ജ്ഞാന പ്രസരണത്തിന്റെ അടിക്കല്ല്‌

'അറിവ് സത്യവിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്' എന്ന തിരുവചനത്തില്‍ നിന്ന് ഊര്‍ജം കൊണ്ട പ്രവാചകാനുയായിവൃന്ദം പ്രബോധന പ്രവര്‍ത്തനങ്ങളുമായി പോയ ഇടങ്ങളിലെല്ലാം അറിവിനെ ജനകീയവത്കരിക്കുന്നതിനാണ് കൂടുതലും പ്രാധാന്യം നല്‍കിയത്. തിരു നബി(സ) തങ്ങളില്‍ നിന്ന് കൈപ്പറ്റിയ സന്ദേശങ്ങള്‍ ജനസമൂഹങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതിന് സ്വന്തം ജീവിതം തന്നെ അവര്‍ ഉഴിഞ്ഞുവെച്ചു. നാട്, വീട് തുടങ്ങിയവയെല്ലാം ഉപേക്ഷിച്ച് അറിവിനെ കൈമുതലാക്കി അന്യദേശങ്ങളിലേക്ക് കടന്നുചെന്ന പ്രബോധക വൃന്ദം തിരു നബി(സ)യെ മാതൃകയാക്കി പ്രബോധന കേന്ദ്രമായി മസ്ജിദുകള്‍ നിര്‍മിച്ചു.
പഠനം
Posted on: January 6, 2019 12:24 pm | Last updated: January 6, 2019 at 12:24 pm

അറിവ് പ്രവാചകത്വത്തിന്റെ ശേഷിപ്പാണ്. വിജ്ഞാന പ്രചാരണം പ്രവാചക പ്രബോധനത്തിന്റെ തുടര്‍ പ്രവാഹവും. അറിവിനെ ജനമനസ്സുകളില്‍ കുടിയിരുത്തുന്നതിന് പഠനവും പരിശീലനവും ചേര്‍ന്ന ഒരു രീതിയായിരുന്നു അല്ലാഹുവിന്റെ ദൂതന്മാര്‍ അവലംബിച്ചിരുന്നത്. നബിയോരുമായി അടുത്തിടപഴകുക വഴി ധന്യത നേടിയ അനുചര വൃന്ദം മറ്റൊരു അനുകരണീയ മാതൃകാ സമൂഹമായി അതിനെ ദേശാന്തരങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിച്ചു.

മതപഠനം, ഭൗതിക പഠനം എന്നിങ്ങനെയുള്ള വേര്‍തിരിവുകളില്ലാതെ വ്യവസ്ഥാപിത സംവിധാനങ്ങളോടു കൂടിയാണ് മുസ്‌ലിം വിദ്യാഭ്യാസ മേഖല വികസിച്ചു വന്നത്. മുസ്‌ലിം വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച തന്നെ പ്രവാചക കാലഘട്ടത്തില്‍ രൂപപ്പെട്ട രീതികളുടെ തുടര്‍ച്ചയായിരുന്നു. മതപ്രചാരണാര്‍ഥം വ്യത്യസ്ത ദേശങ്ങളിലേക്ക് യാത്ര നടത്തിയവര്‍ തങ്ങള്‍ അധിവാസമുറപ്പിച്ച പ്രദേശങ്ങളിലെ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിദ്യാഭ്യാസപരവും മതപ്രബോധനപരവുമായ പ്രവര്‍ത്തനങ്ങള്‍ പില്‍ക്കാല മുസ്‌ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകകളായി. ഇത്തരം മാതൃകകളില്‍ നിന്നാണ് മസ്ജിദ് കേന്ദീകൃത ദര്‍സുകളും ഓത്തുപള്ളി പോലുള്ള ബദല്‍ സംവിധാനങ്ങളുമൊക്കെയായി മുസ്‌ലിം വിദ്യാഭ്യാസ രംഗം കരുത്താര്‍ജിച്ചത്.

