Connect with us

Cover Story

കൊറഗയും ജാബെയും

Published

|

Last Updated

കെല്ല്പ്പ്ട്ട്, കാരക്കുണ്ട്, കൊല്ലിത്താള്, കൊമ്മേരി.. മൊട്ടമ്പ്, പുലിക്കുന്തം, വിളഞ്ഞിക്കോല്‍.. വീശുകല്ല്, തെരിക, കുട്ട, ഉലുമ, മാലിച്ചൂല്, മുറം, ഉറി… ദവില്‍, തുടി, കിടിമുട്ടി, മത്തങ്ങ തമ്പുരു, ബുരുട.. ഇപ്പറഞ്ഞവയില്‍ ചിലതൊക്കെ നിങ്ങള്‍ക്ക് പിടികിട്ടിക്കാണും. ആയുധവും വീട്ടുപകരണങ്ങളും വാദ്യോപകരണങ്ങളുമുണ്ടെന്നത് മനസ്സിലാക്കാം.. പക്ഷേ, ഇവയില്‍ രസമുകുളങ്ങള്‍ക്ക് ഏറെ രുചിപകരുന്ന ഭക്ഷണ വിഭവങ്ങളും വിചിത്ര ആയുധങ്ങളുമൊക്കെയുണ്ട്. ആദ്യ നാലെണ്ണം ഭക്ഷണ വിഭവങ്ങളാണ്. പിന്നെയുള്ളത് ആയുധങ്ങളും. ശേഷമുള്ളതാണ് വീട്ടുപകരണങ്ങളും സംഗീതോപകരണങ്ങളും.. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഉപയോഗിച്ചിരുന്ന ഏതോ മ്യൂസിയത്തിന്റെ പൊടി നിറഞ്ഞ ചില്ലുഷെല്‍ഫില്‍ അന്ത്യവിശ്രമം കൊള്ളുന്നവയാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. പരിഷ്‌കൃത നാടിന്റെ എല്ലാ കൃത്രിമത്വങ്ങളില്‍ നിന്നും ഏറെ അകന്ന് തങ്ങളുടെ പ്രകൃതവും പൈതൃക സ്വത്തുമെല്ലാം സംരക്ഷിച്ച് കാട്ടകങ്ങളില്‍ ജീവിതം നയിക്കുന്ന ആദിവാസി ഗോത്രവര്‍ഗക്കാര്‍ ഇന്നും ഭക്ഷിക്കുന്ന/ ഉപയോഗിക്കുന്ന/ പ്രയോഗിക്കുന്ന ഉപകരണങ്ങളും വിഭവങ്ങളുമാണിത്…

അവരെ അടുത്തറിയാന്‍
സഹായിച്ച ചൂതുമണി
കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങിവരാന്‍ പൊതുവെ വിമുഖത പ്രകടിപ്പിക്കുന്ന പത്തോളം ഗോത്ര സമുദായങ്ങളില്‍ പെട്ടവരെ അടുത്തറിയാന്‍ കേരളത്തിന്റെ വടക്കേയറ്റത്ത് ഒരു വേദിയൊരുക്കിയിരുന്നു കഴിഞ്ഞ മാസം. കാസര്‍കോട് പിലിക്കോട് പഞ്ചായത്ത് മൈതാനത്ത്, സംസ്ഥാന പട്ടികജാതി – വര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഗദ്ദിക കലാമേളയായിരുന്നു ആ വേദി. ഗോത്ര വര്‍ഗ സംസ്‌കാരം, കല, സാംസ്‌കാരിക പൈതൃകം, ചരിത്രം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയൊക്കെ അടുത്തറിയാന്‍ ഏറെ സഹായിച്ചു ഗദ്ദികയിലെ ഓരോ സ്റ്റാളും.

കിര്‍ത്താഡ്‌സ് ചൂതുമണി എന്ന പേരില്‍ ഒരുക്കിയ ഗോത്രവര്‍ഗ സംസ്‌കൃതി പവലിയനിലേക്ക് സായന്തനങ്ങളില്‍ ഒഴുകിയെത്തിയത് നൂറുകണക്കിനാളുകളാണ്. ഗോത്രവര്‍ഗക്കാരുടെ തനതുരുചികള്‍ സംരക്ഷിക്കുന്നതിനും മുഖ്യധാരാ സമൂഹത്തിന് അനുഭവവേദ്യമാക്കുന്നതിനുമാണ് ഭക്ഷ്യമേള ഒരുക്കിയത്. കാടിന്റെ വിവിധതരം ഭക്ഷ്യയറിവുകള്‍ തത്സമയ പാചകത്തിലൂടെ കാണികള്‍ക്ക് രുചിക്കാനുള്ള അവസരവുമുണ്ടായിരുന്നു. വയനാട്ടിലെ മുള്ളുകുറുമ്മരുടെ പാചക രീതികളും കരവിരുതും പണിയന്‍ സമുദായത്തിന്റെ രുചിപ്പെരുമയും വേട്ടകുറുമ്മരുടെ നിര്‍മാണ കുശലതയും ചോലനായ്ക്കരുടെ കാട്ടറിവുകളുടെ നേര്‍ക്കാഴ്ചയും കാട്ടുനായ്ക്കന്‍ സമുദായത്തിന്റെ രുചിക്കൂട്ടുകളും മാവില സമുദായത്തിന്റെ കാട്ടറിവുകളുമൊക്കെ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു.

