പ്രവാസി ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ചത് 8,000 കോടി ഡോളര്‍

Posted on: January 4, 2019 4:49 pm | Last updated: January 4, 2019 at 4:49 pm

ദുബൈ: ഇന്ത്യയിലേക്ക് പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം അയച്ചത് 8,000 കോടിയോളം ഡോളറെന്ന് ലോക ബേങ്ക് റിപ്പോര്‍ട്ട്.
6,700 കോടി ഡോളറുമായി ചൈനയാണ് തൊട്ടുപിന്നില്‍. മെക്സികോയും ഫിലിപ്പീന്‍സും (3,400 കോടി ഡോളര്‍ വീതം) ആണ് മൂന്നാം സ്ഥാനത്ത്. 2,600 കോടി ഡോളറുമായി ഈജിപ്ത് നാലാം സ്ഥാനത്തും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയിലേക്ക് പ്രവാസി പണമൊഴുക്ക് കൂടുന്നുണ്ട്. 2016ല്‍ 6,270 കോടി ഡോളറായിരുന്നത് 2017-ല്‍ 6,530 കോടി ഡോളറായി. 2017-ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന (ജി ഡി പി)ത്തില്‍ 2.7 ശതമാനമാണ് പ്രവാസികളുടെ സംഭാവന.
ചില മേഖലകളില്‍ പ്രവാസി പണമൊഴുക്കില്‍ അടുത്ത വര്‍ഷം കാര്യമായ വളര്‍ച്ചയുണ്ടാവില്ലെന്ന് ലോക ബേങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വന്‍ സാമ്പത്തിക ശക്തികളുടെ വളര്‍ച്ചയില്‍ കുറവുണ്ടാകുകയും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും എണ്ണവിലയിലെ മുന്നേറ്റത്തിന് ശമനമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.

സമ്പദ്ഘടനയിലെ ഉണര്‍വും എണ്ണവില വര്‍ധനയും മൂലം 2018ന്റെ ആദ്യപാദത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് യു എ ഇയില്‍ നിന്നുള്ള പ്രവാസി പണമൊഴുക്കില്‍ 13 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍, ആഗോള വളര്‍ച്ച കുറയുമെന്ന അനുമാനമുള്ളതിനാല്‍ കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിലേക്ക് എത്തുന്ന പ്രവാസിപ്പണത്തില്‍ അടുത്ത വര്‍ഷം നാലു ശതമാനം മാത്രമേ വളര്‍ച്ച പ്രതീക്ഷിക്കുന്നുള്ളൂ. ആഗോള റെമിറ്റന്‍സ് 2019ല്‍ 3.7 ശതമാനം വളര്‍ന്ന് 71,500 കോടി ഡോളറിലെത്തും. പ്രവാസികള്‍ ഏറ്റവുമധികം പണം അയച്ചുകൊടുത്ത രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 5.71 ലക്ഷം കോടി രൂപയാണെന്ന് ( 80 ബില്യണ്‍ ഡോളര്‍) ലോകബേങ്ക് അറിയിച്ചു.

ചൈന, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കുപിന്നിലുള്ളത്. 2016ല്‍ 4.48 ലക്ഷം കോടി രൂപയും 2017ല്‍ 4.67 ലക്ഷം കോടിയുമാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. 2017ല്‍ ഇന്ത്യയുടെ ജി ഡി പിയുടെ 2.7 ശതമാനവും പ്രവാസികളുടെ സംഭാവനയായിരുന്നു.