ഇസ്‌ലാമിക ചരിത്രത്തില്‍ മസ്ജിദ് കേന്ദീകൃത ദര്‍സുകളുടെ പ്രാധാന്യം വിലമതിക്കാനാകാത്തതാണ്. ഇസ്‌ലാം സാധ്യമാക്കിയെടുത്ത വൈജ്ഞാനിക വിപ്ലവത്തിന്റെ മുഴുവന്‍ കടിഞ്ഞാണും നിയന്ത്രിച്ചിരുന്നത് മസ്ജിദ് കേന്ദ്രീകൃത ദര്‍സുകളിലെ പണ്ഡിത വൃന്ദമായിരുന്നു. വിജ്ഞാന പ്രചാരണത്തിനെന്നതു പോലെ തന്നെ വിജ്ഞാന സമ്പാദനത്തിലും ഇത്രയേറെ ഭാഗധേയം നിര്‍വഹിച്ച കാര്യക്ഷമമായ മറ്റൊരു സംവിധാനവുമുണ്ടായിട്ടില്ല ഇസ്‌ലാമിക ചരിത്രത്തില്‍. ‘അറിവ് സത്യവിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്’ എന്ന തിരുവചനത്തില്‍ നിന്ന് ഊര്‍ജം കൊണ്ട പ്രവാചകാനുയായിവൃന്ദം പ്രബോധന പ്രവര്‍ത്തനങ്ങളുമായി പോയ ഇടങ്ങളിലെല്ലാം അറിവിനെ ജനകീയവത്കരിക്കുന്നതിനാണ് കൂടുതലും പ്രാധാന്യം നല്‍കിയത്. തിരുനബി(സ) തങ്ങളില്‍ നിന്ന് കൈപ്പറ്റിയ സന്ദേശങ്ങള്‍ ജനസമൂഹങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതിന് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. നാട്, വീട് തുടങ്ങിയവയെല്ലാം ഉപേക്ഷിച്ച് അറിവിനെ കൈമുതലാക്കി അന്യദേശങ്ങളിലേക്ക് കടന്നുചെന്ന പ്രബോധക വൃന്ദം തിരുനബി(സ)യെ മാതൃകയാക്കി പ്രബോധന കേന്ദ്രമായി മസ്ജിദുകള്‍ നിര്‍മിച്ചു. മസ്ജിദുകള്‍, ദര്‍സുകളും അനുബന്ധ പാഠശാലകളുമായി വികാസം പ്രാപിച്ചതോടെ പ്രബോധനത്തിന്റെ ചരിത്രം വിജ്ഞാന പ്രചാരണത്തിന്റെയും സമ്പാദനത്തിന്റെതും കൂടിയായി.

ദര്‍സീ പ്രസ്ഥാനത്തിന്റെ അമരക്കാര്‍
തിരു നബി(സ)യുടെ അനുചര വൃന്ദത്തിലെ ഒരു പ്രത്യേക വിഭാഗമായ അഹ്‌ലുസുഫ്ഫക്കുള്ള സ്ഥാനം ഇസ്‌ലാമിക ചരിത്രത്തില്‍ വിസ്മരിക്കാനാവാത്തതാണ്. ഇസ്‌ലാമിന്റെ അതിഥികളായി വന്ന അഹ്‌ലുസുഫ്ഫക്കാര്‍ വിജ്ഞാന സമ്പാദനത്തിനായി ഭൗതിക ജീവിത വ്യവഹാരങ്ങളെ അവഗണിച്ച് ജീവിതം മുഴുവന്‍ അറിവിനായി സമര്‍പ്പിച്ചു. അറിവ് ആര്‍ജിക്കുക എന്ന അതുല്യമായ ആഗ്രഹത്തിന് ജീവന്‍ വെപ്പിക്കേണ്ടതിനാല്‍ എല്ലാ വിധ ഭൗതിക ആഗ്രഹങ്ങളോടും പുറം തിരിഞ്ഞു നിന്നു അവര്‍.

