മിഠായിത്തെരുവില്‍ അഴിഞ്ഞാടിയ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Posted on: January 5, 2019 10:54 am | Last updated: January 5, 2019 at 2:58 pm

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മിഠായിത്തെരുവിലുണ്ടായ അക്രമണത്തിനിടെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായി എന്നതിന്റെ കണക്കുകള്‍ പോലീസ് ശേഖരിച്ച് വരികയാണ്. അറസ്റ്റിലായവരുടെ സ്വത്തുവകകളില്‍ നിന്ന് ഈ നഷ്ടം ഈടാക്കുന്നതിനാണ് നീക്കം.
പലര്‍ക്കുമെതിരെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാന്‍ നഷ്ടപരിഹാരം കെട്ടിവെക്കണം. പ്രതികളായവരുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 67 കേസുകളാണ്. കോഴിക്കോട് നഗരത്തിലും റൂറല്‍ പോലീസ് പരിധിയിലുമായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നഗരത്തില്‍ 39 കേസും റൂറലില്‍ 28 കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 85 പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റിയില്‍ മാത്രം 34 പേരെ അറസ്റ്റ് ചെയ്തു. റൂറല്‍ പോലീസ് പരിധിയില്‍ 51 പേരെയും അറസ്റ്റ് ചെയ്തു. ഈ കേസുകളിലായി 29 പേര്‍ റിമാന്‍ഡിലാണ്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

മിഠായി തെരുവില്‍ തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം. അക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പത്ത് ലക്ഷത്തോളം നഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ സിറാജിനോട് പറഞ്ഞു.