ഓരോ ദിവസം ഓരോ സമുദായത്തെയും അവരുടെ ജീവിത രീതികളെയുമാണ് പരിചയപ്പെടുത്തിയത്. വംശീയ ഭക്ഷണത്തിന്റെ സ്റ്റാളുകള്‍ രുചിയുടെ മറ്റൊരു ലോകം അനാവരണം ചെയ്തു. കാട്ടില്‍ നിന്ന് ശേഖരിക്കുന്ന പഴങ്ങള്‍, കിഴങ്ങുകള്‍, ഇലകള്‍, പൂവുകള്‍, കൂണുകള്‍, കായ്കള്‍, ധാന്യങ്ങള്‍ എന്നിവ കൊണ്ടുണ്ടാക്കിയ ഭക്ഷണ പദാര്‍ഥങ്ങളാണ് വംശീയ ഭക്ഷണ സ്റ്റാളില്‍ ഇടം പിടിച്ചത്. മുള്ളുക്കുറുമ്മരുടെ കെല്ല്പ്പ്ട്ട്, കാരക്കുണ്ട് അപ്പം, കൊല്ലിത്താള്, കൊമ്മേരി തുടങ്ങിയ വിഭവങ്ങള്‍ തത്സമയ പാചകത്തിലൂടെ സദസ്സിന് പരിചയപ്പെടുത്തി. വംശീയമായ പല രുചിക്കൂട്ടുകളും പാചക വിധികളും അന്യം നില്‍ക്കുന്ന വര്‍ത്തമാന സാഹചര്യത്തിലാണ് ഇത്തരം ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കാന്‍ കിര്‍ത്താഡ്‌സ് വലിയതോതില്‍ ഇടപെടലുകള്‍ നടത്തുന്നത്.

ഓടും മൃഗത്തെ
ബോധം കെടുത്തും മൊട്ടമ്പ്
ഗോത്ര വിഭാഗത്തിന്റെ പരമ്പരാഗത നായാട്ടുപകരണങ്ങളുടെയും വീട്ടുപകരണങ്ങളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനം, വംശീയ ഭക്ഷ്യമേള, വംശീയ ചികിത്സാരീതി എന്നിവ ഗോത്രസംസ്‌കൃതിയുടെ പ്രൗഢിയും മഹിമയും വിളിച്ചോതുന്നതായി. ജന്തുക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയെ വേട്ടയാടി പിടിക്കുന്നതിന് ഉപയോഗിക്കുന്ന പലവിധ ഉപകരണങ്ങളുടെ പ്രദര്‍ശനം അറിവിന്റെ പുതിയ ലോകം തുറന്നിട്ടു. ഓടുന്ന മൃഗത്തെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മൊട്ടമ്പ്, പുലിയെ വലയിലാക്കിയ ശേഷം കുത്തിക്കൊല്ലാന്‍ ഉപയോഗിക്കുന്ന പുലിക്കുന്തം, വിവിധ തരം അമ്പുകള്‍, വില്ലുകള്‍, ആവനാഴികള്‍, കുന്തങ്ങള്‍, കെണികള്‍, പക്ഷിവലകള്‍, മീന്‍പ്പിടിത്ത ഉപകരണങ്ങള്‍, വിവിധ തരം വലകള്‍, മീന്‍കൂട്, പക്ഷികളെ പിടിക്കുന്നതിനുള്ള വിളഞ്ഞിക്കോല്‍ തുടങ്ങി വിവിധ സമുദായങ്ങളുടെ വേട്ടയുപകരണങ്ങളും പുതിയ തലമുറക്ക് അടുത്തറിയാന്‍ കഴിഞ്ഞു. പഴയകാല ആഭരണങ്ങളായ താലി, പതക്കം, കമ്മലുകള്‍, മാലകള്‍, അരഞ്ഞാണങ്ങള്‍, കാല്‍ത്തളകള്‍, ഓല, കൈത്തണ്ട എന്നിവയുടെ ശേഖരവുമുണ്ടായിരുന്നു. വിവിധ തരം മുളയുല്‍പ്പന്നങ്ങള്‍, മുളയരി, റാഗി, മറ്റു കാട്ടുവിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും പ്രേക്ഷകരില്‍ വ്യത്യസ്ത അനുഭവമാണുണ്ടാക്കിയത്.