മദീനയില്‍ മസ്ജിദുന്നബവി നിര്‍മിച്ച് ആദ്യ പതിനെട്ട് മാസം നിസ്‌കാരം നിര്‍വഹിച്ചിരുന്നത് വടക്കു ഭാഗത്തുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞായിരുന്നുവെങ്കില്‍ പിന്നീട് അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം വിശുദ്ധ കഅ്ബാലയത്തിലേക്ക് തിരിഞ്ഞ് നിസ്‌കാരം തുടങ്ങി. ആ സമയം വടക്കു ഭാഗത്തു വന്ന ഒഴിവില്‍ ഒരു പന്തല്‍ നിര്‍മിക്കുകയും മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തവര്‍ക്കുള്ള താവളമാക്കുകയും ചെയ്തു. സ്വഫ്ഫത്ത് എന്നറിയപ്പെട്ട ആ പന്തലായിരുന്നു വിജ്ഞാന സമ്പാദനത്തിനായി യൗവനം സമര്‍പ്പിച്ച അഹ്‌ലുസുഫ്ഫക്കാരുടെ താവളം. സുഫ്ഫത്തിന്റെ അഹ്‌ലുകാരായി എഴുന്നൂറോളം പേരെ എണ്ണാറുണ്ടെങ്കിലും ശരാശരി എഴുപത് പേര്‍ സ്ഥിരമായി തിരുനബി(സ)യോടൊപ്പം ഈ പള്ളിച്ചെരുവില്‍ അന്തിയുറങ്ങി അവിടുത്തെ ജീവിതം അടുത്തറിഞ്ഞു പഠിച്ചു. വ്യാപാരത്തിലും ജീവിതായോധന കലകളിലും ഏര്‍പ്പെട്ട മറ്റനേകം സ്വഹാബാക്കള്‍ തിരുനബി പാഠങ്ങള്‍ ഇവരില്‍ നിന്നായിരുന്നു പകര്‍ത്തിയെടുത്തത്.

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി തിരുനബി(സ) അനേകം പേരെ ദൂരദേശങ്ങളിലേക്ക് നിയോഗിച്ചു. അങ്ങനെയാണ് മുആദ് ബ്‌നു ജബല്‍(റ), അലി(റ), അബൂ മൂസല്‍ അശ്അരി(റ) എന്നിവരെ യെമനിലേക്കും ഖാലിദ് ബ്‌നു വലീദ്(റ)വിനെ നജ്‌റാനിലേക്കും ഉസ്മാനു ബ്‌നു അബില്‍ ആസ്(റ)വിനെ സഖീഫിലേക്കും മറ്റും നിയോഗിക്കുന്നത്. പോയ ഇടങ്ങളിലെല്ലാം സ്വഹാബ വൃന്ദം ചെയ്തത് മസ്ജിദുകള്‍ക്ക് ശില പാകലായിരുന്നു. പിന്നീട് അതിനെ ചുറ്റിപ്പറ്റി ജ്ഞാന വിനിമയോപാധി മാര്‍ഗങ്ങള്‍ വികസിപ്പിച്ചു. പ്രാദേശിക തനിമയോടും അവിടത്തെ സംസ്‌കാരങ്ങളോടും ഇഴുകിച്ചേര്‍ന്നായിരുന്നു ജ്ഞാന പ്രസരണ വേദികളായ ദര്‍സുകള്‍ തിടം വെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദര്‍സീ ശൈലികള്‍ക്ക് ഏകശിലാത്മകമാനം കണ്ടെത്താനാകുമെങ്കിലും ശൈലികളിലും അവതരണ രീതികളിലും കാര്യമായ മാറ്റമുണ്ട്.

ദര്‍സുകളുടെ ആഗോള വര്‍ത്തമാനം
വിവിധ രാഷ്ട്രങ്ങളിലെ ദര്‍സുകളില്‍ വിവിധ തരത്തിലുള്ള പഠന രീതികളാണ് കാണുവാന്‍ കഴിയുന്നത്. മാതൃഭാഷ അറബി ആയ ഇടങ്ങളില്‍ മൗളൂഈ പഠന രീതിയാണ് പ്രധാനമായും അവലംബിക്കാറുള്ളത്. അറബി സംസാരിക്കുന്നവര്‍ക്ക് വിഷയങ്ങളെ ആഴത്തില്‍ പഠിക്കാന്‍ ഈ രീതിയാണ് ഉപയോഗപ്രദം. എന്നാല്‍, അനറബി നാടുകളില്‍ തഹ്‌ലീലി രീതിയാണ് അവലംബിക്കാറുള്ളത്. അറബി ആഴമേറിയ ഭാഷ ആയതിനാലും ഓരോ പദത്തിനും അതിഗഹനമായ വ്യഖ്യാനവും നിര്‍വചനങ്ങളുമുള്ളതിനാലും അനറബി നാടുകള്‍ക്ക് തഹ്്‌ലീലി രീതി തന്നെയാണ് ഉചിതം. തഹ്‌ലീലി പഠനത്തിലൂടെ ഭാഷയും വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രാഥമിക അറിവുകളും മാത്രമാണ് സമ്പാദിക്കുന്നത്. അതിലൂടെ ഏത് ഗ്രന്ഥവും ഏത് വിഷയവും സ്വയം പഠിക്കാനുള്ള കഴിവ് നേടുന്നു എന്നൊരു നേട്ടവുമുണ്ട്. ഗവേഷണങ്ങളിലേക്ക് കടക്കുമ്പോഴാണ് മൗളൂഇ രീതി പ്രധാനമായും അവലംബിക്കാറുള്ളത്.

