അന്തര്‍ ജില്ലാ മോഷ്ടാവ് ആസിഡ് ബിജു കോഴിക്കോട് പിടിയിലായി

Posted on: January 5, 2019 7:59 pm | Last updated: January 5, 2019 at 10:18 pm

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം പരമ്പരകള്‍ നടത്തി നാട്ടുകാരെ ഭിതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്ന പേരിലറിയപ്പെടുന്ന മണ്‍കുഴികുന്നേല്‍ ബിജു(44)വാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഓമശ്ശേരി ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കൊടുവള്ളി സിഐ പി ചന്ദ്രമോഹനും എസ്‌ഐ പ്രജീഷുമാണ് പ്രതിയെ പിടികൂടിയത്.

ഡിസംബര്‍ 11ന് രാത്രി ഓമശ്ശേരി അമ്പലക്കണ്ടിയിലെ ഒരു വീട്ടില്‍നിന്നും സ്ത്രീയുടെ കഴുത്തില്‍നിന്നും ആറ് പവനോളം തൂക്കം വരുന്ന രണ്ട് മാലകള്‍ മോഷ്ടിച്ചുകൊണ്ടാണ് പ്രതി മോഷണ പരമ്പരക്ക് ജില്ലയില്‍ തുടക്കമിടുന്നത്. പിന്നീട് നിരവധി വീടുകളില്‍ മോഷണം നടത്തി സ്വര്‍ണവും പണവും കവര്‍ന്നു. ഒരു ദിവസം നാല് വീടുകളില്‍വരെ മോഷണം നടത്തിയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് മോഷണത്തിനെത്തുന്ന പ്രതിയെക്കണ്ട് സ്ത്രീകളും കുട്ടികളുമടക്കം ദിവസങ്ങളോളം ഭീതിയിലാഴ്ന്നിരുന്നു. പ്രതി താമസിച്ചിരുന്ന ചാത്തമംഗലം വേങ്ങേരി മഠത്തുള്ള വാടകമുറിയില്‍നിന്നും മോഷണം നടത്തിയ പത്ത് പവനോളം പോലീസ് കണ്ടെടുത്തു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നൂറിലേറ് മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എട്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സ്വര്‍ണം വിറ്റ് കിട്ടുന്ന പണം ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നത്.