വിവിധ തരം ത്വക് രോഗങ്ങള്‍ക്ക് അത്യുത്തമമായ ആവിക്കുളിയാണ് ഗദ്ദിക പ്രദര്‍ശന നഗരിയില്‍ നടന്ന വംശീയ ചികിത്സാ രീതിയെ ശ്രദ്ധേയമാക്കിയത്. അറുപതിലേറെ പച്ചമരുന്നുകള്‍ കൊണ്ടുള്ളതാണ് ഈ ആവിക്കുളി. പ്രത്യേകം തയ്യാറാക്കിയ അറയിലിരിക്കുന്ന രോഗി ഔഷധക്കൂട്ട് ശ്വസിക്കുകയും ഇതിലൂടെ രോഗ ശമനം ഉണ്ടാവുകയും ചെയ്യുന്നു. ആധുനിക ചികിത്സാ രീതികള്‍ ലഭിക്കാന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഇന്നും കിലോമീറ്ററുകള്‍ താണ്ടേണ്ട ദുരവസ്ഥ നിലനില്‍ക്കുമ്പോഴാണ് ആവിക്കുളിക്ക് പ്രസക്തിയും പ്രാധാന്യവും കൈവരുന്നത്.

ഉത്പന്ന പ്രദര്‍ശന വിപണന മേളയോടൊപ്പം എല്ലാ ദിവസവും വൈകിട്ട് നടന്ന ഗോത്രവര്‍ഗ കലകളുടെ അവതരണം പ്രേക്ഷകരെ കലാനഗരിയിലേക്ക് മാടി വിളിച്ചു. എല്ലാ ദിവസങ്ങളിലും നടന്ന സാംസ്‌കാരിക സായാഹ്നത്തില്‍ നാടന്‍കലാ സംബന്ധിയായ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തി. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഗോത്രവര്‍ഗക്കാരുടെ ജീവിത രീതികളെയും കാര്‍ഷികോപകരണങ്ങളെയും കുറിച്ച് അടുത്തറിയാന്‍ കഴിഞ്ഞു.

കോള്‍ ആട്ടെ, തോട്ടി ആട്ടെ, പാണപൊറാട്ട്
വയനാട് പി കെ കാളന്‍ ഗോത്ര കലാസമിതി അവതരിപ്പിച്ച ഗദ്ദികയോടെയാണ് ആദ്യ ദിവസത്തെ കലാപരിപാടികള്‍ക്ക് തിരശ്ശീല ഉയര്‍ന്നത്. തുടര്‍ന്ന് ഇടുക്കി വെള്ളയന്‍ കാണി പരമ്പരാഗത നൃത്ത സംഘത്തിന്റെ പളിയനൃത്തം, കൊല്ലം രാജമ്മ അയ്യപ്പനും സംഘവും അവതരിപ്പിച്ച പൂപ്പട തുള്ളല്‍, വയനാട് തുടിതാളം ഗോത്രകലാ സംഘത്തിന്റെ നാടന്‍ പാട്ടുകള്‍ എന്നിവയും രംഗത്തവതരിപ്പിച്ചു. ഇടുക്കി ഹില്‍പുലയ കലാസമിതി ഒരുക്കിയ ആട്ടവും കാസര്‍കോട് സജീവന്‍ അവതരിപ്പിച്ച കൊറഗ നൃത്തവും കാസര്‍കോട് പെരുന്തുടി നാടന്‍ കലാസംഘത്തിന്റെ മാവിലരുടെ വംശീയ പാട്ടുകളും രണ്ടാം ദിവസം പ്രേക്ഷകരുടെ മനംകവര്‍ന്നു. ചെങ്ങന്നൂര്‍ പന്മല അരവിന്ദാക്ഷനും സംഘവും അവതരിപ്പിച്ച സര്‍പ്പക്കളമെഴുത്ത്, പുള്ളുവന്‍പാട്ട്, അറങ്ങോട്ടുകര കെ പി വേലായുധന്‍ അവതരിപ്പിച്ച കേത്രാട്ടം, മഞ്ചേശ്വരം ബാബുകുടിയ സംഘം അവതരിപ്പിച്ച മലകുടിയ നൃത്തം, കോഴിക്കോട് പ്രദീപ്കുമാറും സംഘവും ഒരുക്കിയ പന്തിലാട്ടം ചൂട്ട്കളി, ഇടുക്കി പണിയൂരാളിയില്‍ ഗംഗാധരന്റെ ഊരാളിക്കൂത്ത്, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ മുടിയേറ്റ്, പാലക്കാട് അര്‍ജുനന്‍ അവതരിപ്പിച്ച ഇരവാലനൃത്തം, വയനാട് നാടന്‍കലാസംഘത്തിന്റെ കോള്‍ ആട്ടെ, തോട്ടി ആട്ടെ, വര്‍ക്കല നാട്യവേദിയുടെ കാക്കരിശ്ശി നാടകം, കണ്ണൂര്‍ കെ കുമാരനും സംഘവും അവതരിപ്പിച്ച ചിമ്മാനക്കളി, പാലക്കാട് ഹരിജന്‍ കലാസംഘത്തിന്റെ പറപൂതന്‍, കാസര്‍കോട് ഗോത്രകലാ അക്കാദമിയുടെ മംഗലംകളി, തൃശൂര്‍ അയ്യപ്പന്‍ നാടന്‍കലാസമിതിയുടെ മുടിയാട്ടവും വേലകളിയും, ചേളന്നൂര്‍ ഗോത്രകലാഗ്രാമത്തിന്റെ പന്തക്കളി എന്നിവയും വിവിധ ദിവസങ്ങളിലായി അരങ്ങേറി. പാണപൊറാട്ട്, പുറമാടിയാട്ടം, പാക്കനാര്‍ കോലം, ഇരുളനൃത്തം, പുള്ളുവന്‍പാട്ട്, ജാബെ എന്നിവയും രംഗത്തവതരിപ്പിച്ചു.