അല്‍ മജ്‌രീ എന്ന നൈജീരിയന്‍ മാതൃക
ആഫ്രിക്കയുടെ ഇസ്‌ലാമിക വിജ്ഞാന വിനിമയത്തിന്റെ പരമ്പരാഗത ശീലങ്ങള്‍ തുടങ്ങുന്നത് തിമ്പുക്തുവില്‍ നിന്നാണ്. ഇന്നും ഏറെ സജീവമായ വിജ്ഞാന സമ്പ്രദായങ്ങള്‍ ആഫ്രിക്കന്‍ മുസ്‌ലിം ജനതയെ സാക്ഷരരാക്കി തീര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പടിഞ്ഞാറന്‍ നൈജീരിയയില്‍ പതിനൊന്നാം നൂറ്റാണ്ടു മുതല്‍ക്കേ വേരുറച്ച മത വിദ്യാഭ്യാസ രീതിയാണ് അല്‍ മജ്‌രീ സമ്പ്രദായം. ചെറു പ്രായത്തിലേ ആണ്‍കുട്ടികളെ പരിസര പ്രദേശങ്ങളിലേക്ക് ഇസ്‌ലാമിക ജ്ഞാനാര്‍ജനത്തിനായി പരിചയസമ്പന്നരായ മതധ്യാപകരോടൊപ്പം പറഞ്ഞുവിടുന്ന നൈജീരിയന്‍ രീതി, കേരളീയ ഇസ്‌ലാമിനകത്തെ ദര്‍സീ സമ്പ്രദായങ്ങളോട് സാമ്യത പുലര്‍ത്തുന്നുണ്ട്. തിമ്പുക്തുവിന്റെ ചരിത്രത്തില്‍ അധ്യാപനവും ഗ്രന്ഥരചനയും പണ്ഡിതന്മാര്‍ക്ക് ധനസമ്പാദനത്തിനോ സ്ഥാനമാനങ്ങള്‍ക്കോ ഉള്ള തൊഴിലായിരുന്നില്ലാ എന്നും, മുന്‍ഗാമികളില്‍ നിന്ന് കൈമാറി വന്ന ജ്ഞാനം തനിമ ചോരാതെ പഠിതാക്കള്‍ക്ക് കൃത്യമായി പകര്‍ന്നു കൊടുക്കലായിരുന്നു അവര്‍ ആദ്യന്തം പരിഗണിച്ചിരുന്നത് എന്നും, തങ്ങള്‍ അധ്യാപകര്‍ അല്ലാഹുവില്‍ നിന്നുള്ള ജ്ഞാനത്തെ പ്രചരിപ്പിക്കാന്‍ ഏറെ കടപ്പെട്ടവരാണെന്നുമുള്ള ബോധം ഓരോ പണ്ഡിതനുമുണ്ടായിരുന്നുവെന്നും തിമ്പുക്തുവിലെ ജ്ഞാന വിനിമയ രീതികളെ പരാമര്‍ശിക്കുന്നിടത്ത് ചരിത്രകാരനായ ലൂയിസ് ബ്രയര്‍ നിരീക്ഷിക്കുന്നുണ്ട്.

