Connect with us

Ongoing News

ഛേത്രിയുടെ ചിറകില്‍ ഇന്ത്യ; തായ്‌ലന്‍ഡിനെ തകര്‍ത്തത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്

Published

|

Last Updated

അബൂദബി: ഇന്ത്യന്‍ ഫുട്‌ബോളിന് അവിസ്മരണീയ നേട്ടങ്ങളുടെ വസന്തം തീര്‍ത്തൊരു തകര്‍പ്പന്‍ ജയം. എ എഫ് സി ഏഷ്യന്‍ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള സംഘം രചിച്ചത് പുതു ചരിതമാണ്. ഏഷ്യന്‍ കപ്പില്‍ 55 വര്‍ഷമായി ഒരു ജയം കാണാന്‍ കൊതിക്കുന്ന ഇന്ത്യന്‍ കാല്‍പ്പന്തുകളിയാസ്വാദകരെ ആവേശ കൊടുമുടിയേറ്റിയ വിജയം.

നായകന്റെ കളി പുറത്തെടുത്ത് രാജ്യത്തിനായി രണ്ട് കിടിലന്‍ ഗോളുകള്‍ നേടിയ ഛേത്രി ലോക സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഗോള്‍ സമ്പാദ്യത്തെ മറികടക്കുന്നതിനും അബുദബിയിലെ അല്‍ നഹ്‌യാന്‍ സ്റ്റേഡിയം വേദിയായി. 67 ഗോളുകള്‍ സ്വന്തം അക്കൗണ്ടിലാക്കിയ ഛേത്രി നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിക്ക് ഉടമയായി. മെസി നേടിയ ഗോളുകള്‍ 65 ആണ്. 85 ഗോള്‍ നേടിയിട്ടുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്കു മുന്നിലുള്ളത്.
മത്സരത്തില്‍ മലയാളി താരം ആഷിഖിന്റെ പ്രകടനവും ശ്രദ്ധേയമായി.

27ാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്ന് ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഛേത്രിയുടെ ത്രോ സ്വീകരിച്ചു കുതിച്ച ആഷിഖിന്റെ ഗോള്‍ ശ്രമം പെനാല്‍ട്ടി ബോക്‌സില്‍ തടയുന്നതിനിടെ പന്ത് തായ് പ്രതിരോധ താരത്തിന്റെ കൈയില്‍ തട്ടുകയായിരുന്നു. പെനാല്‍ട്ടി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടാന്‍ റഫറിക്കു സംശയമുണ്ടായിരുന്നില്ല. കിക്കെടുത്ത ഛേത്രി പന്ത് വിദഗ്ധമായി വലയിലെത്തിച്ചു (1-0). പക്ഷെ ഇന്ത്യയുടെ ആഘോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. 15 മിനുട്ടുകള്‍ക്കു ശേഷം തായ്‌ലന്‍ഡ് തിരിച്ചടിച്ചു. തീര്‍ഥോണിന്റെ ഫ്രീകിക്കില്‍ കാലുവെച്ച് ക്യാപ്റ്റന്‍ ഡാംഗ്ഡ ടീമിനു സമനില നേടിക്കൊടുത്തു (1-1).

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഛേത്രി വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. ഉഡാന്റയുടെ ക്രോസ് ബോള്‍ ആഷിഖിലൂടെ എത്തിയത് ഛേത്രിയുടെ കാലുകളില്‍. വലയുടെ മൂലയിലേക്ക് ഛേത്രിയുടെ ഷോട്ട് ഇരമ്പിക്കയറി (2-1). ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത് 68 ാം മിനുട്ടില്‍. ഇത്തവണ ഗോളിനു വഴിയൊരുക്കുന്ന റോളിലാണ് ഛേത്രി അവതരിച്ചത്. ഛേത്രി കൈമാറിയ പന്ത് ലഭിച്ചത് ഉഡാന്റക്ക്. തായ് ബോക്‌സില്‍ പന്തു കൊണ്ട് ചിത്രം വരച്ച ശേഷമുള്ള ഉഡാന്റയുടെ പാസ് പതിച്ചത് കൃത്യമായി അനിരുദ്ധ് ഥാപ്പയുടെ കാലില്‍. ആരും കവര്‍ ചെയ്യാതിരുന്നതിന്റെ ആനുകൂല്യം കൂടി മുതലെടുത്ത് ഥാപ്പ സ്‌കോര്‍ ചെയ്തു (3-1). 78 ാം മിനുട്ടില്‍ ആഷിഖിന് പകരക്കാരനായി എത്തിയ ജെജെ ലാല്‍പെക്കുലയിലൂടെ ഇന്ത്യ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി (4-1).

1967ലാണ് ഇതിനു മുമ്പ് ഇന്ത്യ ഏഷ്യന്‍ കപ്പില്‍ ജയിച്ചത്. ആ വര്‍ഷം ഗ്രൂപ്പ് തലത്തില്‍ ദ. കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും ഹോംഗ്‌കോംഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

Latest