പ്രകൃതിയോട് ഇണങ്ങിയ ചുവടിന്റെയും താളത്തിന്റെയും സൗന്ദര്യം ഗോത്രവര്‍ഗ കലകളില്‍ അന്തര്‍ലീനമായിട്ടുണ്ട്. അതിനായി അവര്‍ ഉപയോഗിക്കുന്ന ഉടയാടകളും വാദ്യോപകരണങ്ങളും പ്രകൃതിയില്‍ നിന്നുള്ളവയും അതിനോട് ചേര്‍ന്നവയുമാണ്. ഇവരുടെ വാദ്യോപകരണങ്ങളായ മുളം ചെണ്ട, കിന്നീരം, വിവിധയിനം ഓടക്കുഴലുകള്‍ എന്നിവ മുള, ഈറ്റ എന്നിവകൊണ്ടു നിര്‍മിച്ചവയാണ്. കാട്ടുമൃഗങ്ങളുടെ തൊലി കൊണ്ട് ഉണ്ടാക്കിയവയാണ് ദവില്‍, തുടി, കിടിമുട്ടി എന്നിവ. മത്തങ്ങ തമ്പുരു, ബുരുട എന്നിവ ഫലങ്ങളില്‍ നിന്നുണ്ടാക്കിയവയാണ്. ഇത്തരത്തിലുള്ള നിരവധി വംശീയോപകരണങ്ങളുടെ പ്രദര്‍ശനവും ഗോത്രവര്‍ഗ സംസ്‌കാരത്തിന്റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലുകളായി.

മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തില്‍ നിന്ന് പിറവിയെടുത്തവയാണ് നമ്മുടെ നാടന്‍ കലകളത്രയും. കറ്റപ്പാട്ട്, നാട്ടിപ്പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങിയ കാര്‍ഷിക ഗാനങ്ങളും ചിമ്മാനക്കളി, പടയണി ഉള്‍പ്പെടെയുള്ള നാടന്‍കലാ രൂപങ്ങളും നമ്മുടെ നാട്ടുവഴക്കവും കാര്‍ഷിക സംസ്‌കാരവും തമ്മിലുള്ള ബന്ധത്തിന്റെ ഉദാത്തമായ മാതൃകകളാണ്. ഗോത്രവര്‍ഗ കലകളും അവരുടെ ആചാരാനുഷ്ഠാനങ്ങളും സംസ്‌കൃതിയും അതിന്റെ പ്രൗഢി ചോര്‍ന്നുപോകാതെ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത വിളംബരം ചെയ്യുന്നതായിരുന്നു ഒമ്പത് നാള്‍ നീണ്ടുനിന്ന ഗദ്ദിക കലാമേള.
.

Latest