വിദ്യാര്‍ഥികളുടെ ധൈഷണികവും ധാര്‍മികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ സമ്പ്രദായം വീടുകള്‍ക്കകത്ത് ഖുര്‍ആന്‍ വായന, എഴുത്ത് എന്നിവയാല്‍ മാത്രം പരിമിതപ്പെടുമായിരുന്നിടത്തു നിന്നും കര്‍മശാസ്ത്രം, ഹദീസ്, പ്രവാചക ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലിറങ്ങി പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു. അല്‍ മജ്‌രിയിലെ പഠിതാക്കള്‍ ദൈനംദിന ജീവിതത്തെ കുറ്റമറ്റതാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഭോജന ശീലങ്ങള്‍, മുതിര്‍ന്നവരോടും ബന്ധുജന മിത്രാദികളോടുമുള്ള കടമകള്‍, നല്ല വസ്ത്രധാരണം, അഭിവാദന ശൈലികള്‍ എന്നിവയിലെല്ലാം മുന്നിട്ടുനിന്നു. കളവ്, ചതി, മദ്യപാനം, പരദൂഷണം, ലഹരി ഉപയോഗം, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയ അധാര്‍മിക വൃത്തികളില്‍ നിന്ന് പൂര്‍ണമായും അകന്നു നില്‍ക്കുകയും ചെയ്തു.

മലേഷ്യന്‍ രീതികള്‍
മലേഷ്യയിലെ മതപഠനം പ്രധാനമായും രണ്ട് രീതികളെയാണ് ആശ്രയിക്കുന്നത്. അതിലൊന്ന് നമ്മുടെ നാടുകളിലും പ്രവാസ ലോകത്തും ഒരു പോലെ കാണുവാന്‍ കഴിയുന്ന ഡേ- സ്‌കോളര്‍ സംവിധാനമാണ്. കുറഞ്ഞ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ഒരു നിശ്ചിത സമയത്ത് ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ വീട്ടില്‍ പോയി ഉസ്താദ് ക്ലാസ് എടുത്തുകൊടുക്കുന്നു. രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ക്ലാസുകള്‍ ഒരു നിശ്ചിത വിഷയത്തില്‍ കുട്ടികളെ മികവുറ്റതാക്കുന്നുണ്ട്.

എന്നാല്‍ വ്യത്യസ്തമാണ് രണ്ടാമത്തെ രീതി. വിദ്യാര്‍ഥികള്‍ക്ക് ഒത്തുചേരാന്‍ കഴിയുന്ന വിധത്തില്‍ ജനവാസ മേഖലകൡ അവിടുത്തെ സ്ഥല- സാഹചര്യ സൗകര്യത്തിനനുസരിച്ച് വീടോ വില്ലയോ ഫഌറ്റോ അപ്പാര്‍ട്ടുമെന്റോ വാടകക്കെടുക്കും. ഹോസ്റ്റല്‍ സംവിധാനമായതിനാല്‍ അഡ്വാന്‍സ് ഫീസിന് പുറമെ ഒരു നിശ്ചിത ഫീസ് കൂടി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുലോം വിരളമാണ്. പക്ഷേ, ഇതിന്റെ പ്രധാന പ്രശ്‌നം കുട്ടികള്‍ക്ക് സ്ഥാപനത്തോട് പ്രതിബദ്ധത കുറയുന്നു എന്നതാണ്. അതുകൊണ്ടായിരിക്കാം കേരളീയ ചുറ്റുപാടില്‍ ഈ രീതി ഉലമാക്കള്‍ അവതരിപ്പിക്കാത്തത്.

മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ദിറാസി സിലബസ് പ്രധാനമായും അറബി ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനും പ്രാപ്തമാക്കാനാണ് ഊന്നല്‍ നല്‍കുന്നതെങ്കില്‍ സുലൂക്ക് സിലബസ് ദൈനംദിന ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. വിര്‍ദുകള്‍, അദ്കാറുകള്‍, മറ്റു ആരാധനാ കര്‍മങ്ങള്‍ എന്നിവയൊക്കെയാണ് സുലൂക്കി സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വിധ സൗജന്യവും അനുവദിക്കാതെ സ്വന്തം കാശ് മുടക്കി പഠിക്കുന്നത് കൊണ്ടു തന്നെ ഓരോ വിഷയത്തിലും കുട്ടികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന അനുഭവമാണ് മലേഷ്യയിലെ ഹോസ്റ്റല്‍ ദര്‍സി സംവിധാനത്തില്‍ കാണുവാന്‍ കഴിയുന്നത്.
(അവസാനിച്ചിട്ടില്ല)
.