഇടഞ്ഞ്‌നില്‍ക്കുന്ന ബി ജെ പിയുമായി അടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈഴവരുള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ പരിഗണന ഉറപ്പാക്കിയാല്‍ ബി ജെ പിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇതിനകം തന്നെ അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
കേരളത്തിലെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളുടെയും ഭരണവും കൈകാര്യകര്‍തൃത്വവും സവര്‍ണരുടെ കൈകളിലാണെന്നും ഇതിന് മാറ്റം വരുത്തി പിന്നാക്കക്കാരായ ഈഴവ സമുദായത്തിന് കൂടി പ്രാതിനിധ്യം ഉറപ്പാക്കാന്‍ ബി ജെ പി മുന്‍കൈയെടുക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. ഇത് അംഗീകരിക്കുന്ന പക്ഷം അവരുമായി ചര്‍ച്ചക്ക് സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ശബരിമല കര്‍മ സമിതിയുടെ നയങ്ങളോട് യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ആചാരലംഘനത്തിന്റെ പേരില്‍ തെരുവിലിറങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കുന്നു.

അതെസമയം, ബി ജെ പിയില്‍ യാതൊരു അവഗണനയുമില്ലെന്നും ഈഴവ സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കുന്നുമുണ്ടെന്നുമാണ് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം. പിതാവിന്റേത് സ്വതസിദ്ധമായ ശൈലിയിലുള്ള തമാശ മാത്രമാണെന്നാണ് തുഷാറിന്റെ വിലയിരുത്തല്‍. ഏതായാലും എസ് എന്‍ ഡി പി യോഗത്തിന്റെ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വനിതാ മതിലും ശബരിമല യുവതീ പ്രവേശവുമടക്കമുള്ള കാര്യങ്ങള്‍ വലിയ ചര്‍ച്ചക്കും പൊട്ടിത്തെറിക്കും കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനിതാ മതില്‍ വിജയത്തിന് തൊട്ടുപിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാനിടയായ സംഭവത്തെ ചൊല്ലി നേരത്തെ തന്നെ എസ് എന്‍ ഡി പി യോഗത്തില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു വനിതാ മതിലിന്റെ സംഘാടക സമിതിയുടെ മുഖ്യഭാരവാഹി. എസ് എന്‍ ഡി പി യോഗത്തിന്റെ ശക്തമായ ഇടപെടല്‍ വനിതാ മതില്‍ വന്‍ വിജയമാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാറും സംഘാടക സമിതിയിലെ സംഘടനകളും.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വനിതാ മതില്‍ ചരിത്ര സംഭവമായതിലുള്ള സന്തോഷം പങ്ക് വെക്കുന്നതിനിടെയാണ് ഇടിത്തീ പോലെ ശബരിമലയില്‍ യുവതികളുടെ പ്രവേശമുണ്ടായത്. ഇതാണ് എസ് എന്‍ ഡി പി യോഗം ഭാരവാഹികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാക്കിയത്. നേരത്തെ തന്നെ വനിതാ മതിലുമായി സഹകരിക്കുന്നതിനോട് ഏതാനും യൂനിയന്‍ ഭാരവാഹികള്‍ യോഗം നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. നവോത്ഥാന മതിലിനെ എതിര്‍ക്കുന്നവര്‍ യോഗത്തിലുണ്ടാകില്ലെന്ന ജനറല്‍ സെക്രട്ടറിയുടെ വിരട്ടലാണ് ഒരു പരിധിവരെ സമുദായാംഗങ്ങള്‍ ഒന്നടങ്കം വനിതാ മ തിലില്‍ പങ്കാളികളായത്. ശബരിമല യുവതീ പ്രവേശത്തിന് കരുത്ത് പകരാനാണ് മതിലെന്ന നിലയില്‍ വിമര്‍ശമുയര്‍ന്നപ്പോഴൊക്കെ, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിയുള്ള മതില്‍ ഇത്തരം വിഷയങ്ങള്‍ക്ക് ഒരു നിലക്കും പ്രചോദനമാകില്ലെന്ന് തന്നെയായിരുന്നു യോഗ നേതൃത്വത്തിന്റെ വിശദീകരണം.

അത് കൊണ്ട് തന്നെ ശബരിമല കര്‍മ സമിതി നടത്തിയ അയ്യപ്പജ്യോതിയുമായി സഹകരിച്ച സമുദായാംഗങ്ങളെ ജനറല്‍ സെക്രട്ടറി കണക്കിന് വിമര്‍ശിക്കുകയും സമുദായ വഞ്ചകരെന്ന് ആക്ഷേപിക്കുകയും ചെയ്തു. ആലപ്പുഴയില്‍ നടന്ന വനിതാ മതിലില്‍ ജനറല്‍ സെക്രട്ടറി കുടുംബസമേതമെത്തി ഭാഗമാകുകയും ചെയ്തു.
ആലപ്പുഴയിലെ ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് പ്രീതി നടേശനായിരുന്നു. തങ്ങള്‍ കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ അല്ലെന്നും ബി ഡി ജെ എസ് ആണെന്നും പാര്‍ട്ടിയും സമുദായവും നോക്കാതെയാണ് നവോത്ഥാന മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയുള്ള വനിതാ മതിലില്‍ കണ്ണികളായതെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായതോടെ ഇതിനെതിരെ പരസ്യമായി അവര്‍ രംഗത്ത് വരികയായിരുന്നു